ഷീബ ഇ കെ എന്ന എഴുത്തുകാരിയെ നേരിട്ടോ അല്ലാതെയോ അറിയില്ല. മുൻപൊരിക്കൽ പോലും, ഒരു കുറിപ്പുപോലും വായിച്ചിട്ടുള്ള പരിചയവുമില്ല. എന്നാൽ 'കനലെഴുത്ത്' എന്ന കഥാസമാഹാരം വായിച്ചപ്പോൾ മുൻപ് എവിടെയൊക്കെയോ വായിച്ചിരുന്നുവെന്ന് തോന്നി. എവിടെയാണ്? എപ്പോഴാണ്? എങ്ങനെയാണ്? എന്താവും ഞാൻ വായിച്ചിട്ടുണ്ടാവുക? ഇനി അഥവാ ഞാൻ വായിച്ചവയിൽ മറ്റാരുടെയെങ്കിലും രചനാ ശൈലിയുമായി സാമ്യം ഉള്ളത് കൊണ്ടാവുമോ? അതോ എഴുത്തിന്റെ ലാളിത്യവും മാന്ത്രികതയും കൊണ്ട് തോന്നിപ്പോവുന്നതോ?
"A reader lives a thousand lives before he dies. The man who never reads lives only one."
വായിക്കാത്തവന് ഒരു ജീവിതവും വായിക്കുന്നവന് ആയിരം ജീവിതവും എന്ന് George R R Martin പറഞ്ഞത് എത്ര ശരിയാണെന്ന് ഇതിലെ കഥകൾ വായിച്ചപ്പോൾ ഓർത്തുപോയി. ഇതിലെ മിക്ക കഥകളും ഹൃദയ സ്പർശിയാണ്. എന്റെ ഹൃദയത്തെ മാത്രമല്ല ആത്മാവിനെയും തൊട്ടാണ് കഥകൾ സഞ്ചരിച്ചത്. മനുഷ്യരുടെ പച്ചയായ ജീവിതം ഏറ്റവും നന്നായി, മികച്ച ഭാഷയിൽ അവതരിപ്പിച്ചപ്പോൾ ഓരോ കഥകളും എനിക്ക് ഞാനുമായി തട്ടിക്കാനായി. കനലെഴുത്ത് എന്ന ഈ കൃതി സത്യമായിട്ടും ഒരു കനലെഴുത്താണ്. കനലുകൊണ്ട് കടലാസ് കത്തുകയും ആ കടലാസ് കത്തുമ്പോൾ എന്റെ തല പുകയുകയും ചെയ്യുന്നു. തലയ്ക്കകത്ത് പുകയുമ്പോൾ ഉണ്ടാവുന്ന എല്ലാ അസ്വസ്ഥതയും അനുഭവിച്ചുകൊണ്ടാണ് ഞാൻ ഈ കൃതി വായിച്ചിട്ടുള്ളത്.
