"കാതറിൻ ഓ ഫ്ളാഹേർ തി"എന്നു പറഞ്ഞാൽ വായനക്കാർക്ക് പെട്ടെന്ന് ആളെ പിടികിട്ടില്ല. എന്നാൽ "കെയ്റ്റ് ചോപിൻ" എന്നു പറഞ്ഞാൽ പ്രതിഭാശാലിയായ ആ എഴുത്തുകാരിയെ പെട്ടെന്നു തന്നെ മനസ്സിലാവും. മാത്രമല്ല അവരുടെ ബയോവു ഫോക്ക്, എ നൈറ്റ് ഇൻ അകാഡീ അറ്റ് ഫോൾട്ട്, ദ അവേക്കനിങ് തുടങ്ങിയ പുസ്തകങ്ങളും ഓർമ്മ വരും. വായിച്ചവരാരും ആ രചനകൾ മറന്നിട്ടുണ്ടാവില്ല. അങ്ങനെ മറവിക്ക് വഴങ്ങുന്നതല്ല കെയ്റ്റ് ചോപിൻ്റെ രചനകൾ.
കെയ്റ്റ് ചോപിൻ എന്നു കേൾക്കുമ്പോൾ ബുജികളിൽ പലരും "ഓ... അവർ കുട്ടികൾക്കുള്ള കഥകൾ എഴുതിയ സ്ത്രീയല്ലേ ?" എന്ന പുച്ഛഭാവം വിരിയിച്ച് ചിരിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. രണ്ട് തരത്തിൽ ഈ ധാരണ തെറ്റാണ്.
ഒന്ന്: കുട്ടികൾക്ക് വേണ്ടി കഥകളെഴുതുക എന്നത് നിസാര കാര്യമല്ല. അതിന് അസാധാരണമായ പ്രതിഭ വേണം. അത് ഏത് രാജ്യത്തിലും ഏത് ഭാഷയിലായാലും ശരി. എഴുതുന്ന ആൾ പുരുഷനോ സ്ത്രീയോ ആരുമാവട്ടെ, അവർക്ക് നിഷ്കളങ്കതയിലേക്കുള്ള പടവുകൾ ചവിട്ടി താഴോട്ട് ഇറങ്ങേണ്ടി വരും. അതത്ര എളുപ്പമല്ല. എല്ലാവർക്കും സാധിക്കുന്ന കാര്യവുമല്ല. വളർച്ചയുടെ ഓരോ ഘട്ടത്തിലും നേടിയെടുത്ത സ്വയം ബോധവും, അഹങ്കാരവും, മസിലു പിടിത്തവും, പാരുഷ്യവും, പാടെ ഉപേക്ഷിച്ച് ഒരു കുഞ്ഞിൻ്റെ മുമ്പിലെ പൂമ്പാറ്റ കാഴ്ച്ചയിൽ നിന്ന് എഴുതി തുടങ്ങണം. അക്കാര്യത്തിൽ കെയ്റ്റ് ചോപിൻ നൂറ്റൊന്ന് ശതമാനവും വിജയിച്ചിട്ടുണ്ട്.
