വാക്കിന്റെ മറുകരയിൽ കാത്തുവച്ച രഹസ്യം

Book Review

വാക്കിന്റെ മറുകരയിൽ കാത്തുവച്ച രഹസ്യം


. സന്തോഷ്‌കുമാറിന്റെ പുതിയ നോവലായ "ജ്ഞാനഭാര'​ത്തെ​പ്പറ്റി എഴുതാനിരിക്കുമ്പോൾ ഞാനറിയാതെ കാലത്തിലൂടെ പിന്നോട്ടു പോവുകയാണ്. ആപത്കരമായി ജീവിക്കാൻ ശീലിച്ച ഒരു തലമുറ​യുടെ കവിതയും സ്വപ്നവും ഭ്രാന്തും ഇട​കലർന്ന തീവ്രവാദപ്രസ്ഥാന​ത്തിന്റെ ഉയർച്ചതാഴ്ചകൾ ചിത്രീകരിക്കുന്ന "അന്ധകാരനഴി'ക്കും മൊഴിയുടെയും മൗനത്തിന്റെയും അതിരുകൾ കുറിച്ചിട്ട "വാക്കുകൾ' എന്ന നോവലിനും ശേഷം സന്തോഷ്കുമാർ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട രചന ഇതാണെന്നു തോന്നുന്നു. കുറച്ചുമാത്രം എഴുതുക, തന്റെ പുസ്തകങ്ങൾക്കിടയിൽ നീണ്ട ഇടവേള കടന്നുവരാൻ അനുവദിക്കുക, ഓരോ പുസ്തകത്തിന്റെ പിന്നിലും ധ്യാനത്തിന്റേ​തായ അവസ്ഥ ഉണ്ടായിരിക്കുക,  ഇതാണ് സന്തോഷ്‌കുമാറിന്റെ രചനാരീതിയുടെ സവിശേഷതയെന്നു തോന്നുന്നു. ഇതുതന്നെ​യാണ് സന്തോഷ്‌കുമാറിനെ മറ്റ് എഴുത്തുകാരിൽനിന്നും വ്യത്യ​സ്ത​നാക്കുന്നത്. സന്തോഷ്കുമാറിന്റെതന്നെ മറ്റു കൃതികളിൽ​നിന്നും "ജ്ഞാനഭാരം' പലതുകൊണ്ടും വ്യത്യസ്തമാണ്. ഒരു നോവ​ലിസ്റ്റിനെ സംബന്ധിച്ച് സ്വയം ആവർത്തിക്കാതിരിക്കുക, സ്വയം അനുകരിക്കാതിരിക്കുക എന്നത് പ്രയാസമുള്ള കാര്യ​മാണ്. സന്തോഷ്കുമാർ സ്വയം ആവർത്തിക്കാനും അനുകരി​ക്കാനും ഇഷ്ടപ്പെടുന്ന ഒരാളല്ല. അദ്ദേഹത്തിന്റെ ഓരോ കൃതിയും അതിനുമുമ്പുള്ളതിൽനിന്നും വ്യത്യാസമുള്ളതാണ്. പ്രമേയസ്വീകരണ​ത്തിലും പരിചരണത്തിലും  അദ്ദേഹത്തിന്റെ പഴയ കൃതികളിൽനിന്ന് "ജ്ഞാനഭാരം' ഏറെ മാറിനില്ക്കുന്നുണ്ടെന്നു കാണാൻ കഴിയും.

ഈ നോവലിലെ പേരില്ലാത്ത ആഖ്യാനകാരൻ നോവലിസ്റ്റ് തന്നെയാണ്. എന്നുമാത്രമല്ല, ഇതിലെ നോവലിസ്റ്റായ  അല്ലെങ്കിൽ നോവ​ലിസ്റ്റ് ആവാൻ ആഗ്രഹിക്കുന്ന വ്യക്തി ഈ കഥയിൽ വിവ​രിച്ചിട്ടുള്ള സംഭവങ്ങൾ നടക്കുമ്പോൾ അവയെക്കുറിച്ച് കുറിപ്പ് എടുക്കുന്നു, ഡയറി സൂക്ഷിക്കുന്നു. അങ്ങനെ തന്റെ സൃഷ്ടി​ക്കുള്ള വിഭവമായിട്ടാണ് അയാൾ കൈലാസ് പാട്ടീലിന്റെ അനുഭവ​ങ്ങളെ നോക്കിക്കാണുന്നത് എന്നു വ്യക്തമാണ്. കഥയിൽ നട​ക്കുന്ന സംഭവങ്ങൾ എല്ലാംതന്നെ  അദ്ദേഹം തന്റെ മനസ്സിൽ ഇട്ടു പാകപ്പെ​ടുത്തി അതിലൂടെ ഒരു പുതിയ രചന ഉണ്ടാക്കിയെടുക്കു​കയാണ്. അങ്ങനെ നോവൽരചനയെക്കുറിച്ചുള്ള ഒരു നോവലായി​ക്കൂടി  ഇതിനെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. മെറ്റാഫിക്‌ഷന്റെ അംശ​മുള്ള, അതല്ലെങ്കിൽ സർഗ്ഗക്രിയയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു നോവലാണ് ഇതെന്നു പറഞ്ഞാലും തെറ്റാവില്ല.

