ചെറിയ വാക്കുകളിലൂടെ സമൂഹത്തെ പ്രഹരിക്കുന്ന, കഥാലോകത്തെ ആവാഹനം ചെയ്യുന്ന കഥാകാരനാണ് കെ എസ് രതീഷ്. നമുക്കു ചുറ്റും നാം നിത്യം കാണുകയോ, കേൾക്കുകയോ, പരിചയപ്പെടുകയോ ചെയ്യുന്ന ലോകത്തെ സവിശേഷമായ ആഖ്യാന പരിസരങ്ങളിലൂടെ രതീഷ് കഥാരൂപത്തിൽ അവതരിപ്പിക്കുന്നു. അത്തരം ഇടങ്ങളിലെ സത്യസന്ധരായ മനുഷ്യരെപ്പോലെ തന്നെ നികൃഷ്ടമായ കള്ളികളിലൂടെ ജീവിതം നയിക്കുന്നവരെയും ഈ കഥകളില് നമുക്ക് കാണാം. "ആ ജനാലകൾ ആരും തുറക്കരുത് " എന്ന് ഒരു കഥ ആരംഭിക്കുമ്പോൾ വെളിച്ചം വീഴാത്ത ഒരു ലോകം നമുക്ക് പിന്നിലുണ്ട് എന്ന് രതീഷ് നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അധമം എന്ന് നാം കല്പിക്കുന്ന ഇടങ്ങളിൽ ഈ കഥാകാരൻ്റെ സാന്നിധ്യം നമുക്ക് കാണാം. അവിടെ സമ്പന്നനും ദരിദ്രനും ആണും പെണ്ണും കാട്ടിയിട്ടുള്ള നൃശംസതകൾ വെളിപ്പെട്ടു വരുന്നതിൽ രതീഷ് ആനന്ദം കണ്ടെത്തുന്നുണ്ടെന്ന് തോന്നുന്നു.
ബാല്യ കൗമാരങ്ങളോട് ഏറ്റവും കൂടുതൽ സംവദിക്കുന്നത് അദ്ധ്യാപകരാണ്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് എന്ന സിദ്ധാന്തം പ്രായോഗികതലത്തിൽ എത്തിക്കേണ്ടവർ. എന്നാൽ മാളം എന്ന കഥയിൽ സ്കൂളിലെ ലൈബ്രറിയിൽ വച്ച് അശ്ലീലം പ്രവർത്തിക്കുന്ന അദ്ധ്യാപകനാണുള്ളത്. ഇവിടെ ലൈബ്രറി തന്നെ കഥയുടെ പശ്ചാത്തലമായി വന്നത് അയാളുടെ മനോനിലയുടെ അതിവൈകൃതത്തെ കാട്ടാൻ വേണ്ടി തന്നെയാണ്. വെളിച്ചം വിതറേണ്ട അദ്ധ്യാപകന് ശിക്ഷയായി സ്ഥലം മാറ്റം ലഭിച്ച സ്ക്കൂളും പരിസരവും 'കൊമാല' പോലെ വരണ്ടതും മരണഭയമുള്ളതും ഇരുണ്ടതുമാണ്. ഇങ്ങനെ ഇരുട്ട്, വെളിച്ചം എന്നീ മാനകങ്ങളെ കഥാകാരൻ ഭംഗിയായി ഇടകലർത്തിയിട്ടുണ്ട്. കഥയിലുടനീളം ഈ സങ്കേതത്തിൻ്റെ കലർപ്പ് കാണാം. വെളിച്ചത്തെ നഷ്ടപ്പെടുന്നവരും നഷ്ടപ്പെടുത്തുന്നവരുടേതുമായ ഒളിയിടങ്ങളിലെ ജീവിതമാണ് മാളം എന്ന കഥ.
രതീഷിൻ്റെ കഥകളിൽ ഇരുട്ട്, കടൽ, ഛർദ്ദി എന്നിവ നിരന്തരം കടന്നു വരുന്ന ബിംബങ്ങളാണ്. "ഞാനും തീവണ്ടിയും ഇരുട്ടുള്ള ഒരു തുരങ്കത്തിലേക്ക് കരച്ചിലോടെ കടക്കുകയായുന്നു." - മാളം "അവരെ നോക്കിയുള്ള മെഴുകുതിരിച്ചിരി തണുപ്പൻ കാറ്റ് കെടുത്തിക്കളഞ്ഞു. കൈകോർത്ത് പിടിച്ച് ഇരുട്ടിലൂടെ കട്ടിലിലേക്ക് നടന്നു " - ബദറുത്താര, "മുറിയിലാകെ ഛർദ്ദിയിൽ ഫിനോയിൽ കലർന്ന മണം" - മാളം, "പെട്ടന്ന് കുട്ടി ഛർദ്ദിക്കാൻ തുടങ്ങി" - ബദറുത്താര, ''എനിക്ക് തികട്ടി വന്ന ചോദ്യങ്ങളെ ഉരുക്കൻ ഗേറ്റിൻ്റെ മൗനത്തിലേക്ക് ആ പെണ്ണിൻ്റെ ആഭരണങ്ങൾക്കൊപ്പം ഛർദ്ദിച്ചു വച്ചു " - മാരുതീയം. ഇരുട്ട്, കടൽ, ഛർദ്ദി എന്നിവയ്ക്ക് വിരേചനത്തിൻ്റെ സ്വഭാവമാണല്ലോ, അങ്ങനെയെങ്കിൽ സത്യത്തിനും നന്മയ്ക്കും ഒപ്പം നില്ക്കുന്ന ചില തിരസ്കാരങ്ങളാണ് അദ്ദേഹത്തിൻ്റെ കഥകളുടെ പൊതു സ്വഭാവമെന്ന് പറയാം.
