ഒരേകാധിപത്യ ഭരണം. അതിന്റെ ആയിരം നീരാളിക്കയ്യുകൾ. അതിൽനിന്ന് ഇരകളെ അന്വേഷിച്ചു പുറപ്പെട്ടു കൊണ്ടേയിരിക്കുന്ന അദൃശ്യവേട്ടക്കാർ. അതിന്റെ വാങ്മയ ചിത്രമാണ് മരിയോവർഗ്ഗാസ് യോസയുടെ"ആടിന്‍റെ വിരുന്ന്." ഉൾക്കിടിലത്തോടെ മാത്രം വായിച്ചുതീർക്കാൻ പറ്റുന്ന ബൃഹദ് നോവൽ...
ലാറ്റിനമേരിക്കയിലെ ഡൊമിനിക്കൻ റിപ്പബ്ലിക്കാണ് കഥയുടെ കേന്ദ്രബിന്ദു; അല്ല, 31 വർഷമായി അവിടെ അധികാരം കയ്യാളുന്ന റാഫേൽ ലിയോനിദാസ് ട്രൂഹിയോ എന്ന ചീഫ്... അയാളുടെ ഇരയായ അന്തോണിയോ ഡിലാ മാസായുടെ ഭാഷയിൽ "വളരെ സാവധാനമാണ് അയാൾ ഒരാളെ കൊല്ലുക.. തലതിരിഞ്ഞ രീതിയിൽ.. ഘട്ടംഘട്ടമായി; ഇരയുടെ മാന്യത, ആത്മാഭിമാനം, പ്രതീക്ഷ, സന്തോഷം എല്ലാം നശിപ്പിച്ചു നശിപ്പിച്ച്.. നിരന്തരമായ കുറ്റപ്പെടുത്തലിലൂടെ മന:സാക്ഷിയുടെ പീഡനമേറ്റുവാങ്ങുന്ന ഒരെല്ലിൻകൂടു മാത്രമാക്കി മാറ്റിക്കൊണ്ട്.. ആളുകൾ തുടർച്ചയായി തട്ടിക്കൊണ്ടു പോകപ്പെടുകയും മർദ്ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ഒക്കെ ചെയ്തിരുന്നു.. ദശലക്ഷക്കണക്കിന് ഡൊമിനിക്കൻ പൗരന്മാർ... അവർ പോലുമറിയാതെ അവർ അവരുടെ ശരീരവും ആത്മാവും മന:സ്സാക്ഷിയും അയാൾക്ക് അടിയറ വച്ചുകൊണ്ടിരിക്കുകയായിരുന്നു, ആ മൂന്നു ദശകങ്ങളോളം.
യുറാനിയയുടെ വരവ്