ഈ നോവലിൽ മൂന്നു നാലു കഥാപാത്രങ്ങളേ കടന്നുവരുന്നുള്ളൂ. ഇതിൽ സംഭവങ്ങൾ താരതമ്യേന കുറവാണ്. എന്നാൽ ആ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് കഥാകൃത്ത് എത്തിച്ചേരുന്നത് ആത്യന്തികമായ ചില ജീവിതപ്രശ്‌നങ്ങളിലേക്കാണ്. "മനുഷ്യ​രാശിക്ക് എത്രമാത്രം യാഥാർത്ഥ്യം താങ്ങാൻ കഴിയും?' എന്നു ചോദി​ച്ചത് കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട കവികളിലൊരാളായ ടി.എസ്. എലിയട്ടായിരുന്നു. അതുപോലെതന്നെയാണ് മനുഷ്യമനസ്സിന് അറിവിന്റെ, അല്ലെങ്കിൽ ജ്ഞാനത്തിന്റെ ഭാരം എത്ര​മാത്രം താങ്ങാൻ കഴിയും എന്ന ചോദ്യം.  ഇതിലെ പ്രധാന കഥാ​പാത്രമായ കൈലാസ് പാട്ടീലിനെ സംബന്ധിക്കുന്ന കൗതുകകര​മായ കാര്യം പന്ത്രണ്ടു വാല്യം അടങ്ങിയ ഒരു എൻസൈക്ലോപീഡിയയുമായുള്ള അയാളുടെ ഗാഢമായ ബന്ധം ആണ്. ഇരുപതാം നൂറ്റാ​ണ്ടിലെ ആരംഭത്തിൽ പുറത്തുവന്നതാണ് ഈ വിജ്ഞാനകോശം (എൻസൈക്ലോപീഡിയ). അതിനുശേഷം ഉണ്ടായ സംഭവ​ങ്ങൾ–– നോവലിസ്റ്റ്തന്നെ പറയുന്നതുപോലെ––ലോകമഹായുദ്ധ​ങ്ങളോ സാമ്പത്തികപ്രതിസന്ധികളോ ഗാന്ധിയോ ചർച്ചിലോ ഹിറ്റ്‌ലറോ സ്റ്റാലിനോ ഒന്നുംതന്നെ ആ വിജ്ഞാനകോശത്തിൽ ഇല്ല.  ഭുവൻ​ ദേശായി തന്റെ അച്ഛന് സമ്മാനിച്ച, തന്റെ കോളേജ് പഠനകാലത്ത് അച്ഛൻ തനിക്ക് നല്കിയ വിജ്ഞാനകോശം പേർത്തും പേർത്തും വായിച്ചുകൊണ്ട് അതിൽ മനസ്സുറപ്പിച്ച് തന്റെ അറിവി​ന്റെയും അനുഭവത്തിന്റെയും ലോകത്തെ മുഴുവൻ അതിൽ ഒതുക്കി അങ്ങനെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് കൈലാസ് പാട്ടീൽ. ഇദ്ദേഹത്തിന്റെ അവസ്ഥ ചിത്രീകരിക്കാനായി നോവ​ലിസ്റ്റ്തന്നെ വളരെ ഹൃദയഹാരിയായ ഒരു രൂപകം ഇതിൽ ഉപയോഗി​ക്കുന്നുണ്ട്: "ഒഴുകിക്കൊണ്ടിരിക്കെ പെട്ടെന്നു നിലച്ചുപോയ ഒരു നദിപോലെ, അതിനുമേൽ ഉറച്ചുപോയ ഒരു തോണിപോലെ.' പുറത്ത് ലോകം ഇരമ്പിക്കുതിക്കുകയാണ്. മാറ്റങ്ങൾ നിറഞ്ഞ, അതിവേഗം പരി​ണമിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകം. പക്ഷേ, കൈലാസ് പാട്ടീലിന്റെ മാനസികപ്രപഞ്ചം ഒരു നൂറ്റാണ്ടു മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട വിജ്ഞാനകോശത്തിന്റെ താളുകൾക്കുള്ളിൽ കുരുങ്ങിക്കിട​ക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ ചെയ്യാനിടയായി എന്നതിന്റെ ഉത്തരവും നോവലിൽ അടങ്ങിയിട്ടുണ്ട്. എന്നുമാത്രമല്ല, പല കോണു​കളിൽ നിന്നുകൊണ്ട് ഈ പ്രമേയത്തിലേക്കു വെളിച്ചം പായിക്കുകയും ചെയ്യുന്നുണ്ട്, നോവലിസ്റ്റ്.


Related Articles