രണ്ടു ഫാത്തിമമാർ: ഒരു താരതമ്യ വായന

Cinema

രണ്ടു ഫാത്തിമമാർ: ഒരു താരതമ്യ വായന


ജു സംവിധാനം ചെയ്ത “പെരുമാനി”(2024) എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമാണ് ഫാത്തി എന്നു വിളിക്കപ്പെടുന്ന ഫാത്തിമ. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “ഫെമിനിച്ചി ഫാത്തിമ” (2025)എന്ന സിനിമയിലെ നായികയാണ് പാത്തുമ്മ എന്ന ഫാത്തിമ. പേരിലുള്ള സാമ്യം ഒഴിച്ചു നിർത്തിയാൽ രൂപത്തിലും ഭാവത്തിലും പ്രായത്തിലും ജീവിതരീതിയിലും ചിന്തയിലും മറ്റെല്ലാ കാര്യങ്ങളിലും രണ്ടുപേരും തമ്മിൽ അജഗജാന്തരമുണ്ടെന്ന് തോന്നിയേക്കാം. ബാഹ്യാർത്ഥത്തിൽ അത് ശരിയാണുതാനും. മുസ്ലിം യാഥാസ്ഥിതിക പശ്ചാത്തലത്തിലാണ് രണ്ടുപേരുടെയും ജീവിതം. എന്നാൽ ആ ജീവിതത്തിലും കൂടുതൽ സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും അനുഭവിക്കുന്നത് ആദ്യത്തെ ഫാത്തിമയാണ്. രണ്ടാമത്തെ ഫാത്തിമയ്ക്ക് അതിലേക്കെത്താൻ ഒരുപാടുകടമ്പകൾ കടക്കേണ്ടതുണ്ട്. ആ മറികടക്കലാണ് “ഫെമിനിച്ചി ഫാത്തിമ”എന്ന സിനിമ. “പെരുമാനി”യിലെ ഫാത്തിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ടോക്സിക്കായ ഒരു ബന്ധത്തിൽ നിന്ന്, നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പുറത്തു കടക്കുക എന്നതാണ്. അവർ രണ്ടുപേരും തമ്മിൽ ഈ അന്തരങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ രണ്ടു ഫാത്തിമമാരും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും നിലനിൽക്കുന്ന പലതിനെയും ചോദ്യം ചെയ്യുകയും പുതുക്കിപ്പണിയുകയും ചെയ്യുന്നു. ഈ ചോദ്യംചെയ്യലും പുതുക്കിപ്പണിയലും സ്വന്തം നിലനിൽപ്പിനുവേണ്ടിയാണ്. അങ്ങനെയാകുമ്പോൾപോലും അത് വരാനിരിക്കുന്ന തലമുറയ്ക്ക് കൃത്യവും വ്യക്തവുമായ സന്ദേശം നൽകുന്നുണ്ട്. ആ സന്ദേശം പലപ്പോഴും നിലവിലുള്ള പുരുഷ മേധാവിത്വ(മത) സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയില്ല. കാരണം ചോദ്യങ്ങളെയല്ല ഉത്തരങ്ങളെയാണ്, ചെറുത്തുനിൽപ്പുകളെയല്ല കീഴടങ്ങലിനെയാണ് ഏതൊരു അധികാര കേന്ദ്രവും ഇഷ്ടപ്പെടുന്നത്. അത് ആണധികാര വ്യവസ്ഥയാവാം, മതമാകാം, ഭരണകൂടമാകാം. അങ്ങനെ എന്തുമാകാം. എന്നിരുന്നാൽപ്പോലും തിയേറ്ററിലിരുന്ന് രണ്ടു ഫാത്തിമമാർക്കും വേണ്ടി കയ്യടിച്ചിരുന്ന ആണുങ്ങൾ അവിടെനിന്ന് ഇറങ്ങിയ ഉടനെത്തന്നെ തങ്ങൾ സിനിമ കാണുമ്പോൾ ഉപേക്ഷിച്ച പാട്രിയാർക്കിയുടെയും ടോക്സിസിറ്റിയുടെയും മുഖപടം എടുത്തണിയുന്നു. വീട്ടിൽ അവർ നാസറും (പെരുമാനി) അഷറഫ് ഉസ്താദുമാണ്(ഫെമിനിച്ചി ഫാത്തിമ). ഈ അവസ്ഥാന്തരം ആ സിനിമകൾ ഒരുക്കുന്ന കെണിയാണ്. ആ കെണിയിലേക്ക് അറിയാതെ ചെന്ന് തല വച്ചുകൊടുക്കുകയാണ് പുരുഷാധിപത്യ (മത)സമൂഹത്തിലെ പ്രേക്ഷകരായ ആണുങ്ങൾ.

