വ്യത്യസ്തമായ ആറു കഥകളുടെ സമാഹാരമാണ് മിനി പിസിയുടെ ‘ഉജ്ജയിനിയിലെ ഗായിക’. ഇതിലെ കഥകൾ പല സമയങ്ങളിലായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളവയാണ്. പേരുകൾ പോലെ തന്നെ വൈവിധ്യവും ആകർഷണീയതയും എല്ലാ കഥകൾക്കുമുണ്ട്. പുസ്തകത്തിൻ്റെ പേരു തന്നെ പഴയൊരു പാട്ടിലെ വരികളെ ഓർമ്മപ്പെടുത്തുന്നതാണല്ലോ !!
വിവിധ ദേശങ്ങളെയും സംസ്കാരങ്ങളെയും പശ്ചാത്തലമായി എഴുതിയിട്ടുള്ള കഥകൾക്ക് അതിൻ്റേതായ മനോഹാരിത കൈവന്നിട്ടുണ്ട്. കഥയും കഥാപശ്ചാത്തലവും വ്യത്യസ്തമാണെങ്കിലും അവയിലെല്ലാം പ്രണയത്തിൻ്റെ ഉൾത്തുടിപ്പുകൾ കാണാൻ കഴിയും. ട്രാൻസ്ജെൻഡർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളുടെ കഥ പറയുന്ന ‘മലർമാതിൻ കാന്തൻ’, നഗരജീവിതത്തിൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനുഷികമൂല്യങ്ങളുടെ കഥകൂടിയാണ്. പ്രണയികളുടെ മനോവ്യാപാരങ്ങളുടെ വൈരുദ്ധ്യമാണ് ‘മാലിനി’ എന്ന കഥയ്ക്കാധാരം. ധനുഷ്കോടിയിലെ വലിയ ചുഴലിക്കാറ്റിൽ പെട്ടുണ്ടായ ട്രെയിൻ അപകടം, അവശേഷിച്ച മനുഷ്യമനസ്സുകളിൽ സൃഷ്ടിച്ച വിങ്ങലുകൾ ‘ദൈവദശക’ത്തിൽ വായിച്ചെടുക്കാം.
ഉജ്ജയിനിയുടെ മനോഹാരിതയിൽ വിടർന്നു പരിലസിക്കുന്ന പ്രണയകഥയാണ് ‘ഉജ്ജയിനിയിലെ ഗായിക’. ഭാവനയും (fantasy) ഭ്രമാത്മകതയും (Hallucination) ഒന്നിച്ചു ചേരുന്ന ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന 'തേറ്റ’യും ഉത്തര കൊറിയയിൽ ജോലി ചെയ്തിരുന്ന കുട്ടിമാമൻ്റെ രസകരമായ അനുഭവങ്ങൾ കോർത്തിണക്കിയ ‘ഒരു ഉത്തര കൊറിയൻ കിമിയ’നും വ്യത്യസ്തത പുലർത്തുന്ന കഥകളാണ്.
