വേദനയുടെയും പ്രതിരോധത്തിന്റെയും ആഖ്യാന ഭൂപടങ്ങൾ

Book Review

വേദനയുടെയും പ്രതിരോധത്തിന്റെയും ആഖ്യാന ഭൂപടങ്ങൾ


ഴിഞ്ഞ ഒന്നര ദിവസമായി മനസ്സിൽ തിങ്ങിനിന്നത് ഷീലാ ടോമിയുടെ 'ആ നദിയോട് പേര് ചോദിക്കരുത്' എന്ന നോവലായിരുന്നു. 'ഹൃദ്യം' വായനാ കൂട്ടായ്മയ്ക്ക് വേണ്ടി നൂർജഹാൻ നിർവ്വഹിച്ച ശബ്ദരൂപത്തിലൂടെയാണ് ഈ കൃതിയെ ഞാൻ അനുഭവിച്ചറിഞ്ഞത്. സമകാലീന മലയാള സാഹിത്യത്തിലെ പ്രവാസ രചനകളിൽ, ആഖ്യാനപരമായ തീവ്രതകൊണ്ടും പ്രമേയപരമായ അസ്വസ്ഥതകൾ കൊണ്ടും സമീപകാലത്തൊന്നും എന്നെ ഇത്രമേൽ പൊള്ളിച്ച മറ്റൊരു നോവലില്ല.

സങ്കീർണ്ണമായ രാഷ്ട്രീയ സമസ്യകളെയും വംശീയ-ദേശീയതാ സംഘർഷങ്ങളെയും അത്യധികം വിശകലനാത്മകമായി സമീപിക്കുന്ന ഒരു കൃതിയെന്ന നിലയിൽ ഈ നോവൽ അർഹിക്കുന്ന തരത്തിലുള്ള ഗൗരവകരമായ സാഹിത്യ വിചാരങ്ങളോ രാഷ്ട്രീയ ചർച്ചകളോ ഇവിടെ സംഭവിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഇസ്രായേൽ-പലസ്തീൻ സംഘർഷം കേന്ദ്ര പശ്ചാത്തലമാകുന്നതുകൊണ്ടുതന്നെ, മലയാളി വരേണ്യ വായനാസമൂഹത്തിന് പൊതുവേയുള്ള പലസ്തീൻ വിഷയത്തോടുള്ള നിസ്സംഗതയും രാഷ്ട്രീയ സംഭവവികാസങ്ങളിൽ മുഖ്യധാര പുലർത്താൻ ശ്രമിക്കുന്ന ബോധപൂർവ്വമായ നിഷ്പക്ഷതയും (neutrality) ഈ രചനയുടെ വിപുലമായ സ്വീകാര്യതയ്ക്ക് തടസ്സമായിട്ടുണ്ടാകാം. എന്നാൽ, പ്രവാസജീവിതത്തിന്റെ സങ്കീർണ്ണതകളെ കേവലമൊരു അന്യദേശ അനുഭവത്തിനപ്പുറം, വംശീയവും ഭാഷാപരവും മതപരവുമായ വൈരുദ്ധ്യങ്ങളുമായി കൂട്ടിയിണക്കാൻ ഷീലാ ടോമി കാണിച്ച സാഹിത്യപരമായ പ്രാപ്തി എടുത്തുപറയേണ്ടതുതന്നെയാണ്.

ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് കരകയറാൻ ദുബായിലെത്തുകയും, ദാമ്പത്യത്തിലെയും തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയിലെയും നിസ്സഹായതകൾ മൂലം വീണ്ടും പ്രവാസത്തിലേക്ക് ആട്ടിയകറ്റപ്പെടുകയും ചെയ്യുന്ന വയനാട്ടുകാരിയായ റൂത്താണ് നോവലിന്റെ കേന്ദ്ര ആഖ്യാനധാര. പരിതാപകരമായ സാഹചര്യങ്ങളിൽ വലിയമ്മച്ചിയുടെ സ്നേഹത്തണലിൽ വളരുകയും കോൺവെന്റ് സഹായത്തോടെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്യുന്ന റൂത്ത്, രണ്ടാം പ്രവാസത്തിൽ ദുബായിൽ വച്ച് ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കെണിയിൽപ്പെടുന്നു. സാഹസികമായി അവിടെനിന്ന് രക്ഷപ്പെടുന്ന അവൾ, സുഹൃത്തുക്കളായ മീന, ഡോ. ഷഹനാ, നൂർജഹാൻ എന്നിവരുടെ പിന്തുണയോടെ ഇസ്രായേലിൽ ഒരു കേയർ ഗിവറായി എത്തുന്നു. ഈ വ്യക്തിഗത അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ-പലസ്തീൻ ഭൗമരാഷ്ട്രീയത്തിന്റെ ക്രൂരമായ യാഥാർത്ഥ്യങ്ങൾ നോവലിൽ ആവിഷ്കരിക്കപ്പെടുന്നത്.


Related Articles