ജീവിതം കൊണ്ട് രക്തസാക്ഷികളാകുന്നവര്‍

Book Review

ജീവിതം കൊണ്ട് രക്തസാക്ഷികളാകുന്നവര്‍


മുറിവേല്‍ക്കുന്നവരിലോ മരിക്കുന്നവരിലോ മാത്രം ഒതുങ്ങുന്നതല്ല ഏതൊരു യുദ്ധത്തിന്‍റെയും ദുരന്തങ്ങള്‍. ഭാഷയും സംസ്കാരവും കവര്‍ന്നെടുക്കപ്പെട്ട്, ജനിച്ച ഭൂമിയില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്ന ഒരു ജനത യുദ്ധാനന്തരം അനുഭവിക്കേണ്ടിവരുന്ന യാതനാപൂര്‍ണ്ണങ്ങളായ ഓര്‍മ്മകളുടെ പിന്‍മടക്കങ്ങള്‍ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രമേയമാകുന്ന നോവലാണ് ശ്രീ. സി.എസ്. മണിലാല്‍ രചിച്ച ഇലങ്കൈ മരങ്ങള്‍. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഗറില്ലാസംഘടനകളില്‍ ഒന്നായിരുന്നു തമിഴ് ഈഴം വിടുതലൈ പുലികള്‍ (LTTE). ഏറ്റവുമധികം കാലം നീണ്ടുനിന്ന ഗറില്ലായുദ്ധവും ഈ വംശീയ കലാപമായിരിക്കും. സംഘര്‍ഷങ്ങളുടെയും ദുരന്തങ്ങളുടെയും മനുഷ്യത്വഹീനമായ കാലങ്ങള്‍ക്കുശേഷവും സാധാരണ മനുഷ്യര്‍ ഇരകളാവുന്നതും നീതി തേടുന്നവന്‍ ഭരണകൂടഹിംസയാല്‍ പീഡിപ്പിക്കപ്പെടുന്നതും തുടര്‍ന്നു. കറുത്ത ജൂലൈ എന്നറിയപ്പെട്ടിരുന്ന കലാപത്തിനുശേഷം രണ്ടു ലക്ഷത്തിലധികം തമിഴ് വംശജര്‍ അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തി. അവരില്‍ ഒരാളായ പുരന്ദയെ, ശ്രീലങ്കയില്‍ ബാല്യകാല സുഹൃത്തായിരുന്ന സ്റ്റീഫന്‍ കണ്ടെടുക്കുന്നു. സിറിയയില്‍ നിന്നുള്ള അബ്രഹാമിന്‍റെ പുത്രന്‍ ഇസഹാക്കിന്‍റെ വംശവഴികളുടെ പലായനങ്ങളുടെയും ഇന്ത്യാ വന്‍കരയിലെ അധിനിവേശങ്ങളുടെയും കഥയെഴുതാന്‍ തുടങ്ങിയ സ്റ്റീഫന്‍ ജെ. കൈതക്കോടി ഒടുവില്‍ സ്വന്തം കഥ റിപ്പോര്‍ട്ട് ചെയ്യുന്ന നൂതനമായൊരു ചട്ടക്കൂടിലാണ് കഥ വികസിക്കുന്നത്. അരാജകത്വം നിറഞ്ഞ സ്വന്തം ജീവിതം ഉറപ്പിക്കാനുള്ള നങ്കൂരമായിട്ടാണ് സ്റ്റീഫന്‍ പുരന്ദയെ കാണുന്നതെങ്കിലും ഓര്‍മ്മകളില്‍ ഭൂതകാലത്തിന്‍റെ നോവുകള്‍ പേറുന്ന പുരന്ദയ്ക്ക് അവളുടെ വേരുകളിലേയ്ക്ക് മടങ്ങിപ്പോയേ മതിയാകുമായിരുന്നുള്ളൂ. പെരുമഴപ്പെയ്ത്തില്‍ കരിയിലകളെയെന്നവണ്ണം കാലം ഒഴുക്കിക്കൊണ്ടുപോയ സ്വപ്നങ്ങളില് നിന്ന് സ്റ്റീഫന് ഒരിക്കലും മോചനമുണ്ടാകുന്നുമില്ല.

ആമുഖം കൂടാതെ 31 അധ്യായങ്ങളാണ് ഈ നോവലിലുള്ളത്. ആമുഖം തന്നെ ഈ കഥയിലേക്കുള്ള വാതിലും ചൂണ്ടുപലകയുമാണ്. എഴുത്തുകാരന്‍റെതന്നെ വാക്കുകളില്‍ 'തോറ്റുപോയവനെ പ്രകൃതി പരിപാലിക്കും'. അങ്ങനെ പ്രകൃതി പുന:സൃഷ്ടിച്ചവന്‍റെ ഒരു കഥയാണ് ഈ പുസ്തകം.

ശ്രീലങ്കയുടെ യുദ്ധചരിത്രത്തിന്‍റെ ഗതിവഴികളും നാള്‍വഴികളും കൃത്യമായിത്തന്നെ നോവലില്‍ പിന്‍തുടരുന്നുണ്ട്. ഉദാഹരണത്തിന്, പുരന്ദയുടെ പിറന്നാള്‍ മധുരം വാങ്ങാന്‍ പോയ അപ്പാസാര്‍ കടകളെല്ലാം കലാപത്തെത്തുടര്‍ന്ന് അടച്ചിട്ടതായി കാണുന്നു (ജൂലൈ 24). മൂന്നാണ്ടുകള്‍ക്ക് മുൻപ്, 1981-ല്‍ ക.മു. ചെല്ലപ്പ സ്ഥാപിച്ച ലൈബ്രറി കത്തിക്കപ്പെട്ടതിന്‍റെ സൂചന അനുസരിച്ച് 1983 ജൂലൈ 23-ന് ജാഫ്നയില്‍ പട്രോളിംഗ് നടത്തുന്ന ലങ്കന്‍ സൈനികര്‍ക്ക് നേരെയുളള പുലികളുടെ ഒളിയാക്രമണം അഴിച്ചുവിട്ട ശ്രീലങ്കയിലെ സമ്പൂര്‍ണ വംശീയ യുദ്ധത്തിന്‍റെ തുടക്കമാണിതെന്നുകാണാം. ഈഴൈപോരിൽ ഇന്ത്യയ്ക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തിക്കുന്നതിന് കാരണമായ ദിലീപന്‍റെയും അറുന്നൂറോളം പട്ടാളക്കാരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ ബലികഴിച്ച ഗാമിനി കുലരത്നയുടെയും മരണങ്ങൾ...തുടങ്ങിയ ചരിത്രവസ്തുതകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നോവലില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. 1978-80 കാലയളവില്‍ ഗവിയില്‍ പുനരധിവസിക്കപ്പെട്ട പൗരത്വകാര്‍ഡില്ലാത്ത അഞ്ഞൂറോളം കുടുംബങ്ങളുടെ ദയനീയാവസ്ഥയും, അന്യരാജ്യത്ത് സാമൂഹികമായ പരിമിതികള്‍ക്കുള്ളിലും സ്വന്തം സംസ്കാരത്തനിമ ചോരാതെ ജീവിക്കുന്ന പാകിസ്ഥാനിലെ കറാച്ചി നഗരത്തിലെ തമിഴ് സമൂഹത്തിന്‍റെ നിലനില്‍പ്പുമെല്ലാം പ്രകൃതി മരമായി പുനസൃഷ്ടിച്ചവരുടെ അതിജീവനത്തിന്‍റെ സാക്ഷ്യപത്രങ്ങളാണ്.


Related Articles