മിണ്ടാൻ വയ്യാത്ത ഇരുട്ട്‌

Cinema

മിണ്ടാൻ വയ്യാത്ത ഇരുട്ട്‌


സിനിമ രൂപംകൊള്ളും മുൻപുള്ള എല്ലാ ഭാവനകളും യാഥാർത്ഥ്യങ്ങളും ക്യാമറയുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. പിന്നത്തെ യാഥാർത്ഥ്യങ്ങളെല്ലാം അതിൽനിന്ന് വിവർത്തനം ചെയ്തെടുക്കുന്നതാണ്. നിർമ്മാണത്തിന്റെയും കാഴ്ചയുടെയും ഘട്ടങ്ങളിലെല്ലാം സിനിമ ഇരുട്ടിനെ കൂട്ടുപിടിക്കുന്നു. ഇരുട്ടു​മുറിയാണതിന് പഥ്യം. അന്ധകാരം പൂശിയ സ്ക്രീനിൽ വെളിച്ചം വീഴു​മ്പോൾ സൃഷ്ടിക്കപ്പെടുന്നതാണ് സിനിമയുടെ യാഥാർത്ഥ്യം. തിരിഞ്ഞുനോക്കിയാലോ തിരിച്ചു നോക്കിയാലോ കണ്ടെത്താനാവാത്തതാണ് ആ ക്ഷണിക യാഥാർത്ഥ്യം.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫോട്ടോഗ്രാഫിയിൽ ബിരുദം നേടിയ ഷാജി എൻ. കരുണിന് ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും തത്ത്വങ്ങൾ കലാത്മകമായി ഉപയോഗിക്കാൻ പ്രധാന അവസരങ്ങൾ ലഭിച്ചത് അരവിന്ദന്റെ സിനിമകളിലൂടെയാണ്. ‘കാഞ്ചനസീത’യിലാരംഭിക്കുന്ന ഇരു​വരും ചേർന്ന സിനിമായാത്രകളിൽ യാഥാർത്ഥ്യത്തിന്റെയും അതിയാഥാർത്ഥ്യത്തിന്റെയും വിവിധ തലങ്ങ​ളിൽ ആവിഷ്കരിക്കപ്പെട്ട മനുഷ്യദുരന്തങ്ങൾ അനിതര സാധാരണദൃശ്യങ്ങളായി ശാശ്വതീകരിക്കപ്പെട്ടു. ‘കാഞ്ചനസീത’യിൽ വർണ്ണങ്ങൾക്കിടയിലെ ഇരുട്ടാണ് പ്രകടമായതെങ്കിൽ ‘തമ്പി’ലെ ബ്ലാക്ക്&വൈറ്റ് ഛായകൾ അതിന്റെ ആഴം കൂടു​തൽ ദൃഢമായി അനുഭവപ്പെടുത്തി (‘തമ്പി’ന്റെ ഛായാഗ്രഹണത്തിനും സംവിധാനത്തിനും ദേശീയ അവാർ​ഡ് ലഭിച്ചു). രവി-അരവിന്ദൻ-ഷാജി (നിർമ്മാണം, സംവിധാനം, ഫോട്ടോഗ്രാഫി) അക്കാലത്തെ സമാന്തരസിനിമയുടെ സൂത്രവാക്യങ്ങളിലൊന്നായിരുന്നു. ജനറൽ പിക്ച്ചേഴ്സ് രവി​യുടെ നിർമ്മാണ സംരംഭത്തിലാണ് അരവിന്ദന്റെയും അടൂരിന്റെയും ഒട്ടുമിക്ക സിനിമകളും സാദ്ധ്യമായത് (മങ്കട രവിവർമ്മയായിരുന്നു അടൂരി​ന്റെ ഛായാഗ്രാഹകൻ). നിർമ്മാണത്തിനും സംവിധാനത്തിനുമൊപ്പം ഛായാഗ്രഹണത്തിനുകൂടി പ്രാധാന്യം നൽകി സിനിമാപോസ്റ്ററുകൾ ഇറങ്ങിയത് പ്രധാനമായും അരവിന്ദന്റെയും അടൂരിന്റെയും ചിത്രങ്ങൾക്കാണ്.

ഛായാഗ്രഹണമികവിലൂടെ അറി​യപ്പെടുന്ന സിനിമകൾ എന്ന ഖ്യാതി​കൂടി അരവിന്ദന്റെ ചില സിനിമകൾക്കെങ്കിലുമുണ്ട്. അത്തരത്തിൽ നവ​സിനിമയുടെ വ്യാകരണം സൃഷ്ടിക്കുന്നതിൽ തന്റെ പങ്ക് അസന്ദിഗ്ധമായി രേഖപ്പെടുത്തിയ ശേഷമാണ് ഷാജി സംവിധാന രംഗത്തേക്ക് എത്തുന്നത്. അപ്പോഴേക്കും നവസിനിമയുടെ ആദ്യ തിരകളടങ്ങുകയും അത് അടു​ത്ത ഘട്ടത്തിലേക്കു വഴി തിരിയുകയും ചെയ്തിരുന്നു. അരവിന്ദന്റെ സിനിമാ ശൈലിയുടെയും അതിനവലംബിച്ച ഛായാഗ്രഹണത്തിന്റെയും സ്വാധീനം അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ‘പിറവി’ (1988) യിലുണ്ടാകേണ്ടതായിരുന്നു. എന്നാൽ അരവി​ന്ദനിൽനിന്ന് തുടർച്ചയെന്ന രീതിയിൽ ആത്മീയതയും സംഗീതവും ധ്യാനാ​ത്മകതയും മാത്രം കൈക്കൊള്ളുകയാണ് അദ്ദേഹം ചെയ്തത്. ‘പിറവി’ തൊട്ടുള്ള സിനിമകളിലെല്ലാം വേദ പുരാണ പരാമർശങ്ങൾക്കൊപ്പം ബൗദ്ധസാന്നിദ്ധ്യങ്ങളുമുണ്ട് (സ്വം /1994, വാനപ്രസ്ഥം /1998, നിഷാദ് /2002, കുട്ടിസ്രാങ്ക്/ 2009, സ്വപാനം /2014, ഓള് /2018). സംഗീതത്തിന്റെ ഭിന്നമാതൃകകളിലൂടെയും ഭിന്ന തല​ങ്ങളിലൂടെയുമാണ് ഓരോ സിനിമ​യും സഞ്ചരിക്കുന്നത്. ചെണ്ടയും ചേങ്ങിലയും കഥകളിപ്പദങ്ങളും അതി​ലുൾപ്പെടുന്നു. ഹിമാലയത്തിന്റെ സംഗീതമന്വേഷിക്കുകയും സംഗീതത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് ജീവിതത്തെ വ്യാഖ്യാനിക്കാൻ ശ്രമി​ക്കുകയും ചെയ്യുന്ന ഒരു കഥാപാത്രംതന്നെ ‘നിഷാദി’ലുണ്ട്. ‘പിറവി’ക്ക് സംഗീതം നൽകിയത് അരവിന്ദൻതന്നെയാണ് (കൂടെ മോഹൻ സിത്താരയും). ഛായാഗ്രഹണം സണ്ണി ജോസ​ഫാണ് നിർവ്വഹിച്ചത് (തന്റെ ഒരു സിനി​മയിലും ഷാജി സ്വയം ഛായാഗ്രഹണം നടത്തിയില്ല). സ്വയം അകന്നു നിന്നുകൊണ്ടാണ് ‘പിറവി’ മുതലുള്ള സിനിമകളെല്ലാം അദ്ദേഹം സാക്ഷാത്കരിച്ചത്. സമാന്തരസിനിമയിൽ സംഭവിച്ച ഘടനാപരമായ മാറ്റങ്ങളുടെ ആദ്യഫലങ്ങൾ ‘പിറവി’യിലുണ്ട്.


Related Articles