1961 ജനുവരി 22-ലെ ലക്കം തൊട്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പുറത്തിൽ ജി. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. 1978-ൽ ഇത് പുസ്തകരൂപത്തിൽ വന്നു. രാമു എന്ന കേന്ദ്രകഥാപാത്രത്തെ മുൻനിർത്തി അറുപതുകളിലെയും എഴുപതുകളിലെയും ജീവിതാവസ്ഥ അവതരിപ്പിച്ച അരവിന്ദൻ വരകൾകൊണ്ടുള്ള ഒരു നോവൽ ശില്പം നമുക്കു സമ്മാനിച്ചു. എല്ലാം വെട്ടിപ്പിടിക്കാൻ ഓടിനടന്ന രാമു ഒടുവിൽ ജീവിതത്തിലെ ശൂന്യതകൾ തിരിച്ചറിയുന്നു. എം.ടിയുടെ 'കാല'ത്തിലെ സേതുവിന്റെ മാനസികാവസ്ഥ രാമുവിനും ഉണ്ട്. രാമുവിനും സേതുവിനും മനസ്സ് വറ്റിവരണ്ട പുഴയായി മാറുന്നു. എം.ടി. ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ''മുകൾത്തട്ടിലെത്താനുള്ള വെമ്പലിനിടയ്ക്ക് കാൽക്കീഴിൽ വിശുദ്ധമെന്നു കരുതിയ മൂല്യങ്ങളുടെ പൂജാപുഷ്പങ്ങൾ പലതും ചതഞ്ഞരയുന്നു. രാമു നിശ്ശബ്ദമായ നിലവിളികൾ കേൾക്കുന്നുണ്ട്. ഗുരുജി കാണുന്നുണ്ട്. 'ഞാൻ ഞാനല്ലാതായിരിക്കുന്നു. ഇതു വേണ്ടായിരുന്നു.' എന്നു ചിലപ്പോൾ രാമു ചിന്തിച്ചുപോകുന്നുണ്ട്. മുജ്ജന്മശാപം പേറുന്നവനെപ്പോലെ ഭൗതികവിജയമെന്ന മരീചികയിലേക്കുള്ള പടവുകൾ രാമു കയറിക്കൊണ്ടിരിക്കുന്നു.'' (ആമുഖം - എം.ടി).
''ചെറിയ മനുഷ്യരും വലിയ ലോകവും'' കലാസാഹിത്യസംബന്ധിയായ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്നു. ഇന്നത്തെപ്പോലെ ശാസ്ത്രസാങ്കേതികരംഗം വികസിച്ചിട്ടില്ലാത്ത ആ കാലത്ത് വിജ്ഞാനകേന്ദ്രം വായനശാലയും പുസ്തകങ്ങളുമായിരുന്നു. രാമുവിനെ രൂപപ്പെടുത്തുന്നത് ഗുരുജിയും പുസ്തകങ്ങളുമാണ്. ഇവിടെനിന്നും ആർജ്ജിച്ച മനുഷ്യാവബോധം രാമു വൈകിയാണെങ്കിലും ഗുരുജിയിലൂടെ തിരിച്ചറിയുന്നു.
അരവിന്ദന്റെ സംവിധാന മികവിൽ, 1974 നവംബർ 23-ന് 'ഉത്തരായണം' പൂർത്തിയായി. കോഴിക്കോട്ടെ സൗഹൃദ കൂട്ടായ്മയിൽ തിക്കൊടിയനും അരവിന്ദനുംകൂടി തിരക്കഥ രചിച്ചു. നിർമ്മാണം പട്ടത്തുവിള കരുണാകരൻ.
