ആധുനികതയുടെ കത്തിയേറുകൾ

Cinema

ആധുനികതയുടെ കത്തിയേറുകൾ


മിനുസമാർന്ന പുറവഴിയിൽ നിന്ന് ചെങ്കുത്തായ, കുലുക്കമുള്ള, വാഹനങ്ങൾ എത്തി പെടാൻ പ്രയാസമുള്ള കാട്ടുപാതയുടെ അകവഴി കയറുന്ന നായകനിലാണ് 'ഇലവീഴാപൂഞ്ചിറ' എന്ന ഷാഹി കബീറിന്റെ ചിത്രം ആരംഭിക്കുന്നത്. 1962 ൽ പുറത്തിറങ്ങിയ റോമൻ പോളാൻസ്‌കി സംവിധാനം ചെയ്ത 'നൈഫ് ഇൻ ദ വാട്ടർ' (Knife in the water) എന്ന സിനിമയുടെ തുടക്കത്തിൽ സമാനമായി റോഡിൽ നിന്ന് ജലപാതയിലേക്ക് യാത്ര തിരിയ്ക്കുന്ന ദമ്പതികളെ കണ്ടുമുട്ടുന്നു. 1990 ൽ ഇറങ്ങിയ ഭരതൻ സംവിധാനം ചെയ്ത 'താഴ്‌വാര'ത്തിൽ നായകൻ സമതലങ്ങളിൽ നിന്ന് ഇറങ്ങി വരുന്നു. നിയന്ത്രണങ്ങളുടെ നാഗരിക വഴികളിൽ നിന്ന് അടക്കമില്ലാത്ത ചോദനകളുടെ സ്വാഭാവികപ്രകൃതങ്ങളിലേക്കുള്ള സഞ്ചാരങ്ങളാണ് ജലരാശിയായും താഴ്‌വരയായും ഇലവീഴാവനമായും നിറയുന്നത്. ആധുനികതയുടെ വിനിമയ പ്രതിസന്ധികൾ അനാവൃതമാകന്ന അകംയാത്രകൾ സാഹിത്യഭാവനയിൽ മുന്നേ അടയാളം ചെയ്യപ്പെടുന്നുണ്ട്. അധികാര പുരുഷനെ നഗ്‌നനാക്കുന്ന കലിബാധയുടെ വനപാതകൾ ആര്യ ചരിത്രസ്മൃതികളിൽ കാണാം. സ്ത്രീകാമനകൾ പ്രകൃതിയിൽ ആദേശം ചെയ്തു ഭൗതികമാക്കുന്ന ഭാഷാവിഷ്‌കാരങ്ങൾ ദ്രാവിഡഓർമ്മകളിലുണ്ട്. ആശാൻ കവിതകളിൽ ഇരുപക്ഷങ്ങളും മുഖാമുഖം നിൽക്കുന്നു. അഭിജനസങ്കട ദേശചര്യയുടെ വിമർശനങ്ങളായി വനം സ്ത്രീഭാവനയിൽ നിറയുന്നു. 'മൃഗശിക്ഷകൻ' എന്ന സ്ത്രീസംബോധന നിരന്തരം ശിക്ഷണങ്ങൾക്കു പരിപാകപ്പെടേണ്ട തൃഷ്ണകളുടെ വേവ് പങ്കിടുന്നു. കുലീനതകളുടെ മറുപുറങ്ങളിൽ പ്രാണനിർവാണപ്രദമായ പുതുവനപാതയുടെ ഗന്ധം തേടുന്ന ആധുനിക പുരുഷചേതന വൈലോപ്പിള്ളി അവതരിപ്പിക്കുന്നു. കാടുകളിൽ വലിയ മരങ്ങൾക്ക് ഇടയിൽ നടക്കുന്ന മൃഗമായി കാമനകളെ 'പരുന്തുകൾ' എന്ന കഥയിൽ മാധവിക്കുട്ടി സങ്കല്പിക്കുന്നുണ്ട്. ആധുനികത അപമാനവീകരിക്കുന്ന സ്വാഭാവിക ഇച്ഛകളാണ് താനേ തഴയ്ക്കുന്ന, പൂക്കുന്ന ഉൾക്കാടുകളായി ഈ സാഹിത്യഭാവനകളിൽ നിറയുന്നത്. സ്ത്രീപുരുഷകാമനകളുടെ ഗുണപരിണാമസ്ഥലമാണ് ഇവിടെ വനം. 'നൈഫ് ഇൻ ദ വാട്ടർ' (Knife in the water)ലും 'താഴ്‌വാര'ത്തിലും 'ഇലവീഴാപൂഞ്ചിറ'യിലും ഒടുങ്ങാത്ത കാമനാസഞ്ചാരങ്ങളുടെ ദ്രവ,വാതകരൂപിയായ ഭൂമിശാസ്ത്രം ദൃശ്യപെടുന്നു. കഴുകനും, അട്ടയും പോലുള്ള വീട്ടരുമകളല്ലാത്ത മൃഗലോകമാണ് ഇവിടെ പുലരുന്നത്. ഹിച്‌കോക്കിയൻ സിനിമകൾ പോലെ പുറങ്ങൾ ദൃശ്യമാക്കുന്ന അകമല്ല മറിച്ച്, അകങ്ങൾ ദൃശ്യമാകുന്ന പുറമാണ് ഇവിടെ പ്രകൃതി എന്ന് കാണാം. ആധുനിക ഭദ്രവിഷയിയുടെ ബലം കുറഞ്ഞ അനുഭൂതിലോകങ്ങളാണ് ഇവിടെ പ്രാമുഖ്യം നേടുന്നത്.

പ്രകൃതി, പുരുഷൻ, അധികാരം: കാമനാപ്രതിസന്ധിയുടെ ശരീരവത്കരണങ്ങൾ

ആന്ദ്രേ എന്ന സ്‌പോർട്‌സ് ലേഖകനും ഭാര്യ ക്രിസ്റ്റീനയും ഉല്ലാസയാത്രയ്ക്ക് പുറപ്പെടുമ്പോൾ അവർക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന അപരിചിതനായ യുവാവ് ഉണ്ടാക്കുന്ന സ്വരഭംഗങ്ങളാണ് പോളാൻസ്‌കി ദൃശ്യവത്കരിക്കുന്നത്. 'താഴ്‌വാര'ത്തിൽ നായകന്റെ പ്രതികാരമാണ് ഇതിവൃത്തം. 'ഇലവീഴാപൂഞ്ചിറ'യിൽ വയർലസ് സ്റ്റേഷനിലെ പൊലീസുകാരുടെ തൊഴിൽ ജീവിതവും കേസന്വേഷണവുമാണ് പ്രമേയമാകുന്നത്. ആധുനികതയുടെ മെരുക്കങ്ങളും മെരുങ്ങാത്ത ചേതനകളും തമ്മിലുളള നേർക്കുനേർ പോരാട്ടമാണ് ഈ ചിത്രങ്ങളിലെ ഓരോ രംഗങ്ങളും ഭാവതീവ്രമാക്കുന്നത്.


Related Articles