പുരുഷാധിപത്യത്തിന്റെ  കടംകഥകൾ

Cinema

പുരുഷാധിപത്യത്തിന്റെ കടംകഥകൾ


മൂഹത്തിൽ നിലനിൽക്കുന്ന വാർപ്പ് സ്ത്രീമാതൃകകളെ ചോദ്യംചെയ്യുന്ന രീതിയിലുള്ള സിനിമകൾ ഇന്ന് ധാരാളമായി ഉണ്ടാവുന്നുണ്ട്. എന്നാൽ ഇവ സിനിമയുടെ വ്യവസ്ഥാപിത്വങ്ങൾക്ക് ഒരു പരിക്കും ഏൽപ്പിക്കുന്നില്ല. അതായത്, വിഷയത്തിലെ പുതുമ രൂപത്തിൽ ഉണ്ടാവുന്നില്ല. സിനിമയിലെ പുരുഷ നോട്ടം, താദാത്മ്യവൽക്കരണം എന്നീ വിഷയങ്ങളെ സംവിധായികമാർ പോലും അഭിസംബോധന ചെയ്തു കാണുന്നില്ല. അതുപോലെത്തന്നെയാണ് ആദിവാസി-കീഴാള സ്ത്രീ മുതലായ വിഷയങ്ങൾ അവതരിപ്പിക്കുമ്പോഴും സംഭവിക്കുന്നത്.

സാമ്പ്രദായിക ആഖ്യാനാത്മക സിനിമകൾ പുരുഷ കേന്ദ്രീകൃതമാണ് എന്നാണ് ഹോളിവുഡ്ഡ് സിനിമകളെ മുൻനിർത്തി പ്രശസ്ത സിനിമാ സൈദ്ധാന്തികയായ ലോറാ മൽവി സ്ഥാപിക്കുന്നത്. സിനിമകാണുമ്പോൾ ആൺപെൺ ഭേദമന്യേ പ്രേക്ഷകർക്ക് ആനന്ദിക്കാനുള്ള അവസരം ലഭിക്കുന്നു. എന്നാൽ പുരുഷന്റെ വീക്ഷണകോണിലൂടെയാണ് സിനിമ കഥ പറയുന്നത്. സംവിധായകന്റെ ദർശനവും സിനിമ കാണുന്ന പ്രേക്ഷകരുടെ നോട്ടവും എല്ലാം പുരുഷന്റെ പരിപ്രേക്ഷ്യത്തിലൂടെയാണ്, പുരുഷനാൽ നിയന്ത്രിക്കപ്പെടുന്നതാണ്. പുരുഷന്മാരാണ് സിനിമയിൽ പ്രവർത്തിക്കുന്നത് എന്നത് മാത്രമല്ല, സ്ത്രീ കഥാപാത്രങ്ങളെ കാഴ്ച്ചപ്പണ്ടങ്ങളാക്കി പുരുഷൻ പുരുഷന് കാണാനായി, അവന് കണ്ട് ആസ്വദിക്കാനായി, നയനഭോഗ സുഖം പകരാനായി, അവന്റെ കാമനകളെ പൂർത്തീകരിക്കുന്നതിനായി ഒരുക്കി നിർത്തിയതാണ്.

സിനിമയിലെ ആൺനോട്ടം സജീവമാണ്. പുരുഷനാണ് നോട്ടത്തിന്റെ വാഹകൻ (Bearer of look). അതേസമയം പെൺനോട്ടം നിഷ്‌ക്രിയമാണ്. അവൾ നോക്കപ്പെടേണ്ടതാണ് (To be looked at). പുരുഷൻ ആഗ്രഹിക്കുന്നു. അവന് ആഗ്രഹിക്കാനുള്ളതാണ് സ്ത്രീ. പുരുഷ നോട്ടം സ്ത്രീയുടെ കർതൃത്വത്തെ, മനുഷ്യനെന്ന നിലയിലുള്ള അവളുടെ സ്വത്വത്തെ റദ്ദ് ചെയ്യുകയും അവളെ മനുഷ്യൻ അല്ലാതാക്കുകയും ചെയ്യുന്നു. അങ്ങിനെ വസ്തുവൽക്കരിക്കപ്പെട്ട അവൾ സൗന്ദര്യം, ആകാരഭംഗി, കാമോദ്ദീപകത്വം മുതലായവയുടെ അടിസ്ഥാനത്തിൽ മാത്രം പരിഗണിക്കപ്പെടുന്നു.


Related Articles