സിതാര എസിന്റെ 'അമ്ലം' എന്ന കഥാസമാഹാരത്തിലെ സ്ത്രീജീവിതങ്ങളുടെ സങ്കീർണതയും പുരുഷാധിപത്യത്തിന്റെ അധികാരപ്രയോഗങ്ങളും സ്ത്രീശരീരത്തിനുമേലുള്ള സാമൂഹിക നിയന്ത്രണങ്ങളും പരിഗണിക്കുമ്പോൾ കനേഡിയൻ ചെറുകഥാകൃത്തായ ആലിസ് മൺറോ എന്ന എഴുത്തുകാരിയാണ് ഓർമവരുന്നത്. കഥയുടെ ചെറിയ ക്യാൻവാസിൽ സ്ത്രീകളുടെ വലിയ ജീവിതങ്ങളെ അവതരിപ്പിച്ച മൺറോ പ്രണയം, വിവാഹം, ലൈംഗികത, വഞ്ചന, കുടുംബബന്ധങ്ങൾ, സാമൂഹിക പ്രതീക്ഷകൾ എന്നിവയ്ക്കുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങളെ സൂക്ഷ്മമായി ആവിഷ്കരിച്ചിരുന്നു. അവരുടെ സ്ത്രീകഥാപാത്രങ്ങൾ എല്ലായ്പ്പോഴും നന്മയുടെയും ത്യാഗത്തിന്റെയും മാതൃകകളല്ല. ആഗ്രഹങ്ങളും സ്വാർത്ഥതകളും തെറ്റുകളും രഹസ്യങ്ങളും വൈരുധ്യങ്ങളുമുള്ള മനുഷ്യരാണ്. അതുകൊണ്ടുതന്നെ അവരെ എളുപ്പത്തിൽ കുറ്റക്കാരിയോ ഇരയോ ആയി മുദ്രകുത്താനാവില്ല.
സിതാരയുടെ ‘വേട്ട’, ‘ഇരുൾ’, ‘റാണി’, ‘അവളും ഞാനും’ തുടങ്ങിയ കഥകളിലും സമാനമായൊരു സങ്കീർണത കാണാം. സ്ത്രീകളെ സമൂഹത്തിന്റെ സദാചാരമാപിനികൾകൊണ്ട് മാത്രം അളക്കാതെ, അവരുടെ പ്രവൃത്തികൾക്കു പിന്നിലെ മുറിവുകളും ആഗ്രഹങ്ങളും അധികാരബന്ധങ്ങളും അന്വേഷിക്കുകയാണ് ഈ കഥകൾ. എന്നാൽ ഇരുവരുടെയും രചനാലോകങ്ങൾ ഒരുപോലെയല്ല. മൺറോയുടെ കഥകളിൽ വ്യക്തിജീവിതത്തിന്റെ സൂക്ഷ്മമായ മനഃശാസ്ത്രപരമായ പാളികൾക്കാണ് പലപ്പോഴും ഊന്നൽ. സിതാരയുടെ കഥകളിൽ സ്ത്രീശരീരത്തിനുമേലുള്ള അധികാരവും സാമൂഹിക കാപട്യവും കൂടുതൽ പ്രത്യക്ഷമായ വിമർശനമായി ഉയർന്നുവരുന്നു.
സ്ത്രീയുടെ ജീവിതത്തെ നിർവചിക്കാൻ സമൂഹം ചാർത്തിക്കൊടുക്കുന്ന പല അടയാളങ്ങളെയും ചോദ്യം ചെയ്യുന്നവയാണ് സിതാര എസിന്റെ കഥകൾ. സ്നേഹം, വിവാഹം, ലൈംഗികത, മാതൃത്വം, ശരീരം, സ്വാതന്ത്ര്യം എന്നിവയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന സദാചാരസങ്കൽപ്പങ്ങൾക്കപ്പുറം, സ്വന്തം ആഗ്രഹങ്ങളും മുറിവുകളുമുള്ള മനുഷ്യരായി സ്ത്രീകളെ ഈ കഥകൾ അവതരിപ്പിക്കുന്നു. അധികാരത്തിന്റെ അദൃശ്യമായ കൈകൾ അവരുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളും അതിനെതിരേ അവർ നടത്തുന്ന ചെറുതും വലുതുമായ പ്രതിരോധങ്ങളുമാണ് 'അമ്ലം' എന്ന കഥാസമാഹാരത്തിന്റെ ആന്തരികലോകം. ഇവിടെ സ്ത്രീയുടെ വേദന കേവലം വ്യക്തിപരമായ അനുഭവമല്ല; അവളെ നിരന്തരം നിയന്ത്രിക്കുകയും വിധിക്കുകയും ചെയ്യുന്ന സാമൂഹിക വ്യവസ്ഥയുടെ കൂടി അടയാളമാണ്.
