വാഷിങ്ങ്ടൺ പോസ്റ്റ് പത്രത്തിന് 'വസ്തുതാപരിശോധന' (ഫാക്റ്റ് ചെക്കർ) എന്നൊരു ഏർപ്പാടുണ്ട്. പ്രഖ്യാപനങ്ങളുടെയും അവകാശവാദങ്ങളുടെയും മറ്റും കൃത്യതയും, സത്യതയും അവർ അളക്കുന്നത് പിനോക്യോ പരീക്ഷ എന്ന അളവുരീതി കൊണ്ടാണ്. ഉദാഹരണത്തിന് ചെറിയ ഒളിവും മറവും ഒക്കെയേ ഉള്ളുവെങ്കിൽ ഒരു പിനോക്യോ, നട്ടാൽ മുളയ്ക്കാത്ത കൊടുംനുണയ്ക്ക് നാല് പിനോക്യോ, നിന്ന നില്പിലെ നിലപാട് മാറ്റത്തിന് തലകുത്തിപ്പിനോക്യോ. മൂന്നോ നാലോ പിനോക്യോ കിട്ടിക്കഴിഞ്ഞ, അനേകം തവണ ആവർത്തിക്കപ്പെട്ട കള്ള അവകാശവാദങ്ങൾക്ക് നിലയില്ലാപിനോക്യോ എന്നൊരു അങ്ങേയറ്റത്തെ അളവും ഉണ്ട്. സമൂഹമാധ്യമങ്ങളിലെ ഉണർത്തുചിഹ്നങ്ങളിൽ (ഇമോട്ടിക്കോൺ) നീണ്ടമൂക്കുമായി പിനോക്യോ വന്നുകഴിഞ്ഞിട്ട് നാളേറെയായി. കള്ളത്തിന്റെ പ്രതിരൂപമായല്ല, മറിച്ച് കള്ളത്തിനെതിരെ കാവലാളായാണ് പിനോക്യോയുടെ ഇക്കാലലോകജീവിതം എന്ന് കരുതണം. പ്രത്യേകിച്ച്, കള്ളംകെട്ടിക്കെട്ടി സത്യമുണ്ടാക്കുന്നത് പ്രചാരത്തിലായിക്കഴിഞ്ഞ ഇക്കാലത്ത്.
പിനോക്യോ എന്റെ കുട്ടിക്കാലത്തിന് കൂട്ടുവന്ന കഥയാണ്. ആലപ്പുഴ ജില്ലയിൽ കരുവാറ്റ എന്ന ഗ്രാമത്തിലായിരുന്നു ഞാൻ വളർന്നത്, ഏതാണ്ട് അഞ്ച് വയസ്സുമുതൽ പതിനൊന്ന് വയസ്സുവരെ. ഭ്രാന്തുപിടിച്ച ഒരു പറമ്പിലായിരുന്നു ഞങ്ങളുടെ വീട്. തീയാളും പോലെയാണ് നോക്കിനിൽക്കെ നടുതലകൾ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ചില്ലകൾക്ക് താങ്ങാൻ കഴിയുന്നതിലുമപ്പുറം അടിമുടി പൂത്തുകായ്ച്ച് സദാസമയവും പൊട്ടിച്ചിരിക്കുന്ന മാവുകളും പ്‌ലാവുകളും. വിളകളെല്ലാം സാധാരണയിൽ നിന്ന് പതിന്മടങ്ങാണ്. മരച്ചീനി പോലും ഒരു മൂട്ടിൽ പത്തുമൂട് വിളയും. വേലിപ്പത്തലും കാച്ചിൽവള്ളികളും വെറും പുല്ലുപോലും പിറുപിറുക്കുകയും നിലവിളിക്കുകയും ചെയ്യും. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന പാമ്പുകളും ഇരുട്ടിൽ വന്നുമായുന്ന പ്രേതങ്ങളും. ദരിദ്രരോ കഷ്ടിച്ച് കഴിഞ്ഞുകൂടുന്നവരോ ആയ അയൽക്കാർ. അയൽക്കാരുമായുള്ള നിരന്തരബന്ധം. അവർ പറയുന്ന സത്യമോ ഭാവനയോ ആയ കഥകൾ. ആ ചുറ്റുപാടിൽ, അക്കാലത്ത്, യാഥാർത്ഥ്യമെന്നും മായയെന്നും, സത്യമെന്നും മിഥ്യയെന്നും, നിത്യജീവിതം വേർതിരിഞ്ഞിരുന്നില്ല. എല്ലാം സത്യം, അഥവാ എല്ലാം മായ. അക്കാലത്താണ് കുട്ടികളുടെ മാസികയായ ബാലയുഗത്തിൽ പിനോക്യോ വരുന്നത്. അക്കാലത്തെ ജീവിതം പോലെതന്നെ ഒരേസമയം യഥാതഥവും മായികവുമായ കഥ. അന്ന് വായിച്ചിരുന്ന റഷ്യൻ മായക്കഥകളിൽ നിന്ന് വ്യത്യസ്തമായി പിനോക്യോയുടെ കഥ എന്റെ ആ ഗ്രാമീണജീവിതത്തിന്റെ ചുറ്റുപാടുകളോട് ആളുകളോട്, അവരുടെ ജീവിതവൃത്തികളോട്, ദാരിദ്ര്യത്തോട്, ഒക്കെ ചേർന്നു നിന്നു. എന്റെ നാട്ടിൻപുറസഞ്ചാരങ്ങളിൽ, കുസൃതികളിൽ, കൂട്ടുകെട്ടുകളിൽ, കള്ളത്തരങ്ങളിൽ, ഇല്ലായ്മകളിൽ, നോവുകളിൽ, അവ്യക്തമായ സ്വാതന്ത്ര്യാഭിലാഷങ്ങളിൽ, ഓരോ കുഴപ്പങ്ങൾക്കൊടുവിലും ആവർത്തിക്കുന്ന ഇനി നന്നാവുമെന്ന താത്ക്കാലിക പ്രതിജ്ഞകളിൽ എല്ലാം ഒരളവ് പിനോക്യോത്തം ഉണ്ടായിരുന്നു. ഇറ്റലിയിൽ നിന്ന് എന്റെ ചെറിയ നാട്ടിലേക്ക്, വീട്ടിലേക്ക്, വന്ന മരപ്പാവ ഞാൻ തന്നെയായിരുന്നു, എന്നാൽ ഞാനല്ലായിരുന്നു താനും. ഞാനായത് എന്നെ ഇഷ്ടത്തോടെ ഇണക്കി, ഞാനല്ലാത്തത് എന്നെ പിടിച്ചുവലിച്ചുകൊണ്ടുപോയി. ഇന്നും കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്നു.
ലോകമെങ്ങും പിനോക്യോ എത്തിയതും അങ്ങനെയാവണം. കുട്ടിക്കഥകളിൽ പിറന്ന് പിന്നീട് പ്രായദേശവർഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവർക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീർന്ന കഥാപാത്രങ്ങൾക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം. ആലീസിനെപ്പോലെ, ഗള്ളിവറെപ്പോലെ, ലിറ്റിൽ പ്രിൻസിനെപ്പോലെ, ക്രൂസോയെപ്പോലെ; എന്നാൽ അവരെക്കാളെല്ലാമധികം. കാർലോ ലൊറൻസിനി എന്ന കാർലോ കൊളോഡി പിനോക്യോ എഴുതുന്നത് 1881-1883 കാലത്താണ്, ഇറ്റലിയിലെ കുട്ടികൾക്കുവേണ്ടിയുള്ള ആദ്യപ്രസിദ്ധീകരണങ്ങളിൽ ഒന്നായ Giornale per i bambini യിൽ. 1883 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ആദ്യവർഷങ്ങളിൽ അത് കുട്ടികളുടെ പുസ്തകമെന്ന നിലയിൽ ഇറ്റലിയിലെമ്പാടും ജനപ്രീതി നേടി. എന്നാൽ പോകെപ്പോകെ പിനോക്യോ കുട്ടിക്കഥ എന്ന നിലവിട്ട് ലോകമെമ്പാടും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട പുസ്തകമായി പ്രചരിക്കുവാൻ തുടങ്ങി. അനവധി സർഗ്ഗാത്മകമനസ്സുകളെ പിനോക്യോ ഉദ്ദീപിപ്പിച്ചു. അനേകം പരിഭാഷകൾ ഉണ്ടായി, പിനോക്യോയെ ഉപജീവിച്ച് പല പല കഥകൾ എഴുതപ്പെട്ടു, പഠനങ്ങൾ അനവധി വന്നു, വാൾട് ഡിസ്‌നിയുടെതുൾപ്പെടെ സിനിമകൾ ഉണ്ടായി. ഇപ്പോഴും പുതുപുതു ആവിഷ്‌ക്കാരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ന് ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം പരിഭാഷകളുണ്ടായിട്ടുള്ള പുസ്തകം പിനോക്യോ ആണ്. കുട്ടിക്കഥയെന്ന നിലയിൽ നിന്ന് ലോകക്ലാസിക്കായി മാറിയ അതിശയപുസ്തകം.
