ചരിത്രം സാക്ഷ്യമാണ്, ഫാസിസം ആദ്യം ആക്രമിക്കുന്നത് മനുഷ്യന്റെ ശരീരത്തെയല്ല, മനസ്സിനെയും ഓർമ്മയെയും ഭാഷയെയുമാണ്. അത്തരം കാലങ്ങളിൽ എഴുത്തുകാരുടെ തൂലിക നിഷ്പക്ഷതയുടെ മറവിൽ ഒളിക്കേണ്ടതല്ല, സത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കേണ്ടതാണ്. മൗനം പലപ്പോഴും അടിച്ചമർത്തലിന്റെ കൂട്ടാളിയാകുമ്പോൾ മനുഷ്യനുവേണ്ടി എഴുതുന്ന ഓരോ വാക്കും പ്രതിരോധത്തിന്റെ ചരിത്രരേഖയായി മാറുന്നു.
ഫാസിസത്തിന്റെ കാലത്ത് നല്ല സാഹിത്യം അധികാരത്തെ പുകഴ്ത്തുന്നതല്ല, അധികാരത്താൽ മുറിവേറ്റ മനുഷ്യനെ സാക്ഷ്യപ്പെടുത്തുന്നതാണ്. ചരിത്രം ഓർക്കുന്നത് മൗനത്തെയല്ല, മനുഷ്യന്റെ പക്ഷത്ത് നിന്ന വാക്കുകളെയാണ്.
"മൗനത്തിൻ്റെ ഒരു ഘട്ടത്തിനു ശേഷം ഞങ്ങൾ മലയിറങ്ങാൻ തുടങ്ങി. ആരും ഒന്നും പറഞ്ഞില്ല. എല്ലാവരും മൗനത്തിലായിരുന്നു. മൗനം ഇപ്പോൾ നമ്മുടെ രാഷ്ട്രഭാഷയായിട്ടുണ്ടല്ലോ. ഏതു ദുരിതങ്ങളിലും മിണ്ടാതിരിക്കുന്നതാണ് ഭരണരാഷ്ട്രീയം."
വളരെ നാളുകൾക്ക് ശേഷമായിരിക്കാം ഒരു കഥ വായിച്ച് കണ്ണു നനയുന്നത്. 'സെർട്ടോ ഏലിയോസ് ' എന്ന മണിപ്പൂരി ഡ്രൈവർ ആറ് വയസ്സുള്ള തൻ്റെ മകൾ കലാപത്തിൻ്റെ ഇരയാവുന്ന കാഴ്ച വിവരിക്കുന്ന ഭാഗം ആരെയും കരയിപ്പിക്കും.
