‘പട്ടാളം കാവല്‍ നില്‍ക്കുന്ന അതിര്‍ത്തിയിലെ ചെക്പോസ്റ്റിലെ ചാരനിറത്തിലുള്ള കോണ്‍ക്രീറ്റ് ഇടനാഴിയിലേക്ക് അഷേര്‍ കടന്നു. വലതുവശത്തേക്ക് ചൂണ്ടുന്ന അമ്പടയാളത്തിനരികില്‍ ഇംഗ്ലീഷിലും, ഹിബ്രുവിലും, അറബിയിലും എഴുതപ്പെട്ട ഒരു വാക്ക്... ‘ഗാസ’ .. ഭൂമിയേക്കാള്‍ ഭാരമുള്ള വാക്ക്!’
ഷീല ടോമിയുടെ ആ നദിയോട് പേര് ചോദിക്കരുത് എന്ന നോവലില്‍ മുഖ്യ കഥാപാത്രം റൂത്ത് ആല്‍ബര്‍ട്ട് നഴ്സിംഗ് പഠനം കഴിഞ്ഞ് ജീവിതമാര്‍ഗമന്വേഷിച്ച് വയനാട്ടിലെ പടമലയില്‍ നിന്നും റിയാദിലേക്ക് പോകുന്നു. റിയാദ് നിവാസക്കാലത്തെ മനോപീഢനങ്ങള്‍ക്കും ദുരിതങ്ങള്‍ക്കുമൊടുവില്‍ അവള്‍ നാട്ടിലേക്ക് മടങ്ങുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനായി വീണ്ടും ഗള്‍ഫ് നാടുകളിലൂടെ ജോര്‍ദാന്‍ കടന്ന് ഇസ്രയേലില്‍ എത്തുന്നു. പങ്കാളി ആല്‍ബിയെയും മക്കളെയും നാട്ടില്‍ വിട്ടായിരുന്നു അവളുടെ യാത്ര. അനേകമനേകം പ്രവാസിനികളെപോലെ.
നസരെത്തില്‍ എത്തിയ റൂത്ത് അന്ധനായ ദവീദ് മെനഹേമിന്‍റെ മെത്തപ്പേലെതായി (കെയര്‍ഗിവര്‍) നിയമിക്കപ്പെടുന്നു. ദവീദ് മെനഹേം എന്ന ആബാ ഹിബ്രൂ യൂണിവേഴ്സിറ്റിയില്‍ നിന്ന്‍ വിരമിച്ച പ്രൊഫസറാണ്. ഇറാക്കില്‍ നിന്ന്‍ ജൂതവേട്ടയുടെ കാലത്ത് അഭയം തേടി ഇസ്രായേലില്‍ എത്തിച്ചേര്‍ന്നതാണ് അദ്ദേഹത്തിന്‍റെ കുടുംബം. ബാഗ്ദാദിലെ അപ്പാര്‍ട്ട്മെന്‍റിലെ ഒന്നാം നിലയില്‍ നിന്ന്‍ വിളറിപിടിച്ച തെരുവുകളെയും കത്തിയമര്‍ന്ന എടുപ്പുകളെയും ഭയത്തോടെ നോക്കിനിന്ന ബാലന്‍ ആബായുടെ മനസ്സില്‍ ഇപ്പോഴും കരയുന്നുണ്ട്. സ്വന്തം മണ്ണില്‍നിന്നും ഒലിവുതോട്ടങ്ങളില്‍ നിന്നും ആട്ടിപ്പായിക്കപ്പെടുന്ന പലസ്തീന്‍കാരുടെ വേദന ഉള്‍ക്കൊള്ളാന്‍ ആബാ എന്ന ജൂതനു സാധിക്കുന്നതും വേട്ടയാടപ്പെട്ട ഭൂതകാലം കാരണമാകാം. ‘Denying to be Foes’ എന്ന സംഘത്തോട് ചേര്‍ന്ന് പലസ്തീനു വേണ്ടി നിലകൊള്ളുന്നവനാണ് ആബാ. ‘ശത്രുക്കളാകാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല’ എന്ന്‍ വംശവെറി ആളിക്കത്തിക്കുന്ന ഭരണകൂടത്തോട് അവര്‍ ഉച്ചത്തില്‍ പറയുന്നു.
