വലിയ ചുവന്നപൊട്ട്, തടിച്ച ശരീരം, നിറഞ്ഞ ചിരി ഇവയെല്ലാം ചേർന്ന കവിയൂർ പൊന്നമ്മയുടെ ചിത്രങ്ങളാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ജീവിതത്തിൽ നിന്ന് ഒരു പാതിയും അവസാനകാല സിനിമകളിൽ നിന്ന് മറുപാതിയും ചേർത്തൊട്ടിച്ചതാണ് ഈ ചിത്രം. തടിച്ച ശരീരവും നിറഞ്ഞചിരിയും ആർദ്രവും ആജ്ഞാശക്തിയുള്ളതുമായ ഭാവങ്ങളും തൊണ്ണൂറുകൾക്കു ശേഷമുള്ള സിനിമകളിൽ വ്യാപകമെങ്കിലും വലിയ ചുവന്ന പൊട്ട് അവയിലെങ്ങും കാണാനാവില്ല. എം.എസ്.സുബ്ബലക്ഷ്മിയെ പോലെ ഒരു ഗായികയാവണമെന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ ആഗ്രഹം. സുബ്ബലക്ഷ്മിയോടുള്ള ആരാധനയിൽ നിന്ന് ലഭിച്ചതാണ് ആ പൊട്ട്.ആദ്യകാല സിനിമകളിലും ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് ചുവന്ന പൊട്ട് സാദ്ധ്യമായത്. അപ്പോഴേക്കും അവർ സഹനടിയായും അമ്മയായും പരിവർത്തനം ചെയ്യപ്പെട്ടിരുന്നു.
താരങ്ങളുടെ സമൂഹജീവിതം സിനിമ നിർമ്മിച്ചുനൽകിയ യാഥാർത്ഥ്യങ്ങളിലാണ് നിലകൊള്ളുന്നത്. സിനിമയിൽ മറ്റുവേഷങ്ങളേക്കാൾ അമ്മവേഷങ്ങൾ അവതരിപ്പിച്ച കവിയൂർ പൊന്നമ്മ സിനിമക്കു പുറത്തും ‘മാതൃബിംബ’മായി മാറി. വഴക്കാളികളും ഏഷണിക്കാരും ‘അസംസ്കൃത’ഭാഷയിൽ സംസാരിക്കുന്നവരുമായ അമ്മമാരിൽ നിന്നു വ്യത്യസ്തമായി കവിയൂർ പൊന്നമ്മ തന്റെ അവസാനകാല വേഷങ്ങളിലൂടെ നന്മയും വാൽസല്യവും അനുഗ്രഹശക്തിയുമുള്ള ‘മാതൃകാമാതാവി’ന്റെ പ്രതീകമായി. വാൽസല്യാതിരേകത്തോടൊപ്പം ആജ്ഞാശക്തിയുള്ളതുമായിരുന്നു അവയിൽ പല കഥാപാത്രങ്ങളും. അതിന് ലഭിച്ച സ്വീകാര്യത ‘മിച്ചമൂല്യ’മായി മുഖ്യധാരാസിനിമ ആവർത്തിച്ചുപയോഗിക്കുകയും ചെയ്തു.കവിയൂർ പൊന്നമ്മക്കു സമാന്തരമായി അമ്മ വേഷങ്ങളിൽ തിളങ്ങിയ മറ്റു ‘പൊന്നമ്മ’മാരുടെ (ആറന്മുള്ള പൊന്നമ്മ, മാവേലിക്കര പൊന്നമ്മ, സുകുമാരി, ഫിലോമിന, അടൂർ പങ്കജം, അടൂർ ഭവാനി, മീന, കെ.പി.എ.സി. ലളിത തുടങ്ങിയവർ) കഥാപാത്രങ്ങൾ ഇതിന്റെ മറുപുറവും എന്നാൽ പൊതുമാതൃകകളൊന്നും സൃഷ്ടിക്കാത്തവയുമായിരുന്നു.
