ആരും കേൾക്കാനില്ലാതെ ഉരുകി ഇല്ലാതാവുന്ന അവസ്ഥ ഒരിക്കലെങ്കിലും അനുഭവിക്കാത്ത മനുഷ്യരുണ്ടോ? നൈമിഷികമാണെന്ന് അറിഞ്ഞിട്ടും ആരൊക്കെയോ വല്ലപ്പോഴും വലിച്ചെറിയുന്ന സ്നേഹത്തിന്റെ അപ്പക്കഷ്ണങ്ങളിൽ സന്തോഷം കണ്ടെത്തി ആത്മപീഡനം നടത്തുന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. ഇതൊക്കെ നേരിട്ടനുഭവിക്കുന്ന വേദനയിൽ പെട്ടുപോകുന്നവന്റെ അവസ്ഥയോളം ഭീകരമല്ല സാഹിത്യം പാടിപ്പതിഞ്ഞ നൈരാശ്യങ്ങൾ. എത്രയെത്ര മുറിവുകളാണ് ഈ ജീവിതം. അത്തരം മുറിവുകളെ തുന്നികൂട്ടി അവിനാശായി, ഇഷാരയായി, ഫിറോസായി, മറ്റനേകം പേരായി നമുക്ക് മുന്നിലേക്ക് ഇട്ടു തരുകയാണ് ബിനീഷ് പുതുപ്പണം ഏറ്റവും പുതിയ നോവലായ സുന്ദരജീവിതത്തിലൂടെ. മുറിവിന്റെ ഓരോ തുന്നലുകളും ഓരോ പേജുകളിലും അയഞ്ഞില്ലാതെയാകുമ്പോൾ ഇവിടെ കൂടുതൽ വേദനിക്കുന്നത് വായനക്കാരനായിരിക്കും, എന്തെന്നാൽ ഒരുപക്ഷേ നമ്മൾ നേരിട്ടറിഞ്ഞതോ അനുഭവിച്ചുകൊണ്ടേയിരിക്കുന്നതോ ആയിട്ടുള്ള എന്തെങ്കിലും ഒരു സന്ദർഭം മനസ്സിനെ കൊളുത്തി വലിക്കാൻ കഥാകാരൻ ഇതിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
സ്നേഹം പരസ്പരബന്ധിതമാണ് ജീവികളിൽ നിന്നും ജീവികളിലേക്ക് ചങ്ങല പോലെ അത് നീണ്ടു കിടക്കുന്നു. ഒരു ജീവിയുമായി നമ്മൾ എത്രത്തോളം ബന്ധുത്വത്തിൽ ആകുന്നുവോ അത്രത്തോളം ദുഃഖവും വേദനയും കൂടിയാണ് അതിന്റെ അത്യന്തികഫലമെന്ന് ഊന്നി പറയുന്ന ഒരു നോവലാണ് 'സുന്ദര ജീവിതം'. സ്നേഹം എന്നത് സന്തോഷം മാത്രമല്ല അസ്വസ്ഥതയും വിഷാദവും കൂടിയാണെന്ന കൈപ്പുള്ള സത്യമാണ് കഥയിലുടനീളം പ്രതിഫലിക്കുന്നത്. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് നൽകുന്ന അതേ പരിഗണനയാണ് കഥാകാരൻ ശബ്ദങ്ങൾക്ക് എഴുത്തിൽ നൽകിയിരിക്കുന്നത്. കഥയിൽ ശബ്ദം സ്നേഹത്തിന്റെയും പ്രതീക്ഷയുടെയുമെല്ലാം പ്രതീകമായി മാറുന്നു. ശബ്ദത്തിലൂടെ ഏതോ കാലത്തെ തന്റെ സ്വത്വത്തെ തിരഞ്ഞെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കഥാനായകനും നായികയും. ആദ്യഘട്ടത്തിൽ നേരിട്ട് കണ്ടിട്ടില്ലാത്ത നായകനും നായികയും തമ്മിൽ ഉടലെടുക്കുന്ന നിർവ്വചിക്കാനാകാത്ത വൈകാരിക ബന്ധമാണ് കഥയുടെ കാതൽ. വായിക്കുമ്പോൾ ഇതൊരു ഫാന്റസി മാത്രമാണെന്ന് ഒരിക്കലും വാദിക്കാൻ കഴിയില്ല. ഡൊണാൾഡ് ഹോർട്ടൺ, ആർ. റിച്ചാർഡ് വോൾ എന്നിവർ സംയുക്തമായി എഴുതിയ ‘മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് പാരാ-സോഷ്യൽ ഇന്ററാക്ഷൻ’ എന്ന ലേഖനത്തിൽ റേഡിയോ, ടിവി, സിനിമ എന്നിവയിലെ പെർഫോർമർമാരുമായി അനുവാചകർ നേരിട്ട് ബന്ധം ഉണ്ടാകുന്നതുപോലെ തോന്നിക്കുന്ന ഒരു ഇമാജിനറി ബന്ധം സൃഷ്ടിക്കുന്നുവെന്ന് പരാമർശിക്കുന്നുണ്ട്. ഈ ബന്ധത്തെ പാരാ-സോഷ്യൽ(Parasocial) ബന്ധം എന്നാണ് അവർ വിളിച്ചത്. ഇവ മനുഷ്യന്റെ സാമൂഹ്യപരമായ ആവശ്യങ്ങൾ ഭാഗികമായി പൂരിപ്പിക്കുന്നതായാണ് കാണപ്പെടുന്നത്. ചിലർക്ക് ഇത് തങ്ങളുടെ യഥാർത്ഥ സാമൂഹിക ബന്ധങ്ങളുടെ അഭാവത്തിൽ ഒരു ആശ്വാസം നൽകുന്നു. അത്തരത്തില് സൃഷ്ട്ടിക്കപ്പെടുന്ന ഒരു വൈകാരിക ബന്ധമാണ് നായികയ്ക്ക് ആൾ ഇന്ത്യ റേഡിയോയിൽ ഉദ്യോഗസ്ഥനായ നായകനോടുള്ളത്. തുടർന്ന് അവരുടെ ബന്ധം എങ്ങനെയാണ് മുൻപോട്ടു പോകുന്നതെന്ന് നേരിട്ട് വായിച്ചറിഞ്ഞ് അനുഭവിക്കേണ്ടയൊന്നാണ്.
