"ഋതുക്കളെ പോലെയാണ് ഓർമ്മകൾ. നാം എത്രതന്നെ മാറിയാലും ഒരു ഭ്രമണകാലം പൂർത്തിയാക്കി അവ നമുക്ക് മുന്നിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടും. ചിലപ്പോൾ വസന്തമായി, ചിലപ്പോൾ തീച്ചൂടുള്ള വേനലായി"- കിള
കാലത്തിന്റെ ശക്തമായ രേഖപ്പെടുത്തലുകളിലൂടെ, ചരിത്രം ജീവിതങ്ങൾക്കിടയിൽ വരുത്തുന്ന മാറ്റങ്ങൾ ഉദ്വേഗജനകമായ സംഭവങ്ങളിലൂടെ, കഥാതന്തുവിലൂടെ നമ്മിലേക്ക് എത്തിക്കുകയാണ് കിള എന്ന നോവലിലൂടെ ഫർസാന.
അന്ധമായ വിശ്വാസങ്ങൾ ആത്മീയതയുടെ മേൽക്കുപ്പായമണിഞ്ഞു ജീവിതങ്ങളിൽ നിറയുമ്പോൾ നമുക്കെല്ലാം നഷ്ടമാകുന്നത് എന്തൊക്കെയാണ്? പ്രണയത്തിന്റെ സ്ഥിരതയും നൈമിഷികതയും ഒരേ വംശാവലിയിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുമ്പോൾ അവ തലമുറകളിൽ വരുത്തുന്ന മാറ്റം എന്താണ്?
മണ്മറഞ്ഞു പോയ പൂർവ്വബന്ധങ്ങളുടെ അടരുകൾ തേടി, നിയോഗം പോലെ സുൽത്താനും സേബയും സഞ്ചരിക്കുമ്പോൾ അങ്ങനെ പലതും നമുക്കും മുന്നിൽ ദൃശ്യമാകും.
