ചരിത്രം എപ്പോഴും വിജയികളുടെയും അധികാരമുള്ളവരുടെയും മാത്രം കുത്തകയാണെന്നത് കാലം തെളിയിച്ച ഒരു സത്യമാണ്. ആധുനിക ലോകചരിത്രത്തിന്റെ ഗതിവിഗതികൾ നിർണ്ണയിച്ചതിൽ നിർണായക പങ്കുവഹിച്ച സാമ്രാജ്യങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ മിക്കപ്പോഴും പാശ്ചാത്യ രാജ്യങ്ങൾക്കും, പിന്നീട് സാമ്പത്തിക ശക്തിയായി വളർന്ന ചൈനയ്ക്കുമാണ് പ്രധാന പരിഗണന ലഭിക്കാറുള്ളത്. ആധുനിക ലോകക്രമത്തിൽ സാംസ്കാരികവും സാമ്പത്തികവുമായ ആധിപത്യം സ്ഥാപിച്ചെടുക്കാൻ ചരിത്രത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്ന രീതി സർവ്വസാധാരണമാണ്. എന്നാൽ, പാശ്ചാത്യ കേന്ദ്രീകൃതമായ ചരിത്രമെഴുത്തുകളുടെ ഏടുകളിൽ നിന്ന് തമസ്കരിക്കപ്പെട്ട, അല്ലെങ്കിൽ ബോധപൂർവ്വം മറച്ചുവെക്കപ്പെട്ട അതിവിപുലമായ ഒരു സുവർണ്ണ കാലഘട്ടമുണ്ട്: ബി.സി. 250 മുതൽ A.D 1200 വരെയുള്ള ഏകദേശം ഒന്നര സഹസ്രാബ്ദം നീണ്ടുനിന്ന അവിശ്വസനീയമായ ഒരു കാലഘട്ടം. ഈ സുദീർഘമായ കാലയളവിൽ ലോകത്തിന്റെ സാംസ്കാരിക, ബൗദ്ധിക, വാണിജ്യ തലസ്ഥാനം ഏതെങ്കിലും പാശ്ചാത്യ രാജ്യമോ ഇന്നത്തെ രാഷ്ട്രീയ ശക്തിയായ ചൈനയോ ആയിരുന്നില്ല, മറിച്ച് ഇന്ത്യയായിരുന്നു. പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ വില്യം ഡാൽറിമ്പിൾ തന്റെ ഏറ്റവും പുതിയ കൃതിയായ 'ദ് ഗോൾഡൻ റോഡ്: ഹൗ ഏൻഷ്യന്റ് ഇന്ത്യ ട്രാൻസ്ഫോംഡ് ദി വേൾഡ്' എന്ന ബൃഹദ്ഗ്രന്ഥത്തിലൂടെ നിസ്തർക്കമായി സമർത്ഥിക്കുന്നത് ഇതാണ്.
മറ്റ് സാമ്രാജ്യങ്ങളെപ്പോലെ സൈനികാധിനിവേശങ്ങളിലൂടെയോ ചോരപ്പുഴകൾ ഒഴുക്കിയോ വാളുകൊണ്ടോ അല്ല, തത്ത്വചിന്ത, ഗണിതം, ശാസ്ത്രം, വാസ്തുവിദ്യ, മതം എന്നീ ബൗദ്ധിക ആയുധങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ ലോകത്തെ കീഴടക്കിയത് എന്ന് ഡാൽറിമ്പിൾ ഈ പുസ്തകത്തിൽ അതിമനോഹരമായി വരച്ചുകാണിക്കുന്നു. ചെങ്കടൽ മുതൽ ഇന്തോനേഷ്യ വരെ നീളുന്ന, 'ഇൻഡോസ്ഫിയർ' എന്ന് അദ്ദേഹം വിളിക്കുന്ന, ഒരു ഭീമൻ സാംസ്കാരിക സാമ്രാജ്യം എങ്ങനെ രൂപപ്പെട്ടുവെന്നും, ചൈനീസ് അവകാശവാദമായ 'സിൽക്ക് റോഡ്' എന്ന സങ്കല്പം എങ്ങനെയാണ് ചരിത്രപരമായ ഒരു മിഥ്യയായി മാറുന്നത് എന്നും ഈ ഗ്രന്ഥം സവിസ്തരം പ്രതിപാദിക്കുന്നു.
