അമ്പലത്തിലേക്ക് പ്രവേശനംകിട്ടുംമുൻപ് സിനിമയിലേക്കു പ്രവേശനം കിട്ടിയവരാണ് കേരളീയർ.1 1936 ലെ ക്ഷേത്രപ്രവേശനവിളംബരത്തോടെ തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനമെന്ന ആശയം പ്രാവർത്തികമാവാൻ തുടങ്ങിയെങ്കിലും മലബാറിൽ സ്വാതന്ത്ര്യാനന്തരമാണ് അത്തരമൊരു നിയമമുണ്ടാകുന്നത്. യഥാർത്ഥ ക്ഷേത്രപ്രവേശനാനുഭവത്തിന് പിന്നെയും കാലമെടുത്തു. എന്നാൽ അതിനൊക്കെമുൻപ് ടിക്കറ്റ് എടുത്താൽ ആർക്കും കയറാവുന്ന പൊതുഇടമായി നമ്മുടെ സിനിമാകൊട്ടകകൾ രൂപപ്പെട്ടിരുന്നു. പുറത്തുള്ള വൈരുദ്ധ്യങ്ങളിൽ പലതും അതിനകത്ത് പരിഹരിക്കപ്പെട്ടു. ബാക്കിയുള്ളവ തിരശ്ശീലയിലും പരിഹാരം കണ്ടു. എന്നാൽ ഇത് സിനിമ ഏകപക്ഷീയമായി കാണികൾക്കു മേൽ പ്രവർത്തിച്ചതല്ല. കാണികളുടെ ആശയമണ്ഡലവും മൂല്യങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളിൽനിന്നായിരുന്നു 'കൊട്ടകകളുടെ അകവും പുറവും രൂപീകരിക്കപ്പെട്ടത്.
നിർമ്മാല്യം (എം.ടി. വാസുദേവൻനായർ) എന്ന ചലച്ചിത്രത്തിനിപ്പോൾ 40 വയസ്സ് കഴിഞ്ഞു. ക്ഷേത്ര/ദൈവ നിഷേധത്തിന്റെ ആഖ്യാനമായാണ് നമ്മുടെ നവോത്ഥാനബോധം ആ സിനിമയെ ഇതുവരെ കണ്ടുപോന്നിട്ടുള്ളത്. നിർമ്മാല്യത്തെക്കുറിച്ചുള്ള വിലയിരുത്തലുകളിലേറെയും അതിന്റെ അന്ത്യരംഗത്തിൽനിന്നാണാരംഭിച്ചിട്ടുള്ളത്. ദേവീവിഗ്രഹത്തിലേക്കു വെളിച്ചപ്പാട് തുപ്പുന്ന രംഗം അത്യന്തം പ്രകോപനപരമെങ്കിലും സമൂഹം അപ്പോഴും ഉള്ളിൽ വഹിച്ചിരുന്ന നവോത്ഥാനാശയങ്ങളാലാണ് അക്കാലത്ത് ന്യായീകരിക്കപ്പെട്ടത്.'വെളിച്ചപ്പാടിന്റെ കുടുംബജീവിതത്തിലും ദേശജീവിതത്തിലുമുണ്ടാകുന്ന പരിണതി ഇത്തരമൊരവസ്ഥയ്ക്ക് സ്വാഭാവികത നൽകുന്നുമുണ്ട്. നവോത്ഥാനാശയങ്ങൾ വ്യക്തിയിലും സമൂഹത്തിലും പ്രായോഗികാനുഭവമായി പ്രവർത്തിച്ചതാണ് വെളിച്ചപ്പാടിന്റെ പരിണാമത്തിലെ സ്വാഭാവികതയായി, ദൈവത്തോടുള്ള മനോഭാവമായി അക്കാലത്ത് അനുഭവപ്പെട്ടത്. ദൈവികതയോടുള്ള പ്രത്യക്ഷ പ്രതികരണവുമായിരുന്നു അത്.
ഗുരുവായൂർ സത്യഗ്രഹം 1932 ൽ തീരുമാനങ്ങളൊന്നുമില്ലാതെ അവസാനിച്ചശേഷം സാമൂതിരി രാജാവിന്റെ നിർദ്ദേശാനുസരണം പൊന്നാനിതാലൂക്കിൽ നടത്തിയ റഫറണ്ടത്തിൽ 77 ശതമാനം ആളുകളും ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചുവെങ്കിലും മലബാറിലെ ക്ഷേത്രങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കുമായി തുറന്നു കൊടുക്കപ്പെടുന്നതിന് 1936 ലെ തിരുവിതാംകൂർ ക്ഷേത്ര പ്രവേശന വിളംബരവും കഴിഞ്ഞ് പിന്നെയും കാലമേറെ വേണ്ടിവന്നു. 1945 ൽ മദ്രാസ് ഹിന്ദുമത ബോർഡ് ഈ ക്ഷേത്രങ്ങൾ ഏറ്റെടുത്തതോടെ നിയമപരമായി പ്രവേശനം അനുവദിക്കപ്പെട്ടിരുന്നുവെങ്കിലും അവർണ്ണ ജനവിഭാഗങ്ങളൊന്നും അങ്ങോട്ട് 'തിരിഞ്ഞുനോക്കിയില്ല. സമരങ്ങളുടെ അനന്തരഫലവും ക്ഷേത്രപ്രവേശനമെന്ന ആശയവും ക്ഷേത്രവിശ്വാസികളായ സാമാന്യജനങ്ങളിലേക്ക് എത്തിച്ചേരാൻ നവോത്ഥാനവും പിന്നിട്ട് ദേശീയ സ്വാതന്ത്ര്യത്തിലേക്കു പിറന്നുവീണ ഒരു തലമുറയുടെ കാലംവരെയും കാത്തിരിക്കേണ്ടിവന്നു. നിർമ്മാല്യത്തിന്റെ ഷൂട്ടിങ് നടന്ന മൂക്കുതലയിലെ കണ്ണേങ്കാവ്, മേലേക്കാവ് ക്ഷേത്രങ്ങളിൽ ജാതിഭേദമില്ലാതെ പ്രവേശനം പ്രായോഗികമായി നടപ്പിലായത് 1975-നു ശേഷമുള്ള കാലത്താണ്. അതിനുള്ള കാരണങ്ങളിൽ വെളിച്ചപ്പാടിന്റെ നിസ്സഹായതയിൽ രൂപംകൊണ്ട ധിക്കാരവും ആത്മബലിയുമുണ്ട്. വെളിച്ചപ്പാട് കഥനിർത്തി മടങ്ങിയതിന്റെ തുടർച്ചയായി നാനാജനങ്ങളും അമ്പലത്തിൽ പ്രവേശിച്ചു.
