രാഷ്ട്രീയവും മതവും ദേശീയവാദവും ചേർന്ന് സൃഷ്ടിച്ച പൗരത്വ ആശയത്തിന്റെ സംഘർഷങ്ങളെയാണ് കെ. ആർ. മീര കലാച്ചി എന്ന നോവലിലൂടെ ആവിഷ്കരിക്കുന്നത്.
ഉരശിമ തരോ എന്ന ജാപ്പനീസ് യക്ഷിക്കഥയിലെ കടലിലകപ്പെട്ട മീൻപിടുത്തക്കാരനായിരുന്നു ഉരശിമ തരോ. ഭീകര പ്രവർത്തനത്തിന് പതിനഞ്ച് കൊല്ലം ജയിലിൽ കിടന്ന ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇജാസ് 'താനും ഉരശിമ തരോയെപ്പോലെ' എന്നാണ് മറുപടി നൽകിയത്. മരം വെട്ടുന്ന മഴുവിനെ നിർവീര്യമാക്കേണ്ടത് എങ്ങനെയെന്ന് ചില്ലകളെ പഠിപ്പിക്കാനുള്ള വേരുകളുടെ ശ്രമങ്ങളാണ് യക്ഷിക്കഥകൾ എന്ന വാക്യം ഇജാസിന്റെ പ്രബന്ധത്തിൽ നിന്നും കണ്ടെത്തി കലാച്ചിയിലെ നായികയായ ഫിദ ഹൃദയത്തിൽ കൊത്തിവെച്ചു. ഉറക്കം ഒരു രൂപകമായി വരുന്നതും ഉറങ്ങി എഴുന്നേറ്റ് മടങ്ങിയെത്തുമ്പോൾ കാലവും ദേശവും മാറിപ്പോകുന്നതുമായ കഥകൾ മാത്രം ഗവേഷണ വിഷയമായി ഇജാസ് സ്വീകരിച്ചത് എന്തിനെന്നും അവൾ ചിന്തിച്ചു. Sleep as a political satire in fairy tale എന്ന തൻ്റെ ഗവേഷണ പ്രബന്ധത്തിനു വേണ്ടി ധാരാളം കഥകൾ ഇജാസ് സമാഹരിച്ചിരുന്നു. കസഖിസ്താനിൽ വച്ച് ഇജാസ് അറസ്റ്റ് ചെയ്യപ്പെട്ടത് ബലാത്സംഗക്കുറ്റത്തിനായിരുന്നു. അതും അവരുടെ വിവാഹത്തിന് കഷ്ടിച്ച് പത്ത് ദിവസം ബാക്കി നിൽക്കേ.
കടലിൽ കാറ്റെന്നത് പോലെ പ്രേമം കാലമിളക്കിവിട്ട തിര മാത്രമായി. തീരം അതിനെ സ്നേഹത്തോടെ മാടിവിളിച്ചു. ക്രൂരമായി തല്ലിത്തകർത്ത് നുരയാക്കി കടലിലേക്ക് തന്നെ ആട്ടിപ്പായിച്ചു. എന്നിട്ടും പെട്ടെന്ന് ഒരു ദിവസം ജീവനും സ്വത്തും പണയപ്പെടുത്തി അവൾ അയാളെ തേടി യാത്ര പുറപ്പെട്ടെങ്കിൽ അതിൻ്റെ പ്രേരണ പ്രേമം മാത്രമായിരുന്നില്ല, തൻ്റെ ഭീതി ആയിരുന്നു. തൻ്റെ പെൺമക്കളായ അഖ്സയെയും എലിസയെയും കുറിച്ചുള്ള ആധികളായിരുന്നു.
