സ്ളോമോ മുത്തയുടെ കൂടെ മട്ടാഞ്ചേരിക്ക് പോയത് ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ്. മട്ടാഞ്ചേരിയിലെത്തേണ്ട താമസം ആദ്യം തന്നെ പോയത് സിനഗോഗിലേക്കാണ്.
ചവിട്ടുപടിയുടെ മൂലയിൽ ഒരു കറുത്ത ജൂതനെ കണ്ടു. അണ്ണാ എന്ന് വിളിച്ച് അടുത്ത് ചെന്നപ്പോൾ അകന്നുമാറിക്കിടന്ന മുണ്ടിന്റെ രണ്ടറ്റങ്ങളെക്കൊണ്ട് അയാൾ എന്തോ മറച്ചു പിടിക്കാൻ ശ്രമിച്ചു. മൂടിയ മുണ്ടിന് പുറകിൽ വീർത്തു തടിച്ച എന്തോ ഒന്ന് ഉരുണ്ട് താഴെ വീണു, പിന്നെ അത് ഞാന്നു കീഴ്പോട്ട് തലകുമ്പിട്ട് കിടന്നു. ജാള്യതയോടെ ഞങ്ങളെ നോക്കിയ ശേഷം കാല് പിണച്ചു വച്ചിരുന്ന് ആകാശത്തേക്ക് നോക്കി അയാൾ ദയാപൂർവ്വം എന്തോ യാചിച്ചു.
മുത്തയുടെ കൂടെയുള്ള യാത്രയിൽ കാലങ്ങൾ പുറകോട്ടു നടന്നു. രാത്രികളും, പകലുകളും ഇന്നലെകളായി. ഞാനും മുത്തയും ജൂതരുടെ ലോകത്തേക്കിറങ്ങി. സ്നേഹത്തിൽ പൊതിഞ്ഞെടുത്ത വിധേയത്വത്തിന് എന്ത് രുചിയായിരിക്കും എന്ന നാളുകളായുള്ള എന്റെ അന്വേഷണങ്ങൾക്കുള്ള മറുപടിയായിരുന്നു ലാസർ.