ആധുനിക കാലത്ത് ചൈന തങ്ങളുടെ ആഗോള വാണിജ്യ ആധിപത്യം ഊട്ടിയുറപ്പിക്കാനും ഭൗമരാഷ്ട്രീയത്തിൽ മേൽക്കൈ നേടാനും ഉപയോഗിക്കുന്ന പ്രധാന ചരിത്രബിംബമാണ് 'സിൽക്ക് റോഡ്' അഥവാ പട്ടുപാത. പുരാതന കാലത്ത് ചൈനയെയും യൂറോപ്പിനെയും കരമാർഗ്ഗം ബന്ധിപ്പിച്ചിരുന്ന അതിവിപുലമായ വാണിജ്യപാതയായിരുന്നു ഇതെന്നാണ് പൊതുവായ വിശ്വാസവും ഇന്നത്തെ പാഠപുസ്തകങ്ങളിലെ പാഠവും. ലണ്ടനിലെ വിഖ്യാതമായ ബ്രിട്ടീഷ് മ്യൂസിയത്തിൽ അടുത്തിടെ നടന്ന 'സിൽക്ക് റോഡ്സ്' എന്ന വലിയ പ്രദർശനത്തിൽ പോലും ഇന്ത്യയെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ഈ ചൈനീസ് അനുകൂല ചരിത്രമാണ് അവതരിപ്പിക്കപ്പെട്ടത് എന്ന് വില്യം ഡാൽറിമ്പിൾ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായിരുന്ന ഇന്ത്യയെ ഒഴിവാക്കിക്കൊണ്ട് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ച് സംസാരിക്കുന്നത് തികഞ്ഞ ചരിത്രനിഷേധമാണ്. കാരണം, 'സിൽക്ക് റോഡ്' എന്ന പദം പുരാതന കാലത്തോ മധ്യകാലഘട്ടത്തിലോ നിലനിന്നിരുന്ന ഒന്നല്ല. 1877-ൽ ജർമ്മനിയിൽ നിന്ന് ബീജിംഗിലേക്ക് ഒരു പുതിയ റെയിൽവേ ലൈൻ നിർമ്മിക്കുന്നതിനും, അതിനായുള്ള കൽക്കരി ഖനികൾ കണ്ടെത്തുന്നതിനുമായി പഠിക്കാൻ നിയോഗിക്കപ്പെട്ട ഫെർഡിനാൻഡ് വോൺ റിച്ച്‌തോഫൻ എന്ന പ്രഷ്യൻ ഭൂമിശാസ്ത്രജ്ഞനാണ് 'ഡൈ സെയ്ഡൻസ്ട്രാസ്സെ' അഥവാ സിൽക്ക് റോഡ് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് തന്നെ. 1938-ൽ സ്വീഡിഷ് ഭൂമിശാസ്ത്രജ്ഞനായ സ്വെൻ ഹെഡിൻ എഴുതിയ പുസ്തകത്തിന് ശേഷമാണ് ഈ പദം ഇംഗ്ലീഷ് ഭാഷയിൽ പോലും പ്രചാരത്തിലാകുന്നത്. അതായത്, ഇരുപതാം നൂറ്റാണ്ടിൽ മാത്രം നിർമ്മിക്കപ്പെട്ട ഒരു കഥയെയാണ് നാം ഇന്ന് പ്രാചീന ചരിത്രമായി കൊണ്ടാടുന്നത്. യഥാർത്ഥത്തിൽ പുരാതന കാലഘട്ടത്തിൽ റോമിനും ചൈനയ്ക്കും പരസ്പരം കാര്യമായ ധാരണയുമുണ്ടായിരുന്നില്ല. ചൈനീസ് പട്ടുപാതയെക്കുറിച്ചുള്ള അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്ന ഏറ്റവും വലിയ തെളിവ് നാണയങ്ങളാണ്. പരസ്പരം വൻതോതിൽ വ്യാപാരം നടത്തിയിരുന്നുവെങ്കിൽ അതിന് ആനുപാതികമായ സാമ്പത്തിക വിനിമയങ്ങൾ നടക്കേണ്ടതുണ്ട്. എന്നാൽ ചൈനീസ് മണ്ണിൽ നിന്ന് പുരാതന റോമൻ നാണയങ്ങൾ കാര്യമായി ലഭിച്ചിട്ടില്ല.
