വിപരീതദിശയിലെ ജീവിതപഥം

Book Review

വിപരീതദിശയിലെ ജീവിതപഥം


മനുഷ്യരുടെയും ലോകത്തിന്റെയും ആന്തരിക പ്രതിസന്ധികളെയും അസ്തിത്വബോധത്തെയും അഭിമുഖീകരിക്കുന്ന കൃതികളെയായിരുന്നു ആധുനികതയുടെ ബിംബങ്ങളായി അവരോധിച്ചിരുന്നത്. നിരാസവും നിരാശയും ഉത്കണ്ഠയും നിറഞ്ഞു നിന്ന അക്കാലത്തെ ആഖ്യാനങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ലോകത്തെ കാലികമായ ഉള്‍ക്കാഴ്ചയോടെ കണ്ടു തുടങ്ങുന്ന രചനകള്‍ അടുത്ത ഘട്ടത്തില്‍ ജനിച്ചുതുടങ്ങി. എന്നാല്‍ കാലം മുന്നോട്ടുപോകുന്തോറും മനുഷ്യരുടെ വൈയക്തിക വ്യവഹാരങ്ങളെ സാമൂഹികമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യരൂപങ്ങള്‍ എഴുതപ്പെട്ടു.

മാറിയ സാഹചര്യങ്ങള്‍, ലോകവീക്ഷണങ്ങള്‍, രാഷ്ട്രീയവും സാമൂഹികവുമായ പ്രതിഫലനങ്ങള്‍ എന്നിവയൊക്കെ പ്രാധാന്യത്തോടെ സാഹിത്യത്തില്‍ കടന്നു വന്നു. അനുഭവതലത്തെ ആവിഷ്‌കരിക്കുന്ന ആഖ്യാനരൂപങ്ങളില്‍ സ്ഥലവും കാലവും സാമൂഹികത്വവും ഘടകങ്ങളായി തീരുകയും ചെയ്തു. ഇവയ്‌ക്കൊപ്പം ദാര്‍ശനികതയും സ്ഥാനം പിടിക്കുമ്പോള്‍ നോവലിന്റെ വഴി വേറിട്ടതാകുകയാണ്. എപ്പോഴും സമകാലത്തെ ചുറ്റുപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും ദാര്‍ശനികമായ അന്വേഷണമായി സാഹിത്യം രൂപപ്പെടുന്നുണ്ട്. മാനവികതയുടെ സത്തയും യാഥാര്‍ഥ്യബോധവും ഭാവനാത്മകതയ്ക്കൊപ്പം തെളിയുന്നതും ശ്രദ്ധേയമാണ്.

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള സഞ്ചാരപഥത്തിന്റെ സങ്കീര്‍ണതകളെ ദാര്‍ശനികമാനത്തോടെ അവതരിപ്പിക്കുന്ന നോവലാണ് വി ജെ ജയിംസിന്റെ 'ആന്റിക്ലോക്ക്' എന്ന നോവല്‍. ആദിനാട് എന്ന മലയോര ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനത്തില്‍ മനുഷ്യരുടെ അധികാരവ്യവഹാരങ്ങളും പകയും വെറുപ്പും നിസ്സഹായതയും നിറഞ്ഞു നില്‍ക്കുന്നു. അസ്ഥിരമായ ലോകത്ത് സ്ഥായിയായി നിലനില്‍ക്കുന്ന ഇത്തരം വികാരവിചാരങ്ങളിലാണ് നോവലിലെ സന്ദര്‍ഭങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ സംഘര്‍ഷഭരിതമായ അവസ്ഥകളെ വിശകലനം ചെയ്തുകൊണ്ട് മനുഷ്യരുടെ വ്യഥകളും ദുരിതങ്ങളും നോവലിസ്റ്റ് പരിശോധിക്കുന്നു.


Related Articles