പകിടയും ചൂതും കളിക്കുവാൻ കരുക്കൾ വേണം. കളിക്കാരൻ തന്നെ മറ്റൊരു കരു ആയി മാറിയാലോ? ജീവിതം തീർച്ചയായും അങ്ങനെയാണ്. അദൃശ്യനായ പെരുമാളിനു കളിക്കുവാനുള്ള ഉരു. ജീവിതം നാടകമാണെന്ന കല്പനയുമുണ്ട്. ‘അദൃശ്യാംഗുലീ ചാലിതം നിന്നുതുള്ളും പാവനിഴലായിരുന്നു ഞാൻ.’ ഒ.എൻ.വിയുടെ ‘സരയുവിലേക്ക്’ എന്ന കവിതയിൽ ശ്രീരാമൻ പരിതപിക്കുന്നു. പുതിയ സങ്കല്പങ്ങളൊന്നുമല്ല ഇവ. ഒട്ടും പഴകിപ്പൊടിഞ്ഞതുമല്ല. ലോകസത്യംപോലെ പ്രപഞ്ചത്തിന്റെ പല ദിക്കിലുംനിന്ന് മനുഷ്യർ ജീവിതത്തെ അങ്ങനെ കാലങ്ങളായി നിരൂപിച്ചുകൊണ്ടേയിരിക്കുന്നു. മജീദ് സെയ്ദിന്റെ നോവൽ കരു വായിക്കുമ്പോൾ എന്റെ ചിന്തകൾ കടന്നുപോകുന്നതും ഈ വഴിയൊക്കെത്തന്നെ. ആരെയും ഒന്നിനെയും ഗൗനിക്കാത്ത ആഖ്യാനമാണ് ഈ നോവലിന്റെ പ്രത്യേകത.
കഥകളുടെ മഹാസാഗരമാണ് ഈ നോവൽ. മനുഷ്യർ... മനുഷ്യർ... കഥകളുടെ ചിലന്തിനൂലിൽ കുടുങ്ങിക്കിടക്കുന്നവർ. പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും പൂണ്ടുപോയവർ. ചോരയിൽ നീന്തിത്തുടിക്കുന്നവർ. മുലപ്പാലിൽ മുങ്ങിക്കുളിച്ചു വിശുദ്ധരാവുന്നവർ. അർത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തിൽ കൂത്താടുന്നവർ. ജീവിതം ഇങ്ങനെയൊക്കെയോ എന്നു നടുങ്ങിപ്പോകുന്നു. മഹത്തായ സാഹിത്യം രചിക്കുകയാണെന്ന നാട്യമില്ല. പക്ഷേ, ഇതിൽ സാഹിത്യമുണ്ട്. വായനയുടെ തുടക്കക്കാരെയും ചേർത്തുപിടിക്കുന്ന വായനാക്ഷമതയുണ്ട്. ചിലയിടത്തു വസ്തുനിഷ്ഠമായ വിവരണത്തിൽ മുഴുകുമ്പോൾ മറ്റു പലയിടത്തും പാൽനുരപോലെ ഭാഷയിൽ കവിത പതയുന്നു. ദുർഗാപ്രസാദ് ഖത്രിയുടെയും മറ്റും നോവലുകളിൽ കണ്ടിട്ടുള്ള നാടകീയതയും ട്വിസ്റ്റും അനുഭവിപ്പിക്കുന്ന എത്രയോ മുഹൂർത്തങ്ങൾ. അപകടകരമായ ഒരു ഗെയിമിൽ അകപ്പെട്ട അനുഭവമായിരുന്നു എനിക്ക് ഈ പുസ്തകത്തിന്റെ വായന. ഏതു നിമിഷവും വികാരത്തിന്റെ ഏതു തിരത്തള്ളലിലും പെട്ടുപോകാം. പ്രണയമോ പകയോ ജുഗുപ്സയോ ചതിയുടെ വാരിക്കുഴികളോ–ഏതനുഭവമാണെന്ന് മുന്നോട്ടു നീങ്ങുമ്പോഴേ അറിയനാവൂ. അല്ലെങ്കിൽ ഒരു കൊടുങ്കാട്ടിൽ പെട്ടതുപോലെയാണ് 'കരു'വിന്റെ വായന എന്നും പറയാം. അവിടെ മദഗന്ധം ചൊരിയുന്ന പൂക്കളുണ്ടാവാം. മാരകവിഷമുള്ള സർപ്പങ്ങളുണ്ടാവാം. വിചിത്രവും അപരിചിതവുമായ സസ്യലതാദികളും പുഴുക്കളും ചിത്രശലഭങ്ങളുമുണ്ടാവാം. ചവറ്റിലകൾ നിറഞ്ഞ പടുകുഴിയിലേക്കു മറിഞ്ഞുവീഴാം. മുള്ളുവള്ളികൾ ചുറ്റിപ്പിടിക്കാം. മലവെള്ളം വന്നു കോരിയെടുക്കാം. ഏതു നിമിഷവും ചാടി വീഴാവുന്ന വന്യമൃഗങ്ങളും കാത്തിരിപ്പുണ്ടാവും.
