കൊളോണിയൽ പവർഹൗസ്

Cinema

കൊളോണിയൽ പവർഹൗസ്


ഗ്യാൻ മുഖർജിയുടെ സംവിധാനത്തിൽ ബോംബേ ടാക്കീസുകാർ നിർമ്മിച്ച ‘കിസ്മത്താ’ണ് കുറ്റവാളിയായ ഒരാളെ മുഖ്യകഥാപാത്രമായി അവതരിപ്പിച്ച ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രം. അന്നത്തെ പ്രബോധനചിത്രങ്ങളുടെ പതിവനുസരിച്ച് നന്മയുടെ ആത്യന്തിക വിജയമെന്ന സന്ദേശത്തിലായിരുന്നില്ല ചിത്രത്തിന്റെ ഊന്നൽ. കർക്കശക്കാരനായ അച്ഛനോട് എതിരിട്ട് കുടുംബജീവിതത്തിന്റെ സുരക്ഷിതത്വം വിട്ട് ഓടുന്ന മദൻ, പോക്കറ്റടിക്കാരനായ ശേഖറായിത്തീരുന്നു. സിനിമ ആരംഭിക്കുമ്പോൾ അയാൾ മൂന്നാമത്തെ ജയിൽ ശിക്ഷയും കഴിഞ്ഞ് പുറത്തിറങ്ങുകയാണ്. അയാളിൽ മാറ്റത്തിനുള്ള സൂചനയൊന്നും ഇല്ലെന്ന് വ്യക്തമാവുന്ന രീതിയിലാണ് തുടർന്നുള്ള സംഭവങ്ങൾ. കുറ്റവാളിയാണെങ്കിലും പോലീസ് ശേഖർബാബുവിനോട് മാന്യമായും ആദരവോടെയുമാണ് പെരുമാറുന്നത്. അയാൾ നന്നാകേണ്ടത് തന്റെയും ആവശ്യമാണെന്ന നിലയിലാണ് ഇൻസ്പെക്ടർ സാഹിബിന്റെ ഉപദേശവും സംഭാഷണ രീതികളും. ശേഖർബാബു ഉയർന്ന കുടുംബത്തിലെ അംഗമാണെന്നും ഏതവസ്ഥയിലായിരുന്നാലും പൊതുവായ ആദരവിനയാൾ അർഹനാണെന്നുമുള്ള സങ്കല്പം ചലച്ചിത്രത്തിന്റെ ഇതിവൃത്തഘടനയ്ക്ക് പുറത്തുള്ള കാര്യമാണ്. എന്നാലും അശോക് കുമാർ എന്ന ജനപ്രീതിയുള്ള നടന്റെ സാന്നിദ്ധ്യവും ഇതിനകം പ്രേക്ഷകർ പരിചയപ്പെട്ടു കഴിഞ്ഞ അദ്ദേഹത്തിന്റെ മാനറിസങ്ങളും അത്തരമൊരു അവസ്ഥയിലെത്തിച്ചു കഴിഞ്ഞ ജനക്കൂട്ടത്തോടാണ് ചലച്ചിത്രത്തിലെ കഥ സംവദിക്കുന്നത്.

1943-ൽ റിലീസായ ‘കിസ്മത്ത്’ മറ്റൊരുതരത്തിൽ സ്വതന്ത്രപൂർവ ഇന്ത്യയിലെ സാമൂഹികവും രാഷ്ട്രീയവുമായ ധ്വനികളെ ഉള്ളടക്കുന്ന വിധവും ശ്രദ്ധേയമായിരുന്നു. ശാന്തസ്വഭാവിയായി, പലപ്പോഴും കുറ്റകൃത്യത്തിന്റെ (ഇവിടെ മോഷണം) ഫലത്തെക്കുറിച്ച് ചിന്തിച്ച് സ്വയം പരിവർത്തനത്തിനു വിധേയനാവാൻ കുറ്റവാളിയെ സ്വതന്ത്രനായി വിടുന്ന ഇൻസ്പെക്ടറിൽ, ആസന്നമായ ഇന്ത്യയുടെ രാഷ്ട്രീയാധികാര കൈമാറ്റത്തെ മുൻനിർത്തിയുള്ള നിസ്സഹായതയും ഉത്തരവാദിത്തവും പ്രതീകസ്വഭാവത്തോടെ നിറഞ്ഞിരിക്കുന്നതായി മനസിലാക്കാവുന്നതാണ്. അവസാനത്തെ കൂടിച്ചേരലിൽ ശേഖറിന്റെ കർക്കശക്കാരനായ പിതാവ് (Authoritarian Father) ഇന്ദ്രജിത്ത്, ആശ്രിതനായ സൂഹൃത്തിനോട് കുറ്റബോധത്തോടെ നടത്തുന്ന ഏറ്റുപറച്ചിലിലും ദേശീയൈക്യത്തെക്കുറിച്ചുള്ള മുൻസൂചനകളും പ്രതീക്ഷകളുമുണ്ട്. “നമ്മൾ മുതിർന്നവർ നശിപ്പിച്ചത്, നമ്മുടെ കുട്ടികൾ കൂട്ടിച്ചേർക്കുന്നു” എന്നാണ് അയാളുടെ ഭരതവാക്യം.

‘കിസ്മത്ത്’ എന്ന പേരിലുള്ള ആശയധ്വനി ഇതിനേക്കാളെല്ലാം പ്രധാനമാണ്. ഹിതകരമല്ലാത്ത ജീവിതായോധനങ്ങൾക്കുശേഷം ശേഖർബാബുവിനു കഥാന്ത്യത്തിൽ വന്നുചേരുന്ന പരിണാമത്തിൽ ഭൗതികാതീതശക്തികളുടെ ഇടപെടലുണ്ടെന്നാണ് ശീർഷകം സൂചിപ്പിക്കുന്നത്. ശേഖർബാബുവിനെ അവസാനം ധനവാനായ പിതാവിന്റെ അടുക്കൽതന്നെ എത്തിച്ചതും കാര്യങ്ങളെല്ലാം ശുഭമായി പര്യവസാനിച്ചതും ‘ഗോവിന്ദന്റെ മായയും’ ‘ഭാഗ്യത്തിന്റെ കളി’യുമാണ്. പണ്ഡിറ്റ്ജി, ജോലിക്കാരൻ എന്നീ രണ്ടു കഥപാത്രങ്ങളെക്കൊണ്ട് അങ്ങനെ പറയിച്ചിട്ടാണ് ചിത്രം അവസാനിക്കുന്നത്. കിസ്മത്ത്, അതുവരെയുള്ള ഇന്ത്യൻ ചലച്ചിത്രചരിത്രത്തിൽ വലിയ തുകയായ ഒരു കോടി നേടുകമാത്രമല്ല, അശോക് കുമാറിനെ താരപദവിയിൽ ഉറപ്പിക്കുകയും ചെയ്തു. ഇന്ന് തിരിഞ്ഞു നോക്കുമ്പോഴും അതിൽ അദ്ഭുതമില്ല. മൂല്യാധിഷ്ഠിതമായ പാരമ്പര്യവിശ്വാസവും സമകാലികമായ രാഷ്ട്രീയധ്വനികളുടെയും വിധിവിശ്വാസത്തി ന്റെയും ചട്ടക്കൂടിനുള്ളിൽ ജനങ്ങളുടെ ആരാധനാബിംബത്തിന്റെ വ്യവഹാരരീതികളെ കൃത്യമായി വിന്യസിച്ചുകൊണ്ടാണ് ‘കിസ്മത്ത്’ ജനപ്രീതി നേടിയത്.


Related Articles