സമൂഹം മറു സമൂഹം പ്രതി സമൂഹം

Cinema

സമൂഹം മറു സമൂഹം പ്രതി സമൂഹം


ഡിജിറ്റല്‍ യുഗത്തിലാണ് നാം ജീവിക്കുന്നത് എന്നതിനാല്‍,  സമൂഹമാധ്യമങ്ങള്‍ നമ്മുടെ നിത്യജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറിക്കഴിഞ്ഞു. വൃത്താന്തപത്രങ്ങള്‍, ആനുകാലികങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയ്‌ക്കൊക്കെ ഉള്ളതിനേക്കാള്‍ സ്വാധീനവും വ്യാപനവുമാണ്  സമൂഹമാധ്യമങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്. മാത്രമല്ല, ഈ പരമ്പരാഗതമാധ്യമങ്ങളെല്ലാംതന്നെ അവയുടെ ഡിജിറ്റല്‍ അവതാരങ്ങള്‍കൂടി അനുബന്ധമായി പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് ഇക്കാലത്ത് നിലനില്ക്കുന്നത്.

ആശയവിനിമയം ചെയ്യുന്നതിലും  വാര്‍ത്തകളും വിജ്ഞാനവും പങ്കിടുന്നതിലും ലോകമെമ്പാടുമുള്ള മറ്റ് ആളുകളുമായി ബന്ധപ്പെടുന്നതിലും എല്ലാം  സമൂഹമാധ്യമങ്ങള്‍ അഭൂതപൂര്‍വ്വമായ മാറ്റവും വേഗതയും ആണ് കൊണ്ടുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞുനിന്നുകൊണ്ടുള്ള ഒരു ജീവിതം ഇനിയുള്ള കാലത്ത് സാധ്യമല്ലതന്നെ. ഇപ്പോള്‍തന്നെ ലോകജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍  സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുള്ളവരാണ്. ഇത് ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. പരമ്പരാഗത മാധ്യമങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട്, രവീഷ് കുമാര്‍, പുണ്യ പ്രസൂണ്‍ വാജ്‌പേയ്, അഭിസാര്‍ ശര്‍മ്മ, കൂടാതെ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന ധ്രുവ് റാഠി എന്നിവരെല്ലാം ഇന്ത്യയിലെ നവമാധ്യമങ്ങളിലൂടെ ജനാധിപത്യപ്രക്രിയയ്ക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നതിന്റെ നല്ല ഉദാഹരണങ്ങളെക്കുറിച്ച് ശ്രീജിത് ദിവാകരന്‍ തന്റെ പുതിയ ലേഖനത്തില്‍ എഴുതുന്നുണ്ട്.  ഏതു വശത്തു നിന്നു നോക്കിയാലും, രാഷ്ട്രീയമായും സാംസ്‌കാരികമായും മാധ്യമപരമായും മനുഷ്യജീവിതത്തിന്റെയും മനുഷ്യാനന്തര ജീവിതത്തിന്റെയും അജണ്ടയും നിയന്ത്രണവും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നു ചുരുക്കം.


Related Articles