കാതലും പൂതലും

Cinema

കാതലും പൂതലും


കാതലുണ്ടാക്കുന്ന കാലം തന്നെയാണ് അതിനെ പൂതലാക്കുന്നതും. സമൂഹശരീരത്തിൽ കാലത്തിന്റെ പ്രവർത്തനം സൃഷ്ടിക്കുന്ന കാതലും പൂതലുമെല്ലാം സാംസ്കാരികവും ആപേക്ഷികവുമാണ്. സമൂഹത്തിൽനിന്ന് കണ്ടെടുക്കുന്ന ഭൂതകാലയാഥാർത്ഥ്യം ഭാവികാലത്തിൽ പ്രതിഷ്ഠിച്ച് കല പുതിയ യാഥാർത്ഥ്യം സൃഷ്ടിച്ചെടുക്കും. മതത്തിനും കുടുംബത്തിനും അപ്രാപ്യമായ പുതുചിന്ത ചിലപ്പോൾ കോടതിമുറികളിൽ സാദ്ധ്യമാവും. എന്നാൽ  രാഷ്ട്രീയസമൂഹത്തിനാണ്  അത് ജനാധിപത്യത്തിന്റെയും ഭിന്നാഭിപ്രായങ്ങളുടെയും തെരഞ്ഞെടുപ്പിന്റെയും വേദിയാക്കാൻ പറ്റുന്നത്. സമൂഹം സ്വീകരിക്കാൻ മടിക്കുന്ന പുതുയാഥാർത്ഥ്യങ്ങളും  കല അതിന്റെ ആവിഷ്കാര സാമഗ്രിയാക്കും. കലയിലെ രാഷ്ട്രീയമെന്നതും മറ്റൊന്നല്ല.

മനുഷ്യൻ എന്ന പൊതുനിർവ്വചനത്തിലടങ്ങിയ വൈജാത്യങ്ങളുടെ പരസ്പരസ്വാതന്ത്ര്യം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചലനാത്മകമായ തെരഞ്ഞെടുപ്പുകൾ, അവയുടെ ആവിഷ്കാരത്തിലൂടെ സാദ്ധ്യമാവുന്ന കലയുടെ സ്വാതന്ത്ര്യം അഥവാ രാഷ്ട്രീയം  എന്നിവയെല്ലാം ചേർന്ന സഞ്ചിത ഭാവനയാണ് ‘കാതൽ’ (ജിയോ ബേബി) എന്ന സിനിമ. അകക്കാമ്പ് എന്ന അർത്ഥത്തിനാണ് അത് ഊന്നൽ നൽകുന്നതെന്നാണ് ശീർഷകത്തിന്റെ ഭാഗമായ ‘The core’ എന്ന വാക്ക് സൂചിപ്പിക്കുന്നത്. അസാധാരണവും അപരിചിതവുമായ യാഥാർത്ഥ്യങ്ങളെ അതിസാധാരണ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ  അവതരിപ്പിക്കുകയാണ് ‘കാതൽ’. അതിന് സിനിമയുടെയും സമൂഹത്തിന്റെയും പൊതുബോധങ്ങളെ ആവിഷ്കരണോപാധിയാക്കുകയും ചിലപ്പോൾ അവയെ മറികടക്കുകയും ചെയ്യുന്നു.

നിശ്ശബ്ദതകളും സൂചനകളും കൊണ്ട് ‘ക്വിയർ’ രാഷ്ട്രീയം പറയാൻ ശ്രമിക്കുന്ന ‘കാതൽ’ കുടുംബമെന്ന സ്ഥാപനത്തിനു ചുറ്റുംതന്നെയാണ് കറങ്ങുന്നത്. തന്റെ ആദ്യകാലസിനിമകളിലും ഇത്തരം പ്രമേയങ്ങൾ അദ്ദേഹം ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുണ്ട് (സ്വവർഗ്ഗാനുരാഗികളെക്കുറിച്ചുള്ള ഷോർട്ട് ഫിലിം ചെയ്തതിന് കോളേജിൽനിന്നും പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്). ജിയോ ബേബിയുടെ മുൻകാലസിനിമകളായ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്’, ‘ഫ്രീഡം ഫൈറ്റ്’ തുടങ്ങിയവയെല്ലാം പലതരം സ്വാതന്ത്യങ്ങളുടെ  ഉദ്ഘോഷങ്ങളായിരുന്നു. കുടുംബവും സ്ത്രീജീവിതങ്ങളുമായിരുന്നു അവയുടെ അടിസ്ഥാനം. ‘കാതലി’ൽ സ്ത്രീ, പുരുഷൻ എന്നിവർക്കൊപ്പം മൂന്നാമതൊരു ശരീരഭാവനയെക്കൂടി ‘സ്വാതന്ത്ര്യസമര’ത്തിൽ അണിചേർക്കുന്നു.


Related Articles