ഷൊണാലി ബോസ് സംവിധാനം ചെയ്ത അമു എന്ന സിനിമ 2005-ലാണ് പുറത്തുവന്നത്. അവരുടെ തന്നെ നോവലിനെ ആസ്പദമാക്കിയ ഈ സിനിമയ്ക്ക് മികച്ച ഇന്ത്യൻ ഇംഗ്ലിഷ് സിനിമയ്ക്കുള്ള ദേശീയ അവാർഡ് അടക്കം ധാരാളം പുരസ്കാരങ്ങൾ ലഭിച്ചു. ലോകവ്യാപകമായി പല മേളകളിലും പ്രദർശിപ്പിക്കുകയും ചെയ്തു. കൊങ്കണ സെൻ ശർമ മുഖ്യവേഷത്തിലഭിനയിക്കുന്ന അമുവിൽ നായികയുടെ അമ്മയായി അഭിനയിച്ചത് സിപിഐ എം നേതാവായ ബൃന്ദ കാരാട്ടാണ്. ഈ സിനിമയുടെ തുടക്കത്തിൽ, ദില്ലിയിലെ ഒരു വലിയ പുസ്തകക്കടയിൽ എത്തിയ ഒരു കഥാപാത്രം ചോദിക്കുന്നു: ‘‘1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് എന്തെങ്കിലും പുസ്തകമുണ്ടോ ഇവിടെ?” കടയിലെ ജോലിക്കാരന്റെ മറുപടി: “ഒന്നും ലഭ്യമല്ല.”
വെറും ഇരുപത് കൊല്ലംകൊണ്ട് എങ്ങനെയാണ് ആയിരക്കണക്കിന് സിഖുകാരെ നിഷ്ഠുരമായി വധിക്കുകയും നിരവധി സിക്ക് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും എണ്ണമറ്റ വീടുകളും സ്വത്തുക്കളും കത്തിച്ചും നശിപ്പിച്ചും ഇല്ലാതാക്കുകയും ചെയ്ത ഒരു വംശഹത്യയുടെ രേഖകൾ പൊതുബോധത്തിൽനിന്ന് ഇല്ലാതാക്കിയത് എന്നതിന്റെ സൂചനയാണ് ഈ സംഭാഷണങ്ങൾ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ ഈ വംശഹത്യയെക്കുറിച്ച് അവരുടെ മകനും പിന്നീട് പ്രധാനമന്ത്രിപദം ഏറ്റെടുത്ത നേതാവുമായ രാജീവ് ഗാന്ധി പറഞ്ഞത്, ഒരു വന്മരം വീഴുമ്പോൾ അതിനു താഴെ കുറെ നാശനഷ്ടങ്ങളൊക്കെ ഉണ്ടാവും എന്നായിരുന്നു.
അമു, സമാന്തര സിനിമയുടെ സ്വഭാവത്തിലുള്ള ഒരു സിനിമയായിരുന്നു. എങ്കിലും മൾപ്പിപ്ലെക്സുകൾ എല്ലാം ആരംഭിച്ച കാലമായതിനാൽ, നഗരങ്ങളിലെങ്കിലും അത്യാവശ്യം പ്രദർശനങ്ങൾ ലഭിച്ചു, ലോകമെമ്പാടുമുള്ള മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അതിനുന്നയിച്ച പ്രമേയവും അതിനാസ്പദമായ സംഭവവും കുറെയെങ്കിലും ആളുകളിലേക്കെത്തിക്കാൻ സിനിമയ്ക്കു സാധ്യമായി.
