2018ൽ ദണ്ഡവിമോചനം എന്ന കഥയിലൂടെയാണ് ജിസ ജോസിനെ ആദ്യം പരിചയം. സോഷ്യൽ മീഡിയയിലും മറ്റും അക്കാലത്ത് ആ കഥ ധാരാളം ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്നുമുതൽ അവരുടെ മിക്ക എഴുത്തുകളും വായിച്ചു തുടങ്ങി.
കലോത്സവങ്ങൾക്ക് കഥയെഴുതി സമ്മാനം വാങ്ങി, ഉള്ളിൽ സത്യത്തിൽ കഥയുണ്ടോ എന്ന് സംശയിച്ചും, ഉത്തരാധുനികത വാലും തലയുമില്ലാതാക്കിയ കഥകൾ കണ്ട്, ഇങ്ങനെയും കഥയെഴുതാൻ കഴിയുമോ എന്നറച്ചും, കഥയെ ഭയന്ന് എഴുതാതെ മാറി നടന്ന കാലമുണ്ടായിരുന്നു.
മറ്റുള്ളവരുടെ കഥകളല്ല, തനിക്ക്പറയേണ്ട കഥകളാണ് ഒരാൾ എഴുതേണ്ടത് എന്ന് എന്നെ ബോധ്യപ്പെടുത്തി, അങ്ങനെ കഥയെഴുതാൻ പ്രചോദിപ്പിച്ച കഥാകൃത്താണ് ജിസ ജോസ്. ജിസ കഥയെഴുതുമ്പോൾ മറ്റാരെയും ശ്രദ്ധിക്കുന്നില്ല. തനിക്കൊരു കഥ പറയണം. ആ കഥ പറഞ്ഞേ പറ്റു. അതിലേക്ക് ചുറ്റിക്കറക്കുന്ന, വട്ടം തിരിക്കുന്ന, പൊട്ടി തകർന്ന, ഉണ്ടോ ഇല്ലയോ എന്നുറപ്പില്ലാത്ത വഴികളിലൂടെ പുല്ലും കാടും പറമ്പും വെട്ടിത്തെളിച്ച് ഒറ്റക്കങ്ങ് കയറിപ്പോവുകയാണ് ഈ കഥാകാരി. ദണ്ഡവിമോചനത്തിലും, പിന്നീടുള്ള സമാഹാരങ്ങളിലും, ഈ സമാഹാരത്തിലും, മുള്ളും, കാടും ഉടക്കി മുറിഞ്ഞിട്ടും, കഥ പറഞ്ഞ് പറഞ്ഞ് കയറിപ്പോകുന്ന ആ കാഴ്ച കാണാം.
