ഇടുക്കിയിലെ പച്ചനിറങ്ങൾ

Cinema

ഇടുക്കിയിലെ പച്ചനിറങ്ങൾ


സമതലങ്ങളിൽ രൂപപ്പെട്ട കേരളീയ പൊതുബോധത്തെ സംബന്ധിച്ച് രണ്ട് അപരദേശങ്ങളാണ് ഇടുക്കിയും വയനാടും.ചുരം കയറി,ക്ലേശപൂർവ്വം ചെന്നെത്തേണ്ടതും മൊബൈൽ റേഞ്ച്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല ആധുനിക സൗകര്യങ്ങളും വേണ്ടത്ര ലഭ്യമല്ലാത്തതുമായ പ്രദേശം. ആദിവാസികളും കുടിയേറ്റക്കാരും പാർക്കുന്ന പ്രദേശം. ഇടുക്കിയിൽനിന്ന് വയനാട്ടിലേക്ക് റോഡുമാർഗ്ഗമെത്തണമെങ്കിൽ ദേശീയ പാതകൾ പിന്നിട്ട് ചുരം കയറിയുമിറങ്ങിയും ദീർഘയാത്ര വേണം. റെയിൽ, വിമാനം തുടങ്ങിയ സംവിധാനങ്ങളൊന്നും ആരെയും അവിടെയെത്തിക്കുകയില്ല. ജലപാതകളുമില്ല. എന്നാൽ പോകുംവഴിക്ക് ഇതൊക്കെ കാണുകയും ചെയ്യാം. ഭരണസൗകര്യത്തിനു വേണ്ടി രണ്ടു ജില്ലകളിലായി വേർതിരിക്കപ്പെട്ടുകിടക്കുന്ന ഈ രണ്ടുദേശങ്ങളും തമ്മിൽ നേർരേഖയിൽ ബന്ധിപ്പിക്കാവുന്ന ഭൂപ്രകൃതിയും വിശ്വാസങ്ങളും സംസ്‌കാരവും പലതുണ്ട്.

വയനാടും ഇടുക്കിയും പൂർണ്ണമായും സമാനമായ ഭൂപ്രദേശം എന്ന നിലയില്ല, പൊതുബോധത്തിലും അതിനു പുറത്തും നിലനിന്നു പോരുന്നത്. ചുരം കയറിയെത്തിയാൽ വയനാട് ഏറക്കുറെ സമതലപ്രദേശമാണ്. കേരളത്തിലെ ആഫ്രിക്ക എന്നു പേര് വിളിക്കപ്പെട്ട നാട്. വയനാട്ടിലേക്കുള്ള വഴി കണ്ടെത്തിയതിനു പിന്നിൽ ഒരാദിവാസിയുടെ ജീവിത്യാഗത്തിന്റെ കഥ പറഞ്ഞുകേൾക്കാം. വഴി പറഞ്ഞു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസിയെ സായിപ്പ് കൊന്നുകളഞ്ഞു. വഴികളെല്ലാം അതാത് പ്രദേശങ്ങൾക്ക് പുറംലോകത്തേക്കുള്ള തുറവികളെന്നതിലേറെ അധിനിവേശങ്ങൾക്കുള്ള മാർഗ്ഗവിസ്താരങ്ങളായിരുന്നു. വഴികൾ ആവശ്യമായിരുന്നത് പുറംലോകങ്ങൾക്കായിരുന്നു. എല്ലാ അധിനിവേശങ്ങളും വഴികളും പാലങ്ങളും യാത്രാസൗകര്യങ്ങളുമാണ് ആദ്യമുണ്ടാക്കിയത്. വയനാട്ടിലേക്ക് വഴിവെട്ടിയവരിൽ ടിപ്പുവും ഉണ്ട്.മലബാർ ജില്ലയ്ക്കു കീഴിൽ ബ്രിട്ടീഷ് സർക്കാരിന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു വയനാടെങ്കിലും അവരുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞത് വയനാട്ടിലല്ല, ഇടുക്കിയിലാണ്. ഇടുക്കി എന്ന പൊതു നാമധേയത്തിൽ ഇന്ന് വ്യവഹരിക്കുന്ന പ്രദേശങ്ങളുൾക്കൊള്ളുന്ന മൂന്നാർ, കുമളി, ദേവികുളം തുടങ്ങിയ പ്രദേശങ്ങളിലൊക്കെ അവർ താമസമുറപ്പിക്കുകയും കൃഷിയിലും വ്യാപാരത്തിലും ഏർപ്പെടുകയും ചെയ്തു. ഇടുക്കിയിൽ നിന്ന് കൊഡൈക്കനാലിലേക്ക് എളുപ്പവഴിയുമുണ്ടായിരുന്നു.ബ്രിട്ടീഷുകാർ തങ്ങളുടെ ദേശപ്രകൃതി കണ്ടെത്തിയത് മഞ്ഞും തണുപ്പുമുള്ള, നായാട്ടിന് സൗകര്യമുള്ള ഹിൽ സ്‌റ്റേഷനുകളിലായിരുന്നു. പക്ഷേ, എന്തോകൊണ്ടോ വയനാട്ടിൽ അവർക്ക് അത്തരം താത്പര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. വടക്കെമലബാറിന്റെ ഭരണകേന്ദ്രം തലശ്ശേരിയിലായിരുന്നു.

ഇടുക്കിയെ ആധുനിക കാലവുമായി ബന്ധപ്പെടുത്തിയ ഇടുക്കി അണക്കെട്ടിന്റെ ഉത്ഭവത്തിനു പിന്നിലും ഒരാദിവാസിയുണ്ട്. കുറവൻമലയും കുറത്തിമലയും തമ്മിൽ ബന്ധിപ്പിച്ച് ഇടുക്കിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള ആശയം കൊലുമ്പൻ എന്ന ഊരാളി ആദിവാസിമൂപ്പന്റേതായിരുന്നു. 1937-ൽ തന്നെ ഇക്കാര്യത്തിലുളള പഠനറിപ്പോർട്ട് ഉണ്ടായെങ്കിലും 1969 ലാണ് അണക്കെട്ടിന്റെ പണി തുടങ്ങിയത്.


Related Articles