കഥകഥകളും ദൃശ്യഭൂതങ്ങളും

Cinema

കഥകഥകളും ദൃശ്യഭൂതങ്ങളും


"A specter is haunting the twenty-first century, and it is the specter of the image."

ഥകഥപൈങ്കിളിയും കണ്ണു നീർപൈങ്കിളിയും കൂടി കാവേരിപ്പുഴയിൽ കുളിക്കാൻപോയ കഥ പി.ഭാസ്‌ക്കരൻ എഴുതിയ ഒരു സിനിമാഗാനത്തിലുണ്ട്. കാലുതെറ്റി പുഴയിൽ വീണ കഥകഥപൈങ്കിളി കൈകാലിട്ടടിച്ച് ഒരു വിധം കരയ്ക്കണഞ്ഞപ്പോൾ കാലിൽ മിന്നുന്ന പൊൻതളകളുണ്ടായിരുന്നു. കൊതിമൂത്ത കണ്ണുനീർ പൈങ്കിളി വെള്ളത്തിലേക്കെടുത്തുചാടിയെങ്കിലും ചുഴിയിൽപെട്ടതും നീർക്കോലി കാലിൽ കടിച്ചതും മാത്രമായി മിച്ചം. കുട്ടിയെ ഉറക്കാനായി പറഞ്ഞുകൊടുക്കുന്ന കഥയായിട്ടാണ് ഈ പാട്ട് സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് (അമ്മയെ കാണാൻ/1963). കഥകഥപൈങ്കിളി ഭാവനയുടെ ചിറകേറിയാണ് സഞ്ചരിക്കുന്നത്. ഏത് ചുഴിയിൽ പെട്ടാലും അത് കാലിൽ പൊൻതളയുമായി പൊങ്ങിവരും. എന്നാൽ അതേ പുഴയിലേക്ക് ചാടുന്ന കണ്ണുനീർ പൈങ്കിളിക്ക് കാലിൽ ചുറ്റിയ നീർക്കോലി എന്ന മൂർത്ത യാഥാർത്ഥ്യവും കൊണ്ട് മടങ്ങിവരാനേ കഴിയൂ.

കഥയല്ല ജീവിതം എന്നാണ് പറയാറുള്ളതെങ്കിലും കഥയില്ലാതെ ഒരു ജീവിതവുമില്ല. കഥയിൽ ജീവിതമാകാമെങ്കിലും ജീവിതത്തിൽ കഥ എത്രത്തോളമാകാമെന്നതിന് ഒരു നിർണ്ണയവുമില്ല. എന്നാൽ 'കഥയുണ്ടാവു'ന്നതാണ് ജീവിതത്തിന്റെ പ്രസക്തി നിർണ്ണയിക്കുന്നത്. യാഥാർത്ഥ്യത്തിൽ നിന്ന് നിശിതയാഥാർത്ഥ്യവും ഭാവനയിൽ നിന്ന് അതീതഭാവനകളുമാണ് ആഖ്യാനങ്ങളിൽ പ്രതീക്ഷിക്കുന്നത്. കഥയിലെ യാഥാർത്ഥ്യനിർമ്മിതി സംബന്ധിച്ച് സ്ഥലജലഭ്രമം ബാധിച്ചവരാണ് ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം (1&2) സിനിമയ്ക്കുള്ളിലെ കാണികളും അതിന്പുറത്തുള്ള കാണികളും. സിനിമയ്ക്കകത്തുള്ള കാണികൾ നടത്തുന്ന സത്യാന്വേഷണം അതിനുപുറത്തുള്ള കാണികളുടേതാണ്. ജോർജ്ജുകുട്ടിയും ജോർജ്ജുകുട്ടിയെ കാണുന്നവരുമായി സിനിമയ്ക്കുള്ളിലും രണ്ടുവിധം കാണികളുണ്ട്. ജോർജ്ജുകുട്ടി വസ്തുതകളെ കഥകളാക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിൽ നിന്ന് സത്യം കണ്ടെത്താൻ മറ്റുള്ളവരെല്ലാം പരിശ്രമിക്കുന്നു. കഥയിൽ ചോദ്യമില്ലെന്നാണെങ്കിലും ശാസ്ത്രീയാന്വേഷണങ്ങളുടേയും യുക്തികളുടേയും ചോദ്യങ്ങൾ നിരന്തരം ഉയരുന്നതാണ് ദൃശ്യത്തിലെ 'കഥ'കളും 'യാഥാർത്ഥ്യ'ങ്ങളും. ഓരോ തവണ കരയ്ക്കണയുമ്പോഴും ജോർജ്ജ്കുട്ടിക്ക് ചാർത്തിക്കിട്ടുന്ന ആടയാഭരണങ്ങൾ കണ്ട് മറ്റുള്ളവർക്ക് കൊതിതോന്നുന്നു. അവരെല്ലാം വാസ്തവനദികളിലേക്ക് കൂപ്പുകുത്തുകയും നീർക്കോലികളുമായി പൊങ്ങിവരുകയും ചെയ്യുന്നു. ഒരേ നദിയിൽ നിന്നാണ് കഥകളും വാസ്തവങ്ങളും പൊങ്ങിവരുന്നത്.


Related Articles