“അഭയാര്‍ത്ഥികള്‍ക്ക് സവിശേഷമായൊരു ജീന്‍ ഉണ്ട് കൂടുവിട്ട് പോകേണ്ടി വരുന്ന ദേശാടനപ്പക്ഷികളുടെ ജീന്‍”
അഭയാര്‍ത്ഥികളുടെയും, നാടോടികളുടെയും, രാഷ്ട്രമില്ലാത്തവരുടെയും ജീവിതത്തെക്കുറിച്ച് എക്കാലത്തും നമ്മോട് സംവദിച്ചുകൊണ്ടിരുന്നത് ആനന്ദ് എന്ന വിഖ്യാതനായ എഴുത്തുകാരനായിരുന്നു. വേരുകളില്ലാതെ സ്ഥലവും, കാലവും നഷ്ടപ്പെട്ട് ചരിത്രത്തില്‍ നിന്ന് നിശബ്ദതയിലേക്ക് തള്ളപ്പെടുകയും ആരുമറിയാതെ അഴുക്കു ചാലുകളില്‍ ദ്രവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മനുഷ്യാവസ്ഥയുടെ നീറുന്ന നേര്‍കാഴ്ചകള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നാരംഭിച്ച് അപഹരിക്കപ്പെട്ട ദൈവങ്ങൾ വരെ നീണ്ടുപോകുന്നു.
നമുക്കു ചുറ്റുമുള്ള അത്തരം ജീവിതങ്ങളുടെ പടര്‍പ്പുകളില്‍, പിറന്ന ദേശവും കാഴ്ചകളും മരിച്ചവരെപ്പോലെ ഉപേക്ഷിക്കേണ്ടി വന്നവരുടെ കഥ ഒരിക്കൽക്കൂടെ ഓര്‍മ്മപ്പെടുത്തുകയാണ് ഇ സന്തോഷ് കുമാര്‍ തപോമയിയുടെ അച്ഛന്‍ എന്ന നോവലിലൂടെ. അഭയാര്‍ത്ഥികള്‍ക്ക് സവിശേഷമായൊരു ജീന്‍ ഉണ്ട്. കൂടുവിട്ട് പോകേണ്ടി വരുന്ന ദേശാടനപ്പക്ഷികളുടെ ജീന്‍. കാലംകൊണ്ടും, അനുഭവം കൊണ്ടും, നീതികൊണ്ടും നിവര്‍ത്താന്‍ പറ്റാത്ത മനുഷ്യാവസ്ഥയുടെ വളവുകളെയും, തിരിവുകളെയും കുറിച്ചുള്ള ആകുലതകള്‍ എന്നെങ്കിലും മനുഷ്യകുലത്തിന് അതിജീവിക്കാനാകുമോ എന്ന ചിന്ത നോവല്‍ പിന്നെയും ബാക്കിവെക്കുന്നു.