പെരുമാനിയിലെ ഫാത്തിമ

നായിക ഫാത്തിമ(ദീപ തോമസ്) തന്നെയാണ്. വെളുത്ത നിറമാണ് സൗന്ദര്യമെന്ന പൊതുബോധ നിർവചനത്തിനനുസരിച്ചാണ് കഥാപാത്രനിർമിതി. സുന്ദരിയായ ഫാത്തിമയുടെ നിശ്ചയിച്ചുറപ്പിച്ച കല്യാണമാണ് പെരുമാനി എന്ന ഗ്രാമത്തിൽ നടക്കുന്ന എല്ലാ കലഹങ്ങളുടെയും അടിസ്ഥാനം. ഇരുപതിന്റെയും ഇരുപത്തഞ്ചിന്റെയും ഇടയിൽ എവിടെയോ ആയിരിക്കണം ഫാത്തിമയുടെ പ്രായം. അവളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സിനിമയിൽ ഒരിടത്തും പരാമർശമില്ല. മാത്രമല്ല അധികം സാമ്പത്തികശേഷിയില്ലാത്ത ഒരു സാധാരണ വീട്ടിൽ വീട്ടുജോലികളും മറ്റും നോക്കി ജീവിക്കുന്ന ഫാത്തിമ പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട് എന്ന് കരുതാം. ആടിനെയും കോഴിയെയും മറ്റും വളർത്തി അതിൽ നിന്ന് കിട്ടുന്ന കുറഞ്ഞവരുമാനം കൊണ്ട് സ്വന്തം കാലിൽ നിൽക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു. സഹോദരൻ മുജി എന്നു വിളിക്കുന്ന മുജീബ്, ഉമ്മ എന്നിവർ അടങ്ങിയ ചെറിയ കുടുംബം. അതിൻ്റെ കർതൃസ്ഥാനത്ത് മുജീബാണ് (സണ്ണി വെയിൻ). റംലു(രാധികാ രാധാകൃഷ്ണൻ)മായിട്ടുള്ള പ്രണയവും അവളെ കരിം വിവാഹം കഴിച്ചതിലുള്ള നിരാശയും അയാൾക്കുണ്ട്. അതിനാൽ അയാൾ ഇപ്പോഴും അവിവാഹിതനാണ്. മുജീബിന്റെ നിരാശ കൃത്യമായി മനസ്സിലാക്കുന്നതും അയാളെ ആശ്വസിപ്പിക്കുന്നതും ഫാത്തിമയാണ്. അവൾക്ക് മുജീബിനെ ശരിക്കും മനസ്സിലാകുന്നുണ്ടെങ്കിലും തിരിച്ച് അങ്ങനെയല്ല. അത് അവൾക്കറിയാം. അവളുടെ അടുത്ത സുഹൃത്താണ് റംലു. ഫാത്തിമയുടെ വിവാഹം നാട്ടിലെ പണക്കാരനായ നാസറുമായി(വിനയ്ഫോർട്ട്) തീരുമാനിച്ചിരിക്കുന്നു. തന്റെ പെണ്ണാണ് വെളുത്ത് സുന്ദരിയായ ഫാത്തിമ എന്നതിൽ നാസറിനും അഭിമാനമുണ്ട്. നാസറിനെ ഫാത്തിമയ്ക്ക് ആദ്യമൊക്കെ ഇഷ്ടമായിരുന്നു. പിന്നീട് പക്ഷേ, പാട്രിയാർക്കിയുടെയും ടോക്സിസിറ്റിയുടെയും പ്രതിരൂപമാണ് നാസറെന്ന് വൈകിയാണെങ്കിലും ഫാത്തിമ മനസ്സിലാക്കുന്നുണ്ട്. ആണും പെണ്ണും സംസാരിച്ചാൽ അത് പ്രണയവും ലൈംഗിക ബന്ധവുമാണെന്ന് വിശ്വസിക്കുകയും സംശയിക്കുകയും ചെയ്യുന്ന നാസറിൽ നിന്നുള്ള മോചനം അവൾ സ്വപ്നം കാണുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിക്കാണണമെന്ന് അവൾ ആഗ്രഹിക്കുന്നു. നാസറിനെപ്പോലുള്ള ഒരാളുടെകൂടെ ജീവിതകാലം മുഴുവൻ ചിലവഴിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല. ആ തീരുമാനം വളരെ ബുദ്ധിപൂർവ്വമായി അവൾ തിരഞ്ഞെടുത്തതാണ്. അതിനവൾ ആശ്രയിക്കുന്നത് തന്റെ ബാല്യകാല സുഹൃത്തായ അബിയെയാണ്. (ലുക്മാൻ അവറാൻ). ഒരു പ്രത്യേക സന്ദർഭത്തിൽ, അവന് പണയം വെക്കാൻ അവൾ കൈമാറിയ സ്വർണ്ണ അരഞ്ഞാണം കളഞ്ഞു പോവുന്നു. അത് ഫാത്തിമയുടെ കയ്യിൽ തിരിച്ചെത്തുന്നുവെങ്കിലും അക്കാര്യം അവൾ അബിയിൽ നിന്നും മറച്ചുവച്ച് തൻ്റെ കല്യാണം മുടക്കുവാൻ വേണ്ടി അയാളെ നിർബന്ധിക്കുന്നു. മുടക്കിയില്ലെങ്കിൽ അരഞ്ഞാണത്തിന്റെ കാര്യം എല്ലാവരെയും അറിയിക്കുമെന്നു പറയുന്നു. തന്റെ കല്യാണം മുടങ്ങാൻ വേണ്ടി അവനുമായി ഒളിച്ചോടാൻ തയ്യാറാകുന്നു. (ആ ഒളിച്ചോട്ടം തന്നെ നമ്മുടെ മുഖ്യധാര സിനിമകളിൽ കണ്ടുമടുത്ത ഒളിച്ചോട്ടത്തിന്റെ പാരഡിയാണ്).


Related Articles