"ഗുഡ് ലക്ക് ടു യൂ ലിയോ ഗ്രാൻഡി’ എന്ന സിനിമ ഉണ്ടായത് 2022-ലാണ്. ഏറെ ശ്രദ്ധ നേടിയ ആ ഇംഗ്ലിഷ് സിനിമയുടെ സിനോപ്‌സിസിനെക്കുറിച്ച് ചില കൂട്ടുകാരോട് പറയുമ്പോൾതന്നെ, അത് വളരെ പുതുമയുള്ള തീമാണല്ലോ എന്ന് പലരും പ്രതികരിച്ചു. പുതുമയുള്ളതാണ്, ഒപ്പം ചലഞ്ചിങ്ങുകൂടിയാണ്. സെക്‌സ് വർക്കറായ ഒരു പുരുഷനുമായി റിട്ടയേർഡായ ഒരു അദ്ധ്യാപിക പുലർത്തുന്ന ലൈംഗികബന്ധത്തിന്റെ നാല് എപ്പിസോഡുകൾ–അതാണ് സിനിമ. ഇതിനും എത്രയോ വർഷങ്ങൾക്കുമുമ്പാണ് ബിജുവിന്റെ, "ചരക്ക്’ എന്ന കഥ വന്നത്. സിനിമയിൽനിന്ന് ആ കഥയ്ക്കുള്ള "മെച്ചം' എന്താണെന്നുവെച്ചാൽ, കഥയിൽ ചെറുപ്പക്കാരിയായ പെൺകുട്ടി യാണ് ഇങ്ങനെ സെക്‌സ് വർക്കറെ വിളിച്ചുവരുത്തുന്നത്. അതായത് മുതിർന്ന, ഏകദേശം വാർധക്യത്തിലെത്തിയ സ്ത്രീ തന്റെ ലൈംഗികാന്വേഷണങ്ങളിൽ മുഴുകുന്നതിൽ സമൂഹത്തിനുണ്ടാകുന്ന എതിർപ്പിനെക്കാൾ നിലവിലുള്ള വ്യവസ്ഥയെ അസ്വസ്ഥമാക്കുന്നത് ചെറുപ്പക്കാരിയായ പെൺകുട്ടി നടത്തുന്ന ലൈംഗികാന്വേഷണങ്ങളിലാവുമല്ലോ! ഇവ രണ്ടും അരോചകമായി ഇപ്പോഴും പലർക്കും തോന്നിയേക്കാം. എന്നാൽ 2023-ൽ ഈ സിനിമ കാണുമ്പോൾ ഈ വിഷയം അത്ഭുതപ്പെടുത്തിയില്ല. കാരണം, നമ്മുടെ കഥയിൽ–ബിജുവിന്റെ കഥയിൽ–എത്രയോ വർഷങ്ങൾക്കുമുമ്പേ വന്നതാണ് ഈ പ്രമേയം.
ഒരു അധ്യാപിക എന്ന നിലയ്ക്ക് എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട്, അല്ലെങ്കിൽ എന്റെ ജീവിതോപാധിയായ തൊഴിലിൽ ഞാനെപ്പോഴും പിടിച്ചുനിൽക്കേണ്ടത്, നിരന്തരം പുതുക്കിക്കൊണ്ടിരിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട് ബിജുവിന്റെ ചില കഥകൾ. കഥകളിലെ ചില ചെറിയ പരാമർശങ്ങൾ മാത്രമാണ് അവ. പക്ഷേ, ചിന്തിപ്പിച്ചു എന്ന് പറഞ്ഞാൽ പോരാ. അത്തരം ചില നിരീക്ഷണങ്ങൾ എപ്പോഴും എന്നിൽ ഒരു ആധി സൃഷ്ടിച്ചുകൊണ്ടിരുന്നിരുന്നു. എന്റെ ജോലിയിൽ എനിക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് എന്നെ എപ്പോഴുമത് അസ്വസ്ഥപ്പെടുത്തിയിരുന്നു. ഒരു വാക്യം ഇങ്ങനെയാണ് "പുസ്തകത്തിലുള്ളത് അതേപോലെ പഠിപ്പിക്കാൻ ഈ ബോറന്മാരായ അധ്യാപകരുടെ സഹായമെന്തിനാണ്...' എന്നർത്ഥം വരുന്ന ഒന്ന്. അതിനെ വളരെ മയപ്പെടുത്തിയാണ് ഞാൻ ഓർമ്മയിൽ കൊണ്ടുനടക്കുന്നത് എന്ന് തോന്നുന്നു. ഇന്ന് ആ കഥയിലെ വാക്യം എടുത്ത് പകർത്തുമ്പോൾ കൂടുതൽ വ്യക്തമാകുന്നുണ്ട്, ഇതൊരു ഷോക്ക് ട്രീറ്റ്‌മെന്റാവാതിരിക്കണമെങ്കിൽ അത്രയും ആത്മവിശ്വാസമുള്ളവരാവണം അധ്യാപകർ. അല്ലെങ്കിൽ ഒട്ടും സംവേദനത്വമില്ലാത്തവരാവണം. ഈ രണ്ട് അറ്റങ്ങളിലുള്ളവരല്ലെങ്കിൽ ഇത് ആരെയും അസ്വസ്ഥപ്പെടുത്തും എന്നുതന്നെയാണെന്റെ വിശ്വാസം.
