ഭഗവാൻ തഥാഗത-
നാർഹതൻ ചലിപ്പിച്ച
നിഗമം പോലില്ലല്ലോ
ലോകകല്യാണം വേറെ (എൻ. വി. കൃഷ്ണവാര്യർ)
ഭാവികാലത്തിലെ ജീവനത്തെ നിഷേധിക്കും വിധത്തിലുള്ള പാരിസ്ഥിതിക ഭീഷണിയിലും ലോകവ്യാപകമായി ക്രമാതീതമാകുന്ന പെൺ/ശൈശവ ഹിംസകളിലും പാരസ്പര്യത്തിന്റെ നന്മയുടെയും സ്‌നേഹത്തിന്റെയും അഭാവത്തിലുമൊക്കെ ചെന്നടുക്കേണ്ട ദർശനമായി ബുദ്ധനെ ഏറിയ രീതിയിൽ തിരിച്ചറിയേണ്ടുന്ന ഒരു ലോകസന്ദർഭമാണിന്നത്തേത്. പൗരോഹിത്യ മേൽക്കോയ്മയിലും സ്ഥാപനപരതയിലും അടിയുറച്ച ജനഭൂരിപക്ഷമതങ്ങളും അതിന്റെ പ്രതിഫലനമായ ഭരണകൂടങ്ങളും, പൗര/രാഷ്ട്രീയ സമൂഹങ്ങളുമൊക്കെ അധീശത്വ ഹിംസാത്മകതയെയാണ് അടിസ്ഥാനപ്രമാണമാക്കുന്നത്. അതിന്റെ ചരിത്രവർത്തമാനങ്ങൾ പലനിലകളിൽ നമ്മൾ അനുഭവിച്ചറിയുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രാഗ്‌ബോധവും ആവിഷ്‌കാരങ്ങളുമൊക്കെ ശ്രമണധാരയുടെ മഹത്തായ സ്വാധീനതയിൽകൂടി രൂപപ്പെട്ടതാണ്. സാഹിതീയവും കലാത്മകവുമായ ആഖ്യാനങ്ങളുടെയും ബൗദ്ധസാംസ്‌കാരികതയെയും കുറിച്ചുമുള്ള പഠനങ്ങൾ ഗൗരവത്തോടെ ഇന്നു നടക്കുന്നുമുണ്ട്. എന്തായാലും ബലാലുള്ള ഉൻമൂലനത്തിലൂടെയും ബോധപൂർവ്വകമായ തമസ്‌കരണങ്ങളിലൂടെയും ബൗദ്ധരെയും, ശ്രമണദർശനങ്ങളെയും അചരിത്രവൽക്കരിച്ചതിൽ ബ്രാഹ്‌മണിക പൊതുസമൂഹത്തിനുള്ള പങ്ക് നിസ്തുലമാണ്. മുഖ്യധാരാ കലയും സാഹിത്യവുമൊക്കെ ബൗദ്ധസംസ്‌കൃതിയെ ലയാത്മകമായ കാപട്യത്തിൽ അപഹരിക്കുകയാണുണ്ടായത്. ഏതൊരു ആഖ്യാനത്തെക്കാളും സമർത്ഥമായ വിധത്തിൽ മലയാള സിനിമയിലും എത്തിനോക്കാൻ മടിക്കും വിധം വിദൂരവും ഭ്രഷ്ടവുമാക്കിയിരുന്നു ബുദ്ധൻ എന്നു പറയാം. അതിനൊരപവാദമെന്ന നിലയിലും ശ്രമണപര്യാലോചനകൾക്കുള്ള നാന്ദിയെന്ന നിലയിലും ശ്രദ്ധേയമാവുന്ന സിനിമയാണ് ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതി (2016).
