വെടിയുണ്ടകളും മിസൈലുകളും ബോംബുകളും ഏതുസമയത്തും പതിക്കാവുന്ന അവസ്ഥയിൽ നിരന്തരം പട്ടാളസാന്നിദ്ധ്യത്തിന്റെ ഭീഷണിയിൽ ഉത്കണ്ഠയുടെ മുൾമുനയിൽ നില്ക്കുന്ന ഒരു ജനതയ്ക്ക് എന്ത് ജീവിതമാണുള്ളത്? ജനിച്ചുവളർന്ന നാട്ടിൽ ജീവിക്കാനുള്ള പ്രാഥമികമായ അവകാശം നിഷേധിക്കപ്പെടുകമാത്രമല്ല, സ്വന്തം നാട്ടിൽ സഞ്ചരിക്കാൻ ഇസ്രായേൽ നൽകിയ തിരിച്ചറിയൽരേഖ കൊണ്ടുനടക്കാനും അന്യായമായി അവരുയർത്തിയ മതിലുകളെയും ചെക്ക്പോസ്റ്റുകളെയും അംഗീകരിക്കാനും നിർബന്ധിക്കപ്പെടുന്ന ഒരു ജനതയാണ് പലസ്തീനിലുള്ളത്. ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലേം തുടങ്ങിയ ഏതാനും പ്രദേശങ്ങളിൽ ഒതുക്കപ്പെട്ട പലസ്തീനികൾ നാലുഭാഗത്തുനിന്നും കൂടുതൽ കൂടുതൽ ഇസ്രായേലിസമ്മർദ്ദങ്ങളാൽ ഞെരുക്കപ്പെടുകയാണ്. ഈ ഞെരുക്കലിലൂടെ ബോധ്യമാവുന്ന സ്വത്വപ്രതിസന്ധിയാണ് അവർ ഓരോ നിമിഷത്തിലും അനുഭവിക്കുന്നത്. എത്രയോ തലമുറകളായി അവർ ഈ പീഡനം സഹിക്കുന്നു. ബ്രിട്ടനെപ്പോലുള്ള അധിനിവേശശക്തികൾ യാതൊരു നീതീകരണവുമില്ലാതെ ജൂതർക്ക് പലസ്തീനിനെ ഇസ്രായേൽ ആക്കി പതിച്ചു നൽകുകയായിരുന്നു. ഇപ്പോൾ പലസ്തീൻ എന്ന രാജ്യം സാങ്കേതികാർത്ഥത്തിൽ നിലനില്ക്കുന്നില്ല. പക്ഷേ, പലസ്തീൻ ജനത അന്നുതൊട്ട് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നെതന്യാഹുവിന്റെ ഇസ്രായേൽ സിയോണിസ്റ്റുകളുടെയും അമേരിക്കയുടെയും എണ്ണക്കുത്തകകളായ ചില അറബിരാജ്യങ്ങളുടെയും പിന്തുണയോടെ പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ലക്ഷക്കണക്കിന് മനുഷ്യരെ വധിക്കുകയോ അഭയാർത്ഥികളാക്കിമാറ്റുകയോ ചെയ്തു കഴിഞ്ഞു. പതിനായിരക്കണക്കിന് കുട്ടികളെ നേരിട്ടും, ഭക്ഷണവും മരുന്നും നിഷേധിച്ചും കൊലചെയ്തു. ഒടുവിൽ 160–ഓളം ലോകരാഷ്ട്രങ്ങൾ പലസ്തീനെ അംഗീകരിക്കുകയും ആഗോളതലത്തിൽ പലസ്തീനിലെ വംശഹത്യയ്ക്കെതിരേ പ്രതിഷേധം ആർത്തിരമ്പുകയും ചെയ്ത പശ്ചാത്തലത്തിൽ യുദ്ധവിരാമം പ്രഖ്യാപിക്കപ്പെട്ടു. അതിനുശേഷവും കൊലകൾ തുടരുന്നു.
ഈ ആക്രമണത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ നടുക്കുന്നതാണ്. 2023 ഒക്ടോബർ മുതൽ 50,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് 2025 മെയ് അവസാനത്തോടെ യുനിസെഫ് റിപ്പോർട്ട് ചെയ്തിരുന്നു. നിസ്സഹായരായ കുട്ടികൾക്കായുള്ള നിലവിളികൾ ലോകമെമ്പാടും ഉയരുമ്പോഴും വലിയ ഒരു വിഭാഗം മനുഷ്യർ ഇതിനോട് കാട്ടുന്ന ഉദാസീനതയും മരവിച്ച നിസ്സംഗതയും ഭീകരമാണ്. തുടരെത്തുടരെയുള്ള ആക്രമണങ്ങളും വെള്ളം, ഭക്ഷണം ആരോഗ്യശുശ്രൂഷ തുടങ്ങിയ അവശ്യോപാധികളുടെ നിഷേധങ്ങളും മൂലം അസംഖ്യം കുട്ടികൾ മരിച്ചുകൊണ്ടിരിക്കുന്നു. നിരന്തരമായ ഉപരോധത്തിന്റെയും ബോംബാക്രമണത്തിന്റെയും സാഹചര്യങ്ങളിൽ നാമമാത്രമായ സഹായസംവിധാനങ്ങൾപോലും ഏർപ്പെടുത്തുന്നതിന് അന്താരാഷ്ട്രതലത്തിലുണ്ടാവുന്ന ഇടപെടലുകൾ പരാജയപ്പെടുന്നു. ഗാസയിലെ കുട്ടികൾക്ക് സഹായമെത്തിക്കാൻ ഗ്രേറ്റാ തൻബർഗിന്റെ നേതൃത്വത്തിൽ വന്ന കപ്പലുകളെ തടയുവാനാണ് ഇസ്രായേല്‍ ഒരുമ്പെട്ടത്.
