സിനിമയ്ക്കുള്ളിലെ ശരീരാധിനിവേശങ്ങൾ

Cinema

സിനിമയ്ക്കുള്ളിലെ ശരീരാധിനിവേശങ്ങൾ


സ്റ്റിസ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവന്നതോടെ മലയാളസിനിമാ വ്യവസായത്തിനുള്ളില്‍/കലയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മയുടെ ബലതന്ത്രങ്ങളെയാണ് അഴിച്ചെടുത്തു പരിശോധിക്കേണ്ടത്. ചലച്ചിത്രരംഗത്തെ സ്ത്രീകള്‍ നേരിടുന്നത് ഭാവനാതീത ചൂഷണമാണെന്ന വസ്തുതയാണ് കമ്മിറ്റിയുടെ കണ്ടെത്തലിലെ പ്രധാന ഘടകം. ലിംഗ അസമത്വം, ലൈംഗിക ചൂഷണം, തൊഴില്‍ സുരക്ഷിതത്വമില്ലായ്മ, ഒരേ തൊഴിലിന് വ്യത്യസ്ത കൂലി, ഭീഷണി, കൊലപാതകശ്രമം, കള്ളക്കേസില്‍ കുടുക്കല്‍, ബ്ലാക്ക് മെയിലിങ് തുടങ്ങിയ സംഭവങ്ങളാണ് മലയാള സിനിമാ ലോകത്തെ അകംകാഴ്ചകള്‍ എന്നു വസ്തുതാപരമായ തെളിവുകളുടെയും ഇരകളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുകയാണ് ഹേമ കമ്മിറ്റി. റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി മലയാളസിനിമയിലും പുറത്തും സ്ത്രീപരിചരണം എങ്ങനെയാണ് നടന്നിട്ടുള്ളതെന്ന് കാലാനുസൃതമായി പരിശോധിക്കുകയാണിവിടെ.

ആദ്യ നായികയായ പി.കെ.റോസിക്കു സംഭവിച്ചത് ഫ്യൂഡല്‍ ആണ്‍കോയ്മയുടെ ആക്രമണമായിരുന്നു. ദലിത് സ്ത്രീയായ റോസി സവര്‍ണ നായികയായി അഭിനയിച്ചു എന്ന കാരണത്താലാണ് ആക്രമിക്കപ്പെട്ടത്. രണ്ടാമത്തെ സിനിമയായ മാര്‍ത്താണ്ഡവര്‍മ്മ നിര്‍മ്മിച്ച ആര്‍.സുന്ദര്‍രാജിനും ബന്ധുവായ ജെ.സി.ഡാനിയേലിന് ഉണ്ടായതുപോലുള്ള അനുഭവമാണുണ്ടായത്. നോവലിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിഷയമാണ് മാര്‍ത്താണ്ഡവര്‍മ്മയെ പെട്ടിയിലാക്കിയത്. പകര്‍പ്പവകാശ കേസില്‍ സുന്ദര്‍രാജ് തോല്‍ക്കുകയും സ്വന്തം സ്റ്റുഡിയോ വിറ്റ് കടങ്ങള്‍ വീട്ടുകയുമായിരുന്നു. ബ്രാഹ്മണസ്ത്രീയായ ദേവകിഭായിയെ കല്യാണം കഴിച്ചതും അദ്ദേഹത്തെ ദുരിതത്തിലാക്കി. ഇരുവരും വീട്ടില്‍നിന്നും പുറത്താക്കപ്പെട്ടു. ജോലി തേടി മധുരയിലും സിലോണിലും അലഞ്ഞെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അവര്‍ തിരിച്ച് തിരുവനന്തപുരത്തെത്തി. കണ്ണമ്മൂലയില്‍ റേഷന്‍കട നടത്തി ജീവിക്കവെയാണ് സുന്ദര്‍രാജ് വിടപറഞ്ഞത്. ദേവകീഭായിയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയില്‍ നായികയായി അഭിനയിച്ചത്. മതവും ജാതിയുമാണ് ഇവിടെ പ്രശ്‌നമായത്. 1930 കളില്‍ കേരളീയസമൂഹം മിശ്ര വിവാഹങ്ങളെപ്പോലും അംഗീകരിച്ചിരുന്നില്ല എന്നതാണ് ഇരുവരുടെയും ജീവിതത്തില്‍നിന്നും തിരിച്ചറിയാനാകുന്നത്.


Related Articles