ഇതി കഥാനുശാസനം

Book Review

ഇതി കഥാനുശാസനം


സംസ്‌കാരത്തിന്റെ വളർച്ചയെന്നത് മനുഷ്യകഥകളുടെ നിതാന്തവളർച്ചതന്നെയാണ്. ഒറ്റത്തുള്ളിവെളിച്ചം പോലെ അതെവിടെയും തൊടാതെ ഒറ്റയ്ക്കു നിലനിൽക്കില്ല. അനുഭവിച്ചതും കടന്നുവരാനിരിക്കുന്നതുമായ ശിഥിലജീവിതചിത്രങ്ങളെ പുതിയതായി വരച്ചുകൊണ്ട് കഥകൾ പല ഭൂഭാഗങ്ങളിലൂടെ അവസാനമില്ലാതെ സഞ്ചരിക്കുകയാണ്. അവിടങ്ങളിലെ വായുവെളിച്ചങ്ങളും, കാറ്റും, മണ്ണിന്റെ ഊർവ്വരോഷരതകളും, അണമുറിഞ്ഞിട്ടില്ലാത്ത പച്ചപ്പും, അനേകശാസ്ത്രശാസനകളും, ജ്ഞാനവിജ്ഞാനങ്ങളുമെല്ലാം ഉൾച്ചേരുമ്പോഴാണ് കഥകളിൽ പാത്രങ്ങളെത്രയും സൃഷ്ടിക്കപ്പെടുന്നത്. നിർത്താതെ സഞ്ചരിക്കുന്ന നിരവധിയായ വാങ്മയചിത്രങ്ങളിലൂടെ, തീരാഭാവനയിലൂടെ സഞ്ചരിക്കുന്ന കഥകൾതന്നെയാണ് ഇപ്പറഞ്ഞതിനുള്ള വ്യക്തമായ തെളിവ്. അത്തരത്തിൽ ഹാജരാക്കാവുന്ന കഥകളാണ് വി.കെ.കെ. രമേഷിന്റെ സ്‌കന്ദൻ എന്ന ഈ സമാഹാരത്തിലുള്ളതെന്ന് നിസ്സംശയം പറയാം.

ഭാഷണങ്ങളിൽനിന്ന് തുടർഭാഷണങ്ങളിലേക്കും, സ്വരങ്ങളിൽനിന്ന് തൊട്ടടുത്തശബ്ദത്തിലേക്കും, കാഴ്ചയിൽനിന്ന് ഭാവചിത്രങ്ങളിലേക്കുമൊക്കെ തുടരെ സഞ്ചരിച്ചുകൊണ്ടാണ് കഥയുടെ വാസ്തവികലോകം രമേഷ് നമുക്കു മുന്നിൽ തുറന്നിടുന്നത്. തീർച്ചയായും ഇതിലെ കഥകളെല്ലാം വലിപ്പമുള്ളതാണ്. രൂപംകൊണ്ടും, അർത്ഥംകൊണ്ടും വലിപ്പം തികഞ്ഞവ. ചരിത്രവർത്തമാനങ്ങളിൽനിന്ന് ഓർമ്മകളെയെടുത്ത് എഴുത്തുകാരൻ കഥാപാത്രങ്ങളുടെ വഴിത്താരകളിൽ വിതറുന്നു. എന്നിട്ട്, അതിലൂടെ നമ്മെ നടത്തുന്നു. ഇത്തരം വഴികളിലൂടെ കണ്ടെടുക്കുന്ന അനുഭവങ്ങൾ, ഭാവസ്ഥലികൾ, മൂലവസ്തുക്കൾ, ഭാവനയുടെ മാന്ത്രികത, അതിന്റെ ചെപ്പടിവിദ്യകൾ തുടങ്ങി വിപുലമാണ് വായനക്കാർക്കായി രമേഷിന്റെ കഥകളിൽ വിഭിന്നാനുഭത്തിന്റെ തോത്. കുന്നും നദികളും വയലും സംഗീതവും... നഗരവാസികൾ, കച്ചവടക്കാർ, ബന്ധവൈചിത്ര്യങ്ങളിൽ തുടരുന്ന ഏറ്റവും പുതിയതലമുറയിലെ മനുഷ്യർ അങ്ങനെ പലതും കടന്നുവരുന്നു. ഇതിനകത്തൊക്കെയുള്ള സൂക്ഷ്മരാഷ്ട്രീയംപോലും കഥാഖ്യാനത്തിനകത്ത് അണമുറിയാതെ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്.

സ്‌കന്ദൻ എന്ന കഥാസമാഹാരത്തിലെ പത്തോളം കഥകൾ പുതിയൊരു ആനുഭവികലോകമാണ് സമകാലകഥാലോകത്തു സൃഷ്ടിച്ചിട്ടുള്ളത്. കഥനരീതികളിലും, അതിന്റെ ആഖ്യാനഭാഷയിലും രസോൽക്കർഷമായ അനുഭവോന്മീലനമാണ് രമേഷ് നിർമ്മിച്ചെടുത്തിരിക്കുന്നത്. കഥകളിൽ വിരിച്ചിടുന്ന വാസനകളും ജയപരാജയങ്ങളും അന്വേഷണവും നിതാന്തമായ മാറ്റങ്ങളും... കഥാസ്ഥലികളായി വർത്തിക്കുന്ന കുന്നുകൾ, നദികൾ, അവിടെയൊക്കെ രൂപപ്പെട്ട സംസ്‌കാരം, മിത്തുകൾ തുടങ്ങിയവകളും... അങ്ങനെ പലതും ചേർന്നുകിടക്കുന്ന ഭൂമികയിലാണ് ഈ കഥകളുടെ നിൽപ്പ്. വ്യത്യസ്തമായ ഭാവോന്മീലനങ്ങൾ സാധിച്ചെടുക്കുന്നത് ഇത്തരം മൂലകങ്ങൾകൊണ്ട് നിർമ്മിക്കപ്പെട്ട അടിത്തറകളിലാണ്. കഥാപാത്രങ്ങളുടെ ഭാവരുചികകളിലൂടെ, പ്രത്യേകയിനം ഭാഷയിലൂടെ അഥവാ, ഭാഷകളിലൂടെ ഇത് വായനക്കാർക്ക് കാണാനാവും. കഥാപാത്രങ്ങളിലൂടെ തെളിഞ്ഞൂറുന്ന വാചകങ്ങളിലൂടെ നാട്യരസവും നർമ്മരസവുമൊക്കെ ഒരീണമായി സദാ കൂടെവരുന്നുമുണ്ട്.


Related Articles