ഒരു നോവലിൽ രണ്ട് സിനിമകൾ !

Book Review

ഒരു നോവലിൽ രണ്ട് സിനിമകൾ !


പ്രശാന്ത് മിത്രന്റെ ഉമാനാട് വേണാട് എന്ന നോവല്‍ വായിച്ചപ്പോള്‍ എനിക്കുണ്ടായ ആദ്യ വിചാരമാണിത്; രണ്ടു ഭാഗങ്ങളായി പിരിയുന്ന ഈ നോവലില്‍ രണ്ടു ഭാഗങ്ങളിലും ഓരോ സിനിമയുണ്ട്. ആദ്യഭാഗത്ത് അത് ഉമയമ്മറാണിയെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന സിനിമയാണെങ്കില്‍ രണ്ടാം ഭാഗത്ത് കോട്ടയം കേരളവര്‍മ്മയെ കേന്ദ്രീകരിച്ച് സിനിമ നിലനില്‍ക്കുന്നു.

സിനിമയുടെ സാന്നിധ്യം പറയുമ്പോള്‍ത്തന്നെ നോവലിന്റെ സവിശേഷതയെക്കുറിച്ചും പറയാനുണ്ട്. നമ്മുടെ നോവല്‍ സാഹിത്യത്തിലെ വേറിട്ടൊരു രചനയാണ് ഇതെന്ന് പറയാതെ വയ്യ. സിവിയുടെ തിരുവിതാംകൂര്‍ നോവല്‍ ത്രയത്തിനുശേഷം ഇത്ര അഗാധമായി ആ കാലഘട്ടത്തെ അല്ലെങ്കില്‍ വേണാടിന്റെ ചരിത്രത്തെ അപഗ്രഥിക്കുന്ന മറ്റൊരു നോവലുണ്ടോ എന്നെനിക്കറിയില്ല. അങ്ങനെയൊന്ന് ഞാന്‍ കണ്ടിട്ടില്ല. സവിശേഷമായ ഒരു കാലത്തെ അതിലും സവിശേഷമായ ചാരുതയോടെ ഭംഗിയോടെ ആവിഷ്‌കരിക്കുന്ന ഈ നോവല്‍ നമ്മെ മറ്റൊരു കാലത്തിലേക്ക് നയിച്ചു കൊണ്ടുപോകുന്നു.

സര്‍വ്വശക്തയായ ഉമയമ്മ എന്ന മഹാറാണി. അവരെ നിഷേധിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനാകാതെ വിധേയരായിപ്പോകുന്ന പ്രമാണിമാരും പ്രഭുക്കന്മാരും പുരോഹിതവര്‍ഗ്ഗവും. ആകെക്കൂടി അവിശ്വസനീയമായ ഒരു ക്യാന്‍വാസ്. അതിന്റെ ചട്ടക്കൂട്. രസച്ചരട് പൊട്ടിപ്പോകാതെ ഒറ്റയിരിപ്പില്‍ വായിച്ചു തീരാന്‍ ആഗ്രഹിച്ചുപോകുന്ന പുസ്തകമാണിത്. വായിക്കുന്തോറും ഉദ്വേഗം വര്‍ദ്ധിക്കുകയും അടുത്തതെന്ത് അടുത്തതെന്ത് എന്ന കൗതുകം ജനിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ നോവല്‍.


Related Articles