സിനിമശാല എന്ന ഫോക്‌ലോർ

Cinema

സിനിമശാല എന്ന ഫോക്‌ലോർ


ഉച്ചവെയിലിൽ വരിവരിയായി കാത്തു നിന്ന് സിനിമാ ടിക്കറ്റു വാങ്ങിയിരുന്ന കാണികളിൽ നിന്ന് സ്മാർട്ട് ഫോണുകളിലൂടെ ടിക്കറ്റ് റിസർവ് ചെയ്തു സിനിമ കാണുന്ന കാലത്തിലേക്കുള്ള ദൂരമാണ് മലയാള സിനിമ ഇന്നോളം സഞ്ചരിച്ചിട്ടുള്ളത്. ഇത്തരമൊരു മാറ്റത്തെ അഭിസംബോധന ചെയ്തുകൊണ്ടു വേണം സമകാലിക സിനിമാപഠനങ്ങൾ പുരോഗമിക്കേണ്ടത്. സിനിമയുടെ സാംസ്‌കാരിക, രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് ദൃഷ്ടി പായിക്കുന്ന സിനിമാപഠനങ്ങൾ എന്തുകൊണ്ടോ സിനിമാശാലകളുടെ സാംസ്‌കാരിക ചുവടുമാറ്റത്തിലേക്ക് ശ്രദ്ധ തിരിച്ചില്ല. സിനിമാശാലകളുടെ പരിണാമം സമൂഹത്തിന്റെയും വിശേഷിച്ച് സിനിമാകാണികളുടെയും അഭിരുചിവ്യതിയാനങ്ങളുടെ ഒരു പരിച്ഛേദം കൂടിയാണ്.

സിനിമാശാലകളുടെ സാംസ്‌കാരിക പരിണാമത്തിലേക്ക് തിരിയുന്നതിനുമുമ്പ് ഏതാനും ചില വാദമുഖങ്ങൾ പരിശോധിക്കേണ്ടതായുണ്ട്. ടെലിവിഷനിലെ സിനിമാസ്വാദനത്തിൽ നിന്ന് തിയേറ്ററിലെ സിനിമാസ്വാദനം എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതാണ് ഇതിൽ പ്രധാനം. സ്വകാര്യയിടം/പൊതുയിടം എന്നിവിടങ്ങളിലെ സിനിമാസ്വാദനപ്രക്രിയ വ്യത്യസ്തമാണെന്ന പരികല്പനയിലൂന്നിയാണ് ഈ ലേഖനം ചില പുതിയ ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. നിശ്ചയമായും പൊതുയിടത്തിലെ സിനിമാസ്വാദനം ഒരു സംഘബോധത്തിന്റെ സൂചനകൂടി നൽകുന്നുണ്ട്. കാഴ്ചക്കാരായ സമൂഹത്തോടും ഇതരവ്യക്തികളോടും പുലർത്തേണ്ട സാമൂഹിക മര്യാദക്രമങ്ങൾ പാലിക്കുവാൻ തിയേറ്ററിനുള്ളിൽ ഓരോ കാണിയും ബാദ്ധ്യസ്ഥനാണ്.

ഇപ്രകാരം സമൂഹബോധം/സംഘബോധം പുലർത്തുന്ന കൂട്ടായ്മയെ ഒരു 'ഫോക്ക്' ആയി പരിഗണിക്കാമോ എന്നതാണ് സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന മറ്റൊരു വാദം. ചുരുക്കത്തിൽ സാമൂഹികവും സാംസ്‌കാരികവുമായ നിരവധി അറിവുകളെ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സിനിമ തിയേറ്റർ എന്ന പൊതുയിടത്തെ ഫോക്‌ലോർ പഠനങ്ങളുടെ സാമ്പ്രദായിക മാമൂലുകൾ അശ്രദ്ധമായി തഴഞ്ഞു എന്നു കരുതേണ്ടിയിരിക്കുന്നു.


Related Articles