തോട്ടുവക്കിലെ കടൽ

Book Review

തോട്ടുവക്കിലെ കടൽ


വൈയക്തികാനുഭവങ്ങളും സാമൂഹിക യാഥാർത്ഥ്യവും ഇഴചേരുന്ന സമകാലിക മലയാള കവിതകൾ ഭാഷയുടെ സങ്കീർണ്ണതയാലല്ല, അനുഭവത്തിന്റെ സാന്ദ്രതയാലാണ് വായനക്കാരെ പിടിച്ചുനിർത്തുന്നത്. പാരായണക്ഷമമല്ല കവിത എന്ന അപവാദത്തെ അട്ടിമറിക്കുന്ന, ലളിതമായിരിക്കുമ്പോൾ തന്നെ കനവും കാമ്പുമുള്ള കവിതകളാണ് ആതിര ആറിന്റേത്. പുതിയ കവിത വായനക്കാരിലേക്ക് ഏറ്റവും ആയാസരഹിതമായി സഞ്ചരിക്കുന്നതെങ്ങനെയെന്നതിന് ഉദാഹരണമാണ് ആതിരയുടെ മീനേ മീൻമണമേ എന്ന കവിതാസമാഹാരം. നിസ്സാരമെന്ന് തോന്നുന്ന കാഴ്ചകളെ ആഴമുള്ള അനുഭവങ്ങളാക്കിമാറ്റാൻ എഴുത്തുകാരിക്ക്‌ ഈ കവിതാസമാഹാരത്തിലൂടെ കഴിഞ്ഞിട്ടുണ്ട് .

“മീനേ മീൻ മണമേ എന്ന കവിതാസമാഹാരത്തിന് പേരിടുന്നതിൽ നിന്ന് വ്യക്തമാക്കപ്പെടുന്ന ഒന്നാണ് ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാനുഭവങ്ങളോട് ആതിര പുലർത്തുന്ന ധീരമായ ആത്മബന്ധം." എന്ന  എൻ പ്രഭാകരന്റെ നിരീക്ഷണത്തോടെയാണ് കവിതകളിലേക്കുള്ള പ്രവേശം. അനുഭവത്തെ സവിശേഷമായ ഒന്നായി അവതരിപ്പിക്കുകയല്ല, നിത്യജീവിത സന്ദർഭങ്ങളെ അതിന്റെ ആന്തരിക സങ്കീർണ്ണതകളോടെ പ്രതിഫലിപ്പിക്കുകയാണ് ഈ സമാഹാരം. ഇവിടെ പ്രകൃതി കവിതയുടെ സഹജമായ ചുറ്റുപാടായി മാറുന്നു. ചവിട്ടി നിൽക്കുന്ന മണ്ണിൽ നിന്നും കണ്ണുയർത്തിയാൽ കാണുന്ന മാനത്ത് നിന്നും ചുറ്റുമുള്ള പ്രകൃതിയിൽ നിന്നും വാക്കുകളും ബിംബങ്ങളുമെടുത്ത് ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരുടെ വേദനയെ, ആകുലതകളെ, സ്വപ്നങ്ങളെ നിത്യജീവിതത്തെ കവിതയിലേക്ക്  വഴിനടത്തിക്കുകയാണ് ആതിര. കവിതകളിലുടനീളം പെറ്റിക്കോട്ടുമിട്ട് തോട്ടുവഴികളിലൂടെയും, നാട്ടുവഴികളിലൂടെയും ഓടിനടക്കുന്ന ഒരു പെൺകുട്ടിയെ കാണാം. അവഗണിക്കപ്പെട്ട ഒരുപാട് കുഞ്ഞുങ്ങളുടെ,  അടക്കിനിർത്തപ്പെട്ട അനേകായിരം പെണ്ണുങ്ങളുടെ കഥകളും ആരും ചോദിക്കാത്ത അവരുടെ വിശേഷങ്ങളും ഈ കവിതകളെ പോറ്റി വളർത്തുന്നു.

“ഉപ്പട്ടിക്കിടയിലെ മുള്ളടുത്ത്
അവൾ മൂക്കുത്തിയിടുമ്പോൾ
പറന്നുവന്നൊരു മിന്നാമിനുങ്ങ്
അതിൽ മഞ്ഞക്കല്ല് പതിക്കും”.


Related Articles