പരീക്ഷണാത്മകമായ ഒരു ഉപഹാസ നോവലാണ് (parody novel) വി എസ് അജിത്തിന്റെ കുസുമാന്തരലോലൻ. അപൂർവ്വമായി മാത്രം മലയാള സാഹിത്യാങ്കണത്തിൽ പൂത്തു വിടരുന്ന നീലക്കുറിഞ്ഞികളിലൊന്ന്.
കുറിക്കു കൊള്ളുന്ന ഹാസ്യവും, ശാസ്ത്ര-സാങ്കേതികത്വവും, മനഃശാസ്ത്രവും, സാമൂഹിക-രാഷ്ട്രീയ-സാഹിത്യ വലയങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന സംവാദങ്ങളും, കവിതയും തത്വശാസ്ത്രവും സമ്മേളിക്കുന്ന നോവലിൻ്റെ ഇതിവൃത്തത്തിൽ രതിയുടേയും രതികാമനകളുടേയും ഹാസ്യാത്മകമായ ദൃശ്യവർണ്ണനകൾ പ്രബലമായ സാന്നിധ്യങ്ങളായിത്തന്നെ കാണാം.
രചനയിൽ നോവലിസ്റ്റ് അവലംബിച്ചിരിക്കുന്നത് ഒരു ജോയ്സിയൻ ഘടനയാണ് (Joycean Strucrure, James Joyce - Ulysses). അധ്യായങ്ങളോരോന്നും പലവിധ സാഹിത്യരൂപങ്ങളുടെ ആത്മാംശവും സാധ്യതകളും ഉൾക്കൊള്ളുന്നു. കവിത, നോവലിനുള്ളിലെ നോവൽ, സാഹിത്യവിമർശനം, ഐതിഹ്യം, കൽപ്പിതകഥ, വിവരണപത്രിക, രസവാദപാചകക്കുറിപ്പ്, നാടകം, തർക്കം, മോക്കുമെൻ്ററി (mockumentary) എന്നീ വൈവിധ്യമാർന്ന ചേരുവകളെ സമയോചിതമാംവിധം കഥാസന്ദർഭങ്ങളുമായി ചേരുംപടി ചേർത്തിരിക്കുന്നു.
നോവലിൻ്റെ അവതാരികയിൽ എഴുത്തുകാരൻ സൂചിപ്പിച്ചിരിക്കുന്നതു പോലെ തന്നെ - മിഗ്വെൽ ഡി സെർവാന്റെസിൻ്റെ (Miguel de Cervantes) വിശ്വപ്രസിദ്ധ സ്പാനിഷ് ഉപഹാസ കൃതിയായ 'ഡോൺ ക്വിഹോട്ടെ'യിൽ (Don Quixote) നിന്നും പ്രചോദനമുൾക്കൊണ്ട ഒരു 'തനി മല്ലു' രചനയാണ് 'കുസുമാന്തര ലോലൻ'.
