ജാസ് വെറുമൊരു  സ്രാവുപടമല്ല

Cinema

ജാസ് വെറുമൊരു സ്രാവുപടമല്ല


സ്‌പെയ്‌നിലെ സുന്ദരിമാരേ, നിങ്ങൾക്ക് വിട. വ്യദ്ധയായ ഇംഗ്‌ളണ്ട് ഞങ്ങളെ വിളിക്കുന്നു. പക്ഷേ, കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ വീണ്ടും കാണാമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ (Farewell and adieu to you, Spanish ladies For we have received orders For to sail to old England, But we hope in a short time to see you again)

ജാസ് എന്ന ഹോളിവുഡ് സിനിമയിലെ ക്വിന്റ് എന്ന കഥാപാത്രം ഒന്നിലേറെത്തവണ ഒന്നോരണ്ടോ വരി മാത്രം ആവർത്തിക്കുന്നതിലൂടെ പ്രശസ്തമാക്കിയ ഒരു കടൽപ്പാട്ടാണിത്. സീ ഷാന്റി എന്ന പേരിൽ പിൽക്കാലത്ത് ഒട്ടുവളരെ പാട്ടുകൾ ശേഖരിക്കപ്പെടുന്നതിനും അറിയപ്പെടുന്നതിനും നിമിത്തമായതാണ് ക്വിന്റിന്റെ പാട്ട്. സിനിമയിലെ ക്വിന്റ് നാവികസേനയിൽനിന്നും വിരമിച്ച ഒരു സാധാരണ പട്ടാളക്കാരനാണ്. പട്ടാളക്കാർ പക്ഷേ, സീ ഷാന്റികൾ പാടാറില്ല എന്നൊരു വൈരുദ്ധ്യം നിലനിൽക്കുന്നുണ്ടെങ്കിലും ക്വിന്റിന്റെ പാട്ട് അങ്ങനെയായിരുന്നില്ല. അത് ചരിത്രത്തിലെ ഏറ്റവും പഴക്കംചെന്ന നേവൽ സോങ് തന്നെയാണ്. ഇതിന്റെ പഴക്കം ഒരുപക്ഷേ നമ്മളെ അതിശയിപ്പിക്കും, അതിനു പിന്നിലെ ചരിത്രവും. സ്പാനിഷ് ലേഡീസ് എന്ന പേരുള്ള ഇത് യഥാർത്ഥത്തിൽ ഒരു നേവൽ ബാലഡ് ആയിരുന്നു. പതിനേഴാം നൂറ്റാണ്ടു മുതൽക്കേ അത് നിലനിന്നിരുന്നു എന്നാണ് കരുതപ്പെടുന്നതെങ്കിലും അത് പാടിയതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് നെപ്പോളിയനുമായുള്ള ബ്രിട്ടന്റെ യുദ്ധത്തിൽ (1793-1796) പങ്കെടുത്ത എച്ച്എംഎസ് നെല്ലീ (HMS Nellie) എന്ന കപ്പലിന്റെ ലോഗ്ബുക്കിലാണ്.

നെപ്പോളിയന്റെ ഏറ്റവും കുപ്രസിദ്ധമായ യുദ്ധതന്ത്രങ്ങളിലൊന്നായിരുന്നു ഭക്ഷ്യവസ്തുക്കളും സാമ്പത്തികവിഭവങ്ങളും കൊള്ളചെയ്യുകയും അവ സൈന്യത്തിന്റെ വികസനത്തിനായി സംഭരിക്കുകയും ചെയ്യുക എന്നത്. തുടക്കത്തിൽ ഇതിലെ യുദ്ധതന്ത്രസാധ്യതയെക്കുറിച്ച് മനസിലാക്കാൻ ഇംഗ്‌ളീഷുകാർക്ക് കഴിഞ്ഞില്ലെങ്കിലും പതിയെപ്പതിയെ അവർ പരാജയം മണത്തു. അതുകൊണ്ട്, സ്‌പെയിനിനെ ഭക്ഷ്യവസ്തുക്കളുടേയും വ്യാപാരവസ്തുക്കളുടേയും ഒരു താൽക്കാലികനിലവറയായി വളർത്തിയെടുക്കാൻ നെപ്പോളിയനുമായുള്ള യുദ്ധകാലത്തിലുടനീളം അവർ ശ്രമിച്ചു. അതിന്റെ ഫലമായി ബ്രിട്ടന്റെ യുദ്ധക്കപ്പലുകളും അതിലെ നാവികരും പട്ടാളക്കാരും വർഷങ്ങളോളം സ്പാനിഷ് തുറമുഖങ്ങളിലെ നിത്യസാന്നിധ്യമോ അവിടത്തെ താമസക്കാരോ ആയി. എന്നാൽ, യുദ്ധസാഹചര്യം അവസാനിച്ചതോടെ അവരെല്ലാം ബ്രിട്ടണിലേക്ക് മടങ്ങിയെത്താൻ കൽപ്പനയായി. സ്വാഭാവികമായും അത് പ്രിയപ്പെട്ടവരും പരിചയപ്പെട്ടവരുമായ പലരുമായുള്ള വേർപിരിയലിനുമിടയാക്കി. ഇതാണ് സ്പാനിഷ് ലേഡീസ് എന്ന പേരിൽ പ്രശസ്തമായിത്തീർന്ന ഈ പാട്ട് അത്രമേൽ ഹ്യദയസ്പർശിയും അതുപോലെ ചരിത്രസ്പർശിയുമാവാൻ കാരണം.


Related Articles