ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രശസ്ത റഷ്യൻ ചലച്ചിത്രകാരനായ അലക്‌സാണ്ടർ സൊകുറോവിനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു. അസാധാരണമായ രീതിയിലുള്ള സർഗാത്മകതയും കർമ്മശേഷിയും പുലർത്തുന്ന സൊകുറോവ് ചെറു സിനിമകളും ഫീച്ചർ സിനിമകളും ഉൾപ്പെടെ ഏകദേശം നാല്പതോളം സിനിമകൾ സംവിധാനം ചെയ്തു.
അദ്ദേഹം 2002-ൽ സംവിധാനം ചെയ്ത 'റഷ്യൻ ആർക്' എന്ന സിനിമയെ സൊകുറോവിന്റെ സിനിമാജീവിതത്തിൽ മാത്രമല്ല, സിനിമാട്ടോഗ്രാഫിയിൽതന്നെ ഒരു നാഴികക്കല്ലായി പലരും കണക്കാക്കുന്നു. ഒറ്റശ്വാസത്തിൽ ഒരു സിനിമ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം. കട്ടുകളില്ലാതെ ഒറ്റ ടേക്കിലാണ് തൊണ്ണൂറ് മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. (അതായത്, സാധാരണയായി നിരവധി ദിവസങ്ങൾകൊണ്ടാണ് സിനിമകൾ ചിത്രീകരിക്കുന്നതെങ്കിൽ ഈ സിനിമ തൊണ്ണൂറ് മിനിട്ടുകൾകൊണ്ടാണ് ചിത്രീകരിച്ചത്).
റഷ്യയിലെ ഹെർമ്മിറ്റേജ് മ്യൂസിയത്തിലെ വിന്റർ പാലസ്സിനകത്തെ 33 മുറികളിൽ വച്ച് പൂർണമായും ചിത്രീകരിച്ച ഈ സിനിമ മൂന്ന് നൂറ്റാണ്ട് കാലത്തെ വിപ്ലവപൂർവ്വറഷ്യയുടെ ചരിത്രവും സംസ്‌കാരവും അവതരിപ്പിക്കുന്നു. കാലത്തിന്റെ അഭംഗുരമായ ഒഴുക്കായി അനുഭവപ്പെടുന്ന സിനിമയിൽ ത്രികാലങ്ങളും സന്ധിക്കുന്നു.
