1930-കളിലെ സാഹചര്യങ്ങളെ ആധാരമാക്കി സ്വിസ് നോവലിസ്റ്റായ ക്രിസ്റ്റ്യൻ ക്രാഹ്റ്റ് ജർമൻ ഭാഷയിൽ എഴുതിയ നോവലാണ് The Dead. ചലച്ചിത്രം, ദേശീയത, മരണം എന്നിങ്ങനെയുള്ള വ്യവഹാരങ്ങളുടെ അന്തരീക്ഷത്തിലൂടെയാണ് ആഖ്യാനം പുരോഗമിക്കുന്നത്. മെറ്റാഫിക്ഷണൽ രീതിയിൽ അവതരിപ്പിക്കുന്ന ‘ദി ഡെഡ്’ അക്കാലത്തെ ചുറ്റുപാടുകളിലെ രാഷ്ട്രീയവും പറയുന്നുണ്ട്. ചരിത്ര വസ്തുതകളെ വ്യംഗ്യമായ തരത്തിൽ ഫിക്ഷനുമായി സംയോജിപ്പിക്കുന്ന ശൈലിയാണ് ക്രാഹ്റ്റ് സ്വീകരിച്ചിട്ടുള്ളത്. 1919 മുതൽ 1933 വരെയുള്ള കാലത്ത് ജർമ്മനി ഭരിച്ച ജനാധിപത്യ ഭരണകൂടമായിരുന്നു വെയ്മർ റിപ്പബ്ലിക്. സാമൂഹിക കാഴ്ചപ്പാടുള്ള ഒരു ഭരണമാണ് പ്രസ്തുത സർക്കാർ പിന്തുടർന്നത്. എങ്കിലും സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ പ്രശ്നങ്ങളും കാരണം 1930-കളുടെ തുടക്കത്തോടെ ഭരണം അസ്ഥിരമായി. നാസികളും മറ്റും കരുത്താർജ്ജിച്ചതും ഇതേ നാളുകളിലായിരുന്നു. ജർമ്മനിയും ജപ്പാനും തമ്മിൽ ഒരു ചലച്ചിത്രമേഖലയെ അടിസ്ഥാനമാക്കി ഒരു സഖ്യം വികസിപ്പിക്കാൻ ശ്രമിക്കുന്ന പരിസരത്തിലാണ് നോവൽ നിലകൊള്ളുന്നത്.
ഒരു സാങ്കൽപ്പിക സ്വിസ് ചലച്ചിത്ര നിർമ്മാതാവായ എമിൽ നാഗേലിയും ഒരു യഥാർത്ഥ ജാപ്പനീസ് സർക്കാർ ഉദ്യോഗസ്ഥനായ മസാഹിക്കോ അമാകാസുവും ആണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. മസാഹിക്കോ അമാകാസു എന്ന കഥാപാത്രം യഥാർത്ഥ ജീവിതത്തിലെ ജാപ്പനീസ് പട്ടാള ഉദ്യോഗസ്ഥനെ ആധാരമാക്കി രൂപപ്പെടുത്തിയ ഒരു കഥാപാത്രമാണ്. ജപ്പാനും നാസി ജർമ്മനിയും തമ്മിൽ ഒരു ചലച്ചിത്ര 'ബന്ധം' സൃഷ്ടിക്കുക എന്നതാണ് അമാകാസുവിന്റെ ഉത്തരവാദിത്തം. 1932 മെയ് 15ന്, യുവാക്കളായ ഒരു സംഘം നാവിക ഉദ്യോഗസ്ഥരും സൈനികരും ചേർന്ന് ജപ്പാൻ പ്രധാനമന്ത്രി ഇനുകായ് സുയോഷിയെ ടോക്കിയോയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് വധിച്ചത് ജപ്പാന്റെ രാഷ്ട്രീയചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്.
ചരിത്രത്തിന്റെ ഭാഗമായ, അന്ന് നടന്ന യഥാർത്ഥ വിപ്ലവ സംഭവങ്ങളെയും അട്ടിമറി ശ്രമത്തെയും പശ്ചാത്തലത്തെയും നോവലിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ നേരിട്ട് ആ വിഷയത്തിന്റെ ആഴങ്ങളിൽ അഭിരമിക്കാതെ ആ കാലഘട്ടത്തിന്റെ അശാന്തമായ അന്തരീക്ഷത്തെയും തീവ്രവാദത്തിന്റെയും ഫാസിസത്തിന്റെയും ആവിർഭാവത്തെയും മറ്റും ശക്തമായി വിവരിക്കുക എന്ന ലക്ഷ്യം നോവലിൽ കാണാം. സർറിയൽ ആഖ്യാനത്തിന്റെ ദൃഷ്ടാന്തമായി ചാർലി ചാപ്ലിൻ ഒരു കഥാപാത്രമായി നോവലിൽ രംഗപ്രവേശം ചെയ്യുന്നുണ്ട്. ചലച്ചിത്രത്തേയും ദേശീയതയെയും കുറിച്ചുള്ള കഥയുടെ കെട്ടുറപ്പിനും ആഖ്യാനത്തിൽ പരാമർശിക്കുന്ന രാഷ്ട്രീയ അട്ടിമറിയ്ക്കും ഫിക്ഷനൽ പരിവേഷം നൽകാൻ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കുന്നു. ചലച്ചിത്രവ്യവസായത്തിന്റെ ലോകമെമ്പാടമുള്ള പ്രശസ്തിയും രാഷ്ട്രീയത്തെ അത് സ്വാധീനിക്കുന്ന വിധവും ബോധ്യപ്പെടുത്താൻ ചാപ്ലിന്റെ നോവലിലെ സാന്നിധ്യം കൊണ്ട് സാധ്യമാകുന്നുണ്ട്.
