'ദ കംപ്‌ളീറ്റ് ആക്ടർ ഡോട്ട് കോം' എന്ന മോഹലാലിന്റെ ഒഫീഷ്യൽവെബ്‌സൈറ്റിന്റെ തലവാചകമായ 'ദ പ്രൈഡ് ഓഫ് നേഷൻ' (ദേശത്തിന്റെ അഭിമാനം) ശ്രദ്ധേയമായ ഒന്നാണ്. അദ്ദേഹം ലഫ്റ്റനന്റ് കേണലായ ടെറിട്ടോറിയല് ആർമിയുടെ പരേഡു നയിച്ചുകൊണ്ടുള്ള ആമുഖ ചിത്രത്തിനു മുകളിലായിക്കൊടുത്ത ഈ വാചകം മോഹൻലാൽ എന്ന താരസ്വരൂപത്തിന്റെ സവിശേഷമായ ഒരു പ്രതിനിധാനത്തെ ഉള്ളടക്കുന്നുണ്ട്.നടൻ,വ്യക്തി, താരം എന്നിവയ്‌ക്കെല്ലാം ഉപരിയായി നില്ക്കുന്ന ഒരു അധീശത്വമാണ് ഈ പ്രതിനിധാനം. ലാലിന്റെ അഭിനയജീവിതത്തിലെ നിർണായകമായ ഒരു രംഗമല്ല മേല്പറഞ്ഞ ചിത്രം എന്നതും ശ്രദ്ധേയമാണ്. ഒരു അഭിനേതാവിനെ അയാൾ സൂപ്പർസ്റ്റാർ ആയാലും അല്ലെങ്കിലും അവതരിപ്പിക്കുന്ന ചിരപരിചിതമായ രീതികളിൽ നിന്നൊക്കെ വ്യത്യസ്തമായാണ്, വിദ്യാർത്ഥികളും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരും ബിസിനസ്സുകാരുമെല്ലാം അടങ്ങുന്ന യുവാക്കളായ ആരാധകർ ഈ വെബ് പോർട്ടലിൽ ലാലിനെ അവതരിപ്പിക്കുന്നത്.
80കൾക്കു ശേഷമുള്ള മൂന്നു ദശാബ്ദങ്ങളോളം മലയാളസിനിമയിലെ നായക സ്വരൂപത്തെ നിർണ്ണയിച്ചത് ലാൽ/മമ്മൂട്ടി ദ്വന്ദ്വങ്ങളാണ്. അവയുടെ സമാന്തരതകളും വൈരുദ്ധ്യങ്ങളും പരസ്പരപൂരകത്വങ്ങളും കൊള്ളക്കൊടുക്കകളും പണിചെയ്‌തെടുത്ത ഒന്നാണ് മലയാള സിനിമയിലെ നായകൻ. പല നിലകളിലുള്ള ഈ പാരസ്പര്യങ്ങൾക്കപ്പുറത്ത് മമ്മൂട്ടിയിൽ നിന്നും വ്യത്യസ്തമായി ലാൽ എങ്ങിനെ ചലച്ചിത്രത്തിലും ചലച്ചിത്രേതരമായ വ്യവഹാരങ്ങളിലും ഒരു ആധികാരിക കർതൃത്വമായി, ലെഫ്റ്റനന്റ് കേണലായി എന്ന് ആരായുകയാണ് ഈ ലേഖനം.
കീർത്തിചക്ര' സിനിമക്കു ശേഷമുള്ള ലാലിൽ ഈ പരിവർത്തനം കൃത്യവും സ്പഷ്ടവുമായി കാണാം. ടെറിട്ടോറിയൽ ആർമിയിൽ സിവിലിയന്മാർക്കുള്ള പരമോന്നത ബഹുമതിയായ ലെഫ്റ്റനന്റ് കേണൽ എന്ന കമ്മീഷന്റ് ഓഫീസർ പദവി അദ്ദേഹം സ്വീകരിക്കുന്നത് ഈ ചിത്രത്തിനു ശേഷമാണ്. ഇതേ തുടർന്ന് അദ്ദേഹം രാഷ്ട്രപതിയേയും തിരുവിതാംകൂർ രാജാവിനെയും കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണിയെയുമൊക്കെ സകുടുംബം സന്ദർശിക്കുന്നത് വാർത്തയായിരുന്നു. കൂടാതെ കാർഗിലിൽ കൊടും മഞ്ഞിലും തണുപ്പിലും രാപ്പകലില്ലാതെ തോക്കുമേന്തി ഭീകരമായ വിജനതയിൽ അതിർത്തികാത്തു നില്ക്കുന്ന സൈനികരുടെ ത്യാഗത്തെ അദ്ദേഹം അഭിമുഖങ്ങളിൽ വാരിക്കോരി പുകഴ്ത്തിയിരുന്നു. ഇവയെല്ലാം ചേർന്നു രൂപപ്പെടുത്തുന്ന ദേശീയതയുടെ കാവൽഭടൻ എന്ന സാംസ്‌കാരിക ബിംബമായി ലാൽ മാറിത്തീരുന്നു എന്നതാണീ വാർത്തകളുടെ പ്രസക്തി. ഇതു സാധ്യമാകുന്നതിൽ് ലാലിന്റെ താരസ്വരൂപത്തിനുള്ള പങ്ക് എന്തെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒപ്പം എന്തുകൊണ്ട് ലാൽ? മമ്മൂട്ടിയല്ല? എന്നീ ചോദ്യങ്ങളും അവഗണിച്ചുകൂടാ. പട്ടാള വേഷങ്ങൾക്കു പൊതുവെ അനുയോജ്യമെന്നു കരുതപ്പെടുന്ന ശാരീരികവും അഭിനയപരവുമായ പൗരുഷപ്രതീതി നിലനിർത്തുന്ന മമ്മൂട്ടിയേക്കാൾ എന്തുകൊണ്ട് ലാൽ ഈയൊരു പ്രതീകത്തിലേക്ക് അവരോധിക്കപ്പെട്ടു?
