പേരിലും പൊരുൾ തേടുന്ന കഥകൾ

Book Review

പേരിലും പൊരുൾ തേടുന്ന കഥകൾ


അപൂരിത സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് കഥകൾ. പറഞ്ഞു തീരാതെ വീണ്ടും വീണ്ടും ജീവൻ വെക്കുന്ന വാക്കുകൾ. അത്ഭുതങ്ങളുടെ തുരുത്ത്. അതാണ് മധുശങ്കർ മീനാക്ഷിയുടെ തെമ്മാടിക്കുഴി.

എറെയുള്ളത്, വേറെ വേറെ പറയുന്നതിലാണ്. വേണ്ടപോലെ പറയുന്നതിനേക്കാള്‍ പറയാതിരിക്കൽ. ബോധപൂർവമായ മൗനങ്ങൾ. ഇക്കഥകളിൽ അതുണ്ട്. ഒറ്റനൂലിൽ, ജീവിതത്തിലെ ചില ഇടംപിരിയലുകൾ കോർത്തു വെച്ചിരിക്കുന്നു. വൈയക്തികനുഭവങ്ങളെ, സാധാരണമായ ജീവിത സന്ദർഭങ്ങളുടെ നൂലിൽ കോർത്ത് അസാധാരണമാക്കുന്ന രാസവിദ്യ. ഭാഷയിലും പ്രമേയത്തിലും കൈവരിക്കുന്ന നൂതനത്വം. ഒതുക്കമുള്ള എഴുത്ത്, ഏകാഗ്രതയിൽ വികസിച്ച്, കടലാസിൽ മഷി പോലെ, അത്യപൂർവ്വമായ വ്യാപനശേഷി കൈവരിക്കുന്നു. ബിംബസമൃദ്ധിയിൽ, അനായാസേന ഒഴുകുന്നു.

സൂക്ഷ്മദൃക്കായ അന്വേഷകനെയും എഡിറ്ററെയും നാം കണ്ടുമുട്ടുന്നു. സാമൂഹിക മാനങ്ങളിലും, ദർശനമഹിമയിലും ഊന്നൽ തേടുന്നു. ജീവിതത്തിൽ പുലർത്തുന്ന കണിശതയും, സൂക്ഷ്മതയും അച്ചടക്കവും മിതത്വവും രചനയിൽ ഉരുകിത്തീരുന്നു. ഓരോന്നിലും നവീകരിക്കുക, ഒന്നുപോലെ പറയാതിരിക്കുക, നിയമങ്ങളെ കീഴ്മേൽ മറിക്കുക എന്നൊരു രീതിയുണ്ട് രചനകൾക്ക്. ഒറ്റ വായനയിൽ പിടിതരുന്നവയല്ല കഥയിലെ പ്രമേയ പരിസരങ്ങൾ.


Related Articles