വായനയുടെ വേരുകൾ 

Book Review

വായനയുടെ വേരുകൾ 


മലയാള സാഹിത്യത്തിൽ 'മൈക്രോ ഫിക്ഷൻ' അഥവാ 'മിന്നൽക്കഥ' എന്ന സാഹിത്യരൂപത്തെ ജനകീയമാക്കുകയും വായനക്കാരുടെ മനസ്സിൽ ശക്തമായി സ്ഥാപിക്കുകയും ചെയ്ത എഴുത്തുകാരനെന്ന നിലയിൽ പി. കെ. പാറക്കടവ് മലയാള ചെറുകഥാ പ്രസ്ഥാനത്തിൽ തന്റേതായ ഇടം നേടിയെടുത്ത എഴുത്തുകാരനാണ്. വളരെ ചുരുക്കം വാക്കുകൾകൊണ്ട് ജീവിതത്തിന്റെ സങ്കീർണ്ണതകളും മനുഷ്യാവസ്ഥയുടെ നിസ്സഹായതകളും സാമൂഹികയാഥാർത്ഥ്യങ്ങളുമെല്ലാം ആവിഷ്‌കരിക്കാനാകുന്ന ഈ രൂപത്തിന് മലയാളത്തിൽ സ്വതന്ത്രമായ ഒരു സാന്നിധ്യം നൽകാൻ അദ്ദേഹത്തിന്റെ കഥകൾക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, മലയാള സാഹിത്യത്തിൽ മൈക്രോ ഫിക്ഷൻ അഥവാ മിന്നൽക്കഥയെ ജനകീയമാക്കിയ എഴുത്തുകാരൻ പി. കെ. പാറക്കടവ് ആണെന്ന് ഉറപ്പിച്ചു പറയാം. ചെറിയ വാക്കുകളിൽ ഒരു ജീവിതാവസ്ഥ, സാമൂഹിക വിരോധാഭാസം, മാനസിക സംഘർഷം, രാഷ്ട്രീയ സൂചന, അല്ലെങ്കിൽ മനുഷ്യാവസ്ഥയുടെ തീവ്രമായ ഒരു നിമിഷം പകർത്താനുള്ള അദ്ദേഹത്തിന്റെ കഴിവാണ് മിന്നൽക്കഥകൾക്ക് വായനക്കാരുടെ മനസ്സിൽ സവിശേഷമായ ഇടം നേടി കൊടുക്കുന്നത് . പാറക്കടവിന്റെ മിന്നൽക്കഥകൾ പരമ്പരാഗത ചെറുകഥയുടെ ചുരുക്കരൂപമല്ല, മറിച്ച് സങ്കുചിതത്വം, സൂചന, നിശ്ശബ്ദത, വിസ്മയം, വിമർശനബോധം എന്നിവ ചേർന്ന് രൂപംകൊള്ളുന്ന ഒരു പ്രത്യേക കഥാഭാഷയാണ്. ഈ കഥകൾ വായിക്കുമ്പോൾ വായനക്കാർക്ക് ലഭിക്കുന്നത് ഒരു 'കഥാവസ്തു' മാത്രമല്ല, സവിശേഷമായ വായനാനുഭവം കൂടിയാണ്. കാരണം വായനക്കാരുടെ ഭാവനയെക്കൂടി ഉൾപെടുത്തിക്കൊണ്ടാണ് കഥ പൂർണ്ണമാക്കുന്നത്. കഥകൾ എഴുതുമ്പോൾതന്നെ വായനക്കാരെ കേന്ദ്രസ്ഥാനത്ത് നിർത്തികൊണ്ടാണ് പി കെ പാറകടവ് തുടങ്ങുന്നത്. 'കാഥികന്റെ പണിപ്പുരയിൽ' വായനക്കാർക്ക് സവിശേഷമായ പദവി അനുവദിച്ചുകൊടുക്കുന്നു. അതുകൊണ്ടുതന്നെ പി. കെ. പാറക്കടവിന്റെ മിന്നൽക്കഥകളെ പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളിലൊന്നായ Reader-Response സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ വായിക്കുന്നതിന് കാലികപ്രസക്തിയുണ്ട്. 

സാഹിത്യകൃതിയുടെ അർത്ഥം എഴുത്തുകാരിലോ ടെക്സ്റ്റിലോ മാത്രം നിക്ഷിപ്തമല്ലെന്നും, അത് വായനക്കാരുടെ സജീവമായ ഇടപെടലിലൂടെ രൂപപ്പെടുന്നതാണെന്നും ഈ സിദ്ധാന്തം വാദിക്കുന്നു. സാഹിത്യവിമർശനത്തിലെ പ്രധാനപ്പെട്ട ഒരു സമീപനമായ Reader-Response Theory, അർത്ഥനിർമാണ പ്രക്രിയയിൽ വായനക്കാരുടെ അനുഭവങ്ങൾക്കും പ്രതീക്ഷകൾക്കും വ്യാഖ്യാനങ്ങൾക്കും കേന്ദ്രസ്ഥാനം നൽകുന്നു. ചുരുങ്ങിയ വാക്കുകളിൽ അനന്തമായ അർത്ഥസാധ്യതകൾ തുറന്നിടുന്ന പി. കെ. പാറക്കടവിന്റെ മിന്നൽക്കഥകൾ, വായനക്കാർ വ്യത്യസ്തരീതികളിൽ അനുഭവിക്കുകയും പുനർസൃഷ്ടിക്കാൻ കഴിയുന്ന പാഠങ്ങളായി മാറുകയും ചെയ്യുന്നു. അതിനാൽ, വായനക്കാരുടെ പങ്കാളിത്തത്തെ മുൻനിർത്തുന്ന Reader-Response സമീപനം ഈ കഥകളെ മനസ്സിലാക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ വിമർശനോപാധികളിലൊന്നാണ്. ഈ സിദ്ധാന്തമനുസരിച്ച് ഒരു സാഹിത്യകൃതിയുടെ  അർത്ഥം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു വസ്തുതയല്ല, അത് വായനക്കാരുടെ വായനയിലും പ്രതികരണത്തിലുമാണ് സജീവമാകുന്നതെന്ന് പ്രത്യക്ഷത്തിൽതന്നെ വായനക്കാർക്ക് അനുഭവിക്കാൻ കഴിയുന്നത് ഇന്ന് മലയാള ചെറുകഥാസാഹിത്യത്തിൽ പി കെ പാറകടവിന്റെ കുഞ്ഞുകുഞ്ഞു കഥകളിലാണ്.


Related Articles