ഫുട്‌ബോളാണ് ആദ്യമുണ്ടായത്, സിനിമ പിന്നീടാണ് വന്നത്. എന്നാൽ സിനിമയുണ്ടാകും മുൻപുള്ള ഫുട്‌ബോളല്ല, അതിനു ശേഷമുള്ളത്. ഫുട്‌ബോളിന്റെ ആധുനികഘടനയും സിനിമയുടെ വരവും തമ്മിൽ ഏറെ കാലവ്യത്യാസമില്ല. ആധുനിക ഫുട്‌ബോളുമായി താരതമ്യപ്പെടുത്തുമ്പോൾ മദ്ധ്യകാല ഫുട്‌ബോളിന് അച്ചടക്കമില്ലായ്മയുടെയും ക്രമരാഹിത്യത്തിന്റെയും ഒരു ചരിത്രമുണ്ട്. സിനിമയിലേക്കെത്തുമ്പോൾ മറ്റേതു കലാരൂപത്തെയും കായികവിനോദത്തെയും പോലെ സിനിമ അതിനെ മറ്റൊന്നായി മാറ്റുന്നു. സിനിമയിലൂടെ കടന്നുവരുന്ന ഫുട്‌ബോൾ അക്കാരണത്താൽതന്നെ സിനിമയിൽ കളിക്കുന്ന ഫുട്‌ബോളാണ്.
ഫുട്‌ബോൾ ഗൗരവമായ ഒരു ആഖ്യാനരൂപമായി സിനിമയിൽ വരുന്നത് രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള കാലത്താണ്. 'ടു ഹാഫ്‌ടൈംസ് ഇൻ ദ് ഹെൽ' (സോൾട്ടാൻ ഫാബ്രി/1962) എന്ന സിനിമ ഫുട്‌ബോളിലൂടെ നാസിവിരുദ്ധ രാഷ്ട്രീയമാണു പറഞ്ഞത്. 1942-ൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമ്മൻ സൈനികരും ഉക്രേനിയൻ തടവുകാരും തമ്മിൽ നടന്ന 'മരണക്കളി' എന്നുകൂടി പേരുള്ള ഫുട്‌ബോൾ മത്സരത്തിന്റെ ദൃശ്യാഖ്യാനമാണത്. അതിൽ തടവുകാരുടെ കളി മരണവുമായി നേർക്കുനേർതന്നെയാണ്. ഫുട്‌ബോളിലെ ജയപരാജയങ്ങൾ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നതാകുന്നു. ജയിച്ചിട്ടും അവർക്ക് ജീവിതം നിലനിർത്താനായില്ല. ഫുട്‌ബോൾ ബാഹ്യാനുഭവമല്ലാതെ സിനിമാനുഭവം തന്നെയാവുന്നു. ഇതേ സിനിമയുടെ മറ്റൊരു പതിപ്പായി കാണേണ്ട 'എസ്‌ക്കേപ്പ് ടു വിക്ടറി' (ജോൺ ഹട്‌സൺ/1981)യിൽ പെലെ അടക്കമുള്ള ഫുട്‌ബോൾ താരങ്ങളാണ് അഭിനയിച്ചത്. മറുഭാഗത്ത് ജർമ്മനിക്കുവേണ്ടി അവരുടെ ഫുട്‌ബോൾ ടീം തന്നെ രംഗത്തെത്തി. അവരെല്ലാം ഫുട്‌ബോൾ എന്ന കളി സിനിമയിൽ അഭിനയിക്കുകയായിരുന്നു.
